Renjitha express photo
Kerala

'ഇനി നാട്ടിലെ ജോലി മതി, പുതിയ വീട്ടിലേക്ക് മാറണം'; തീരാനോവായി ര‌ഞ്ജിത

കേരളത്തിലെ സര്‍ക്കാര്‍ ജോലിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നാട്ടിലെത്തിയത്

ജെയ്സൺ വില്‍സണ്‍

പത്തനംതിട്ട: കേരളത്തിലെ സര്‍ക്കാര്‍ ജോലിയിലേക്ക് മടങ്ങുന്നതിന്റെ ആഹ്ലാദം മായുംമുമ്പേയാണ്, പത്തനംതിട്ട പുല്ലാട്ടെ രഞ്ജിതയുടെ വീട്ടിലേക്ക് ആ ദുരന്ത വാര്‍ത്തയെത്തിയത്. അഹമ്മദാബാദ് വിമാനാപകടത്തില്‍ നഴ്‌സായ രഞ്ജിത ഗോപകുമാരന്‍ നായര്‍ ( 39 ) ( Renjitha ) കൊല്ലപ്പെട്ടതായി വൈകീട്ട് 4.30 ഓടെ പത്തനംതിട്ട ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. ഇതിനോടകം വാര്‍ത്തയറിഞ്ഞ് രഞ്ജിതയുടെ പുല്ലാട് വടക്കേകവലയിലെ തറവാട്ടുവീട്ടിലേക്ക് നിരവധി പേരാണ് എത്തിക്കൊണ്ടിരുന്നത്.

കഴിഞ്ഞ എട്ട് മാസമായി ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്ന രഞ്ജിത, കേരളത്തിലെ സര്‍ക്കാര്‍ ജോലിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നാട്ടിലെത്തിയത്. ജൂലൈ മാസത്തോടെ പുതിയ ജോലിയില്‍ പ്രവേശിക്കാനും പുല്ലാടിലുള്ള തന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാറായ വീട്ടിലേക്ക് താമസം മാറാനുമായിരുന്നു രഞ്ജിത പദ്ധതിയിട്ടിരുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജോലി സ്ഥലമായ ലണ്ടനിലേക്ക് തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. ലണ്ടനിലെത്തി അവിടത്തെ ജോലിസ്ഥലത്തു നിന്നുള്ള വിടുതല്‍ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു ഉദ്ദേശമെന്ന് രഞ്ജിതയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ അനീഷ് വരിക്കണ്ണാമല ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

അപകടവാർത്തയറിഞ്ഞ് രഞ്ജിതയുടെ വീട്ടിലെത്തുന്നവർ

വൃദ്ധയായ അമ്മ തുളസി, ചെറിയ കുട്ടികളായ ഇന്ദുചൂഡന്‍, ഇതിക എന്നീ മക്കളാണ് വീട്ടില്‍ രഞ്ജിതയ്ക്കുള്ളത്. നഴ്‌സായ രഞ്ജിത കുറേക്കാലം ഒമാനിലെ സലാലയില്‍ നഴ്‌സായിരുന്നു. എട്ടുമാസം മുമ്പേയാണ് ഇവര്‍ ലണ്ടനിലേക്ക് പോയത്. കുടുംബത്തിന്റെ സാമ്പത്തികാഭിവൃദ്ധിയും, സ്വന്തമായി വീട് നിര്‍മ്മിക്കുകയെന്ന മോഹവുമാണ് രഞ്ജിതയെ ജോലിക്കായി വിദേശത്തേക്ക് പോകാന്‍ പ്രേരിപ്പിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് ലണ്ടനിലേക്ക് പോകാനായി രഞ്ജിത വീട്ടില്‍ നിന്നും തിരിച്ചത്.

തിരുവല്ലയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്ക് ട്രെയിനില്‍ പോയ രഞ്ജിത, അവിടെ നിന്നും ചെന്നൈയിലും തുടര്‍ന്ന് അഹമ്മദാബാദിലുമെത്തി. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പോയ എയര്‍ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനമാണ് അഹമ്മദാബാദില്‍ അപകടത്തില്‍ തകര്‍ന്നത്. പുല്ലാടില്‍ കുടുംബവീടിനോട് ചേര്‍ന്നുള്ള പുതിയ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ജൂലൈ മാസത്തോടെ, അമ്മയ്ക്കും കുട്ടികള്‍ക്കും ഒപ്പം താമസിക്കാനായിരുന്നു രഞ്ജിത പദ്ധതിയിട്ടിരുന്നതെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു.

ഗോപകുമാരന്‍ നായര്‍- തുളസി ദമ്പതികളുടെ ഇളയമകളാണ് രഞ്ജിത. പന്തളത്ത് നഴ്‌സിങ്ങില്‍ ബിരുദം നേടിയ ശേഷം രഞ്ജിത ഗുജറാത്തിലെ ആശുപത്രിയിലാണ് നഴ്‌സിങ് ജോലി ആരംഭിക്കുന്നത്. അവിടെ നിന്നും ഒമാനിലേക്ക് പോയി. ഒമാനില്‍ നിന്നാണ് ബ്രിട്ടനിലേക്ക് ജോലി മാറുന്നത്. അഞ്ച് വര്‍ഷം മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സര്‍ക്കാര്‍ ജോലി നേടിയ രഞ്ജിത, ദീര്‍ഘകാല അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. രഞ്ജിതയ്ക്ക് രണ്ട് കുട്ടികളാണുള്ളത്. മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്, മകള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. രഞ്ജിതയുടെ രണ്ട് മൂത്ത സഹോദരന്മാരും വിദേശത്ത് ജോലി ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT