റായ്പൂര്‍: കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വവും നല്‍കിയ ഉറപ്പുകള്‍ക്കു വിരുദ്ധമായി, ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തു. സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണനയ്ക്കു വന്നപ്പോഴാണ് ബിലാസ്പൂര്‍ എന്‍ഐഎ കോടതിയില്‍ പ്രോസിക്യൂഷന്‍ നിലപാടെടുത്തത്. ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.
കേസ് അന്വേഷണ ഘട്ടത്തിലാണെന്നാണ്, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. വാദത്തിനിടെ കേസ് ഡയറി കോടതി വിളിച്ചുവരുത്തിയിരുന്നു.
ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍നിന്നുള്ള എംപിമാരുടെ സംഘത്തിന് ഉറപ്പു നല്‍കിയിരുന്നു. പ്രധാനമന്ത്രിയും അമിത് ഷായും ഇക്കാര്യം ഉറപ്പു നല്‍കിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ഇരുവരുടെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ചാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന യുവതികളെയും പൊലീസ് പിടികൂടിയിരുന്നു. ഇതിനിടെ കന്യാസ്ത്രീകളെയും യുവതികളെയും ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ സമാന്തരമായി ചോദ്യം ചെയ്‌തെന്ന ആരോപണവും ഉയര്‍ന്നു. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെണ്‍കുട്ടികള്‍ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹവും വ്യക്തമാക്കിയിരുന്നു.
കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത പശ്ചാത്തലത്തില്‍ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. അറസ്റ്റില്‍ വേദനയും അമര്‍ഷവും ഉണ്ടെന്നും, എത്രയും വേഗം കന്യാസ്ത്രീകളുടെ മോചനം സാധ്യമാക്കണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനയ്ക്കും മതസ്വാതന്ത്ര്യത്തിനും എതിരാണെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ക്രൈസ്തവര്‍ക്കെതിരെ വിവേചനം ഉണ്ട്. കന്യാസ്ത്രീകളെ എത്രയും വേഗം ജയില്‍മോചിതരാക്കണം. ന്യൂനപക്ഷങ്ങള്‍ക്ക് നീതിയും സുരക്ഷിതത്വവും ലഭിക്കണം. രാജീവ് ചന്ദ്രശേഖറിന്റെ സന്ദര്‍ശനത്തില്‍ സന്തോഷമുണ്ട്. സഭയ്ക്ക് രാഷ്ട്രീയമില്ല. കന്യാസ്ത്രീകളോടൊപ്പമുള്ള കുട്ടികള്‍ പ്രായപൂര്‍ത്തിയായവരാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടല്‍ നടക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചു. ജാമ്യം കിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ആഭ്യന്തരമന്ത്രി അമിത്ഷായും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ലെന്ന് ഇരുവരും അറിയിച്ചു. ഇതില്‍ രാഷ്ട്രീയം കാണരുത്. ജനങ്ങളെ സഹായിക്കാന്‍ രാഷ്ട്രീയമോ മതമോ ബിജെപി നോക്കില്ല. അറസ്റ്റ് ഒരു തെറ്റിദ്ധാരണയെ തുടര്‍ന്നായിരുന്നു.
ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനത്തിനെതിരെ നേരത്തെ നിയമം ഉണ്ട്. നിയമം പാലിക്കണമെന്നാണ് അവിടെയുള്ള സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പെണ്‍കുട്ടികള്‍ ജോലിയുടെ ഭാഗമായി മറ്റൊരു ജില്ലയില്‍ പോകണമെങ്കില്‍ പോലും പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. അത് നടന്നില്ല. ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. വേഗത്തില്‍ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആരും രാഷ്ട്രീയ നാടകം കളിക്കരുതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates