court file പ്രതീകാത്മക ചിത്രം
Kerala

ചേലാകര്‍മ്മത്തിലെ ചികിത്സാപ്പിഴവ്: 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

23 ദിവസം പ്രായമായ കുഞ്ഞിന്റെ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച; പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ കർശന നടപടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

മലപ്പുറം: 23 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ ചേലാകര്‍മ്മത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. കെ. മോഹന്‍ദാസ് പ്രസിഡന്റും, പ്രീതി ശിവരാമന്‍, മുഹമ്മദ് ഇസ്മായില്‍ സി.വി. എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റേതാണ് വിധി. ആശുപത്രിയുടെ ശുചിത്വമില്ലായ്മയും ഉപകരണങ്ങളുടെ അശാസ്ത്രീയമായ ഉപയോഗവും കാരണം കുട്ടിക്ക് ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതം മുന്‍നിര്‍ത്തിയാണ് കമ്മീഷൻ ഈ കര്‍ശന നടപടി സ്വീകരിച്ചത്.

തീവ്രപരിചരണ വിഭാഗത്തിൽ രണ്ടാഴ്ച; ഡോക്ടറുടെ പരിചയക്കുറവെന്ന് കണ്ടെത്തൽ

2018 ഏപ്രിലിലാണ് കേസിനാസ്പദമായ ദാരുണ സംഭവം നടന്നത്. പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നടത്തിയ ചേലാകര്‍മ്മത്തിന് ശേഷം കുഞ്ഞിന് കടുത്ത അണുബാധയേറ്റ് പഴുപ്പ് ബാധിക്കുകയായിരുന്നു.

നില വഷളായതിനെ തുടർന്ന് കുഞ്ഞിനെ തൃശൂര്‍ അമലാ ആശുപത്രിയിലും തുടര്‍ന്ന് ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ രണ്ടാഴ്ചയോളം കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു. ഭാവിയില്‍ കുട്ടിയുടെ ആരോഗ്യ വീണ്ടെടുപ്പിനായി കൂടുതൽ ശസ്ത്രക്രിയകള്‍ ആവശ്യമാണെന്ന് നിര്‍ദ്ദേശിച്ചാണ് ആശുപത്രി അധികൃതർ അന്ന് കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തത്.

സംഭവത്തെക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും ആരോഗ്യ വിജിലന്‍സും സംയുക്തമായി അന്വേഷണം നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്നും, ഡോക്ടറുടെ ഗുരുതരമായ പരിചയക്കുറവാണ് കുഞ്ഞിന് അണുബാധയുണ്ടാകാൻ കാരണമായതെന്നും അന്വേഷണത്തിൽ വ്യക്തമായി കണ്ടെത്തി. മുൻപ് ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുകയും താല്കാലികാശ്വാസമായി രണ്ട് ലക്ഷം രൂപ കുഞ്ഞിന്റെ കുടുംബത്തിന് നൽകാൻ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

50 ലക്ഷം രൂപ നഷ്ടപരിഹാരം; വീഴ്ച വരുത്തിയാൽ 9 ശതമാനം പലിശ

കുട്ടി അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ദുരന്തത്തിന് നഷ്ടപരിഹാരമായി 25 ലക്ഷം രൂപയും, ഭാവിയിൽ കുട്ടിക്ക് ആവശ്യമായി വരുന്ന ശസ്ത്രക്രിയകള്‍ക്കും ചികിത്സാ ചെലവുകള്‍ക്കുമായി 25 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 50 ലക്ഷം രൂപയാണ് എതിർകക്ഷികൾ നൽകേണ്ടത്. ഇതിന് പുറമെ കോടതി ചെലവിലേക്ക് 25,000 രൂപയും പരാതിക്കാർക്ക് നൽകണം.

ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനകം ഈ തുക പൂർണ്ണമായും പരാതിക്കാര്‍ക്ക് കൈമാറേണ്ടതുണ്ട്. നിശ്ചിത സമയത്തിനകം തുക നൽകാൻ വീഴ്ച വരുത്തിയാൽ, കേസ് ഫയൽ ചെയ്ത തീയതി മുതല്‍ ഒന്‍പതു ശതമാനം (9%) പലിശ സഹിതം തുക ഈടാക്കുമെന്നും കമ്മീഷന്‍ തങ്ങളുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

The Malappuram District Consumer Disputes Redressal Commission has ordered a private hospital and a doctor in Perumpadappa to pay Rs 50 lakh in compensation for gross medical negligence during the circumcision of a 23-day-old infant.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ അക്രമിച്ച കേസ്: 'എട്ടരവര്‍ഷം ജയിലില്‍ കിടന്നു, ജാമ്യം അനവദിക്കണമെന്ന് പള്‍സര്‍ സുനി; പുറത്തിറങ്ങിയാല്‍ ദൃശ്യം പുറത്തുവന്നേക്കുമെന്ന് സര്‍ക്കാര്‍'

വൃക്ക പണി മുടക്കാറായോ? ശരീരം നൽകുന്ന 5 ലക്ഷണങ്ങൾ

'അന്തസ്സ് വേണമടൊ, അന്തസ്സ്', എംഎല്‍എ ബോര്‍ഡ് മാ്റ്റാത്ത മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ്

ഗൾഫ് രാജ്യങ്ങളിലെ സ്വകാര്യ നിയമനങ്ങളിൽ വൻ ഇടിവ്; പിടിച്ചു നിന്നത് ടെക് മേഖല മാത്രം, റിപ്പോർട്ട്

'അന്തസ് വേണമെടോ അന്തസ്'; മുകേഷിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്