തിരൂര്‍: മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ ഗവേഷകയുമായ വിദ്യാര്‍ഥിനിയാണ് വകുപ്പ് ഡയറക്ടറായിരുന്ന ഡോ. അരുണ്‍ ബാബുവിനെതിരെ ആരോപണമുന്നയിച്ചത്. സര്‍വകലാശാലയിലെ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് വിദ്യാര്‍ഥിനിയുടെ ആരോപണം.
2024ല്‍ ഗവേഷണ പ്രവേശനം ലഭിച്ചതിന് പിന്നാലെ വകുപ്പ് ഡയറക്ടറായിരുന്ന ഡോ. അരുണ്‍ ബാബു പരസ്യമായി ജാതി അധിക്ഷേപം നടത്തിയെന്നാണ് വിദ്യാര്‍ഥിനി പറയുന്നത്. ഗവേഷണവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പകരം ലാബ് വൃത്തിയാക്കല്‍, പൊടി തുടയ്ക്കല്‍, ഉപകരണങ്ങളും സാമഗ്രികളും ക്രമീകരിക്കല്‍ തുടങ്ങിയ ജോലികളാണ് ചെയ്യിപ്പിച്ചതെന്നും അവര്‍ ആരോപിച്ചു.
'ഗവേഷണത്തിന് ആവശ്യമായ സഹായമൊന്നും ലഭിച്ചില്ല. രണ്ട് വര്‍ഷത്തിനിടെ നിരവധി തവണ പരാതി നല്‍കിയെങ്കിലും ആരും കേട്ടില്ല. പല ദിവസങ്ങളിലും മഴയില്‍ പുറത്തുനില്‍ക്കേണ്ടി വന്നു. ഇവിടെ പിഎച്ച്.ഡി പൂര്‍ത്തിയാക്കണമെങ്കില്‍ പറയുന്നതെല്ലാം അനുസരിക്കണമെന്ന് പറഞ്ഞു. എനിക്ക് ഫെല്ലോഷിപ്പ് ലഭിച്ചത് കഴിവിന്റെ അടിസ്ഥാനത്തിലല്ല, ജാതിയുടെ പേരിലാണെന്നും അധിക്ഷേപിച്ചു,' വിദ്യാര്‍ഥിനി പറഞ്ഞു.
ഗവേഷണ രൂപരേഖ സമര്‍പ്പിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി രണ്ട് വര്‍ഷമായി ഡോക്ടറല്‍ കമ്മിറ്റി വിളിച്ചുചേര്‍ത്തില്ലെന്നും, ഇരിക്കാന്‍ കസേര പോലും നല്‍കാതെ അപമാനിച്ചെന്നും മറ്റൊരു അധ്യാപകനും സമാനമായ രീതിയില്‍ പെരുമാറിയെന്നും വിദ്യാര്‍ഥിനി ആരോപിച്ചു.
തുടര്‍ച്ചയായ മാനസിക പീഡനം മൂലം വിഷാദരോഗത്തിന് ചികിത്സ തേടേണ്ടിവന്നെന്നും രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും വിദ്യാര്‍ഥിനി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, ഗവേഷണ ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ ഫലപ്രദമായ നടപടിയുണ്ടായില്ലെന്നും അവര്‍ ആരോപിച്ചു.
അതേസമയം, വിദ്യാര്‍ഥിനിയുടെ ജാതി വിവേചന പരാതിയില്‍ സര്‍വകലാശാലയുടെ എസ്.സി/എസ്.ടി സെല്‍ അന്വേഷണം നടത്തി തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്ന് രജിസ്ട്രാര്‍ ഡോ. കെഎം ഭരതന്‍ അറിയിച്ചു.
വിദ്യാര്‍ഥിനിയുടെ ഗവേഷണ വിഷയത്തില്‍ സര്‍വകലാശാലയില്‍ ആവശ്യമായ വൈദഗ്ധ്യമുള്ള അധ്യാപകരില്ലാത്തതിനാല്‍ കോ-ഗൈഡിനെ കണ്ടെത്താനും മികച്ച ലബോറട്ടറിയുടെ സൗകര്യം ഉപയോഗപ്പെടുത്താനും നിര്‍ദേശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലാ ചട്ടങ്ങള്‍ അനുസരിച്ച് സ്വീകരിക്കാവുന്ന എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഹോസ്റ്റലില്‍ നടന്നതായി പറയുന്ന സംഭവത്തില്‍ പ്രത്യേക ഹിയറിങ് നടത്തി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates