മലയാളികളുടെ കുടിയേറ്റത്തിന് ദീർഘകാലത്തെ ചരിത്രമുണ്ട്. ഐക്യകേരളത്തിന് മുന്നേ തുടങ്ങുന്നതാണ് മലയാളി കുടിയേറ്റങ്ങളുടെ കഥ. ആഭ്യന്തരവും അന്താരാഷ്ട്രവുമായ കുടിയേറ്റങ്ങളിൽ മലയാളി പ്രവാസം പല കാരണങ്ങളാൽ ലോകശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ വന്നിട്ടുള്ള പുതിയ പഠനമനുസരിച്ച് മലയാളി ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് വിദേശ കുടിയേറ്റമാണ്. വിദേശരാജ്യങ്ങളിലേക്ക് പോകുന്നവരുടെ കണക്കിലെ അനുപാതത്തിൽ ഇന്ത്യയിലെ മറ്റ് പ്രധാന ഭാഷ സമൂഹങ്ങളേക്കാൾ മലയാളിയാണ് മുന്നിൽ നിൽക്കുന്നത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദിലെ ചിന്മയി തുംബെയുടെ പഠനമനുസരിച്ച്, കേരളത്തിൽ നിന്നുള്ള പ്രവാസി മലയാളികളുടെ എണ്ണം 4.6 ദശലക്ഷത്തിലധികമാണ്. അതായത് ഇന്ത്യയ്ക്ക് പുറത്ത് മൂന്ന് ദശലക്ഷവും ഇന്ത്യയ്ക്കകത്ത് 1.6 ദശലക്ഷത്തിലധികവും. മലയാളിയുടെ തലവര മാറ്റിയെഴുതിയ ഗൾഫ് പ്രവാസത്തെ കുറിച്ചും അതിനും മുമ്പും അതിനു ശേഷവുമുള്ള പ്രവാസത്തെ കുറിച്ചും തുംബെയുടെ പഠനം വിശകലനം ചെയ്യുന്നു.
തുംബെയുടെ പഠനം ഭാഷാപരമായി ഇന്ത്യയിലെ പ്രവാസികളെ അടയാളപ്പെടുത്തുന്നു. 2010 ലെ കണക്ക് പ്രകാരം അന്താരാഷ്ട്രപ്രവാസത്തിനേക്കാൾ ഏകദേശം മൂന്നിരട്ടി കൂടുതലാണ് ഇന്ത്യയിലെ ആഭ്യന്തര പ്രവാസം. 2010-ൽ 60 ദശലക്ഷത്തിലധികം 'ആഭ്യന്തര' പ്രവാസികളുണ്ടായിരുന്നതായി കണക്കാക്കുന്നു. ഇതേകാലയളവിൽ ഇന്ത്യയുടെ 'അന്താരാഷ്ട്ര' പ്രവാസികളുടെ എണ്ണം 21.7 ദശലക്ഷമായിരുന്നു.
മലയാളവും തമിഴും ഒഴികെയുള്ള എല്ലാ പ്രധാന ഭാഷാ സമൂഹങ്ങളിലും ആഭ്യന്തര പ്രവാസികളാണ് അന്താരാഷ്ട്ര പ്രവാസികളേക്കാൾ കൂടുതൽ. മാത്രമല്ല ആഭ്യന്തര പ്രവാസികളുടെ മൂന്നിലൊന്ന് ഇന്ത്യയിലെ 10 വലിയ നഗരങ്ങളിലായാണുള്ളത്.
കഴിഞ്ഞ നൂറ്റാണ്ടിലെ കേരളത്തിന്റെ കുടിയേറ്റ രീതികളെക്കുറിച്ചുള്ള വിശദമായ വിശകലനം തുംബെ നടത്തുന്നുണ്ട്. 20-ാം നൂറ്റാണ്ടിൽ, പ്രത്യേകിച്ച് വടക്കേന്ത്യയിലേക്കുള്ള മലയാളികളുടെ ആഭ്യന്തര കുടിയേറ്റം ഗണ്യമായിട്ടുണ്ടായിരുന്നു. എന്നാൽ, 1970-കൾ മുതൽ ഗൾഫിലെ എണ്ണ മേഖലയിൽ ഉണ്ടായ മാറ്റങ്ങളോടെ അത് നാടകീയമായി മാറിയെന്നും തുംബെ എഴുതുന്നു.
ഇത് യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, സൗദി അറേബ്യ എന്നിവയുൾപ്പെടെയുള്ള ഗൾഫ് മേഖലയിലേക്ക് മലയാളിയുടെ കുടിയേറ്റ സ്വഭാവത്തെ തിരിച്ചുവിട്ടു. യുഎസ്എയിലും ഇറ്റലിയിലും മറ്റ് പല രാജ്യങ്ങളിലും മലയാളം സംസാരിക്കുന്ന പ്രവാസിയുണ്ട്, ശ്രീലങ്കയിലും മലയാളിയായ പഴയ പ്രവാസിയെ കാണാൻ കഴിയുമെന്ന് തുംബെ പറയുന്നു.
ആഭ്യന്തര പ്രവാസികളിൽ, നഗരങ്ങൾക്കിടയിൽ, 2001 വരെ മുംബൈ ആയിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്, ബെംഗളൂരു, ചെന്നൈ, ഡൽഹി എന്നിവയും പ്രവാസത്തില്‍ മുന്നിലാണെന്ന് പഠനം പറയുന്നു.
പുറത്തേക്കുള്ള കുടിയേറ്റവും ഇപ്പോൾ ആഭ്യന്തര കുടിയേറ്റവും വന്‍ തോതില്‍ ഉള്ള സംസ്ഥാനമാണ് കേരളം എന്ന് തുംബെ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. കേരളത്തിൽ നിന്ന് ജോലിക്കായി കുടിയേറ്റം നടത്തുന്നവരിൽ പുരുഷന്മാർ ഇപ്പോഴും ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, വടക്കേയിന്ത്യൻ സംസ്ഥാനങ്ങളേക്കാൾ ലിംഗസമത്വം കേരളത്തിൽ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സെൻസസ് നിർവചിച്ചിരിക്കുന്നതുപോലെ നിരവധി ഉപഭാഷകൾ ഉൾക്കൊള്ളുന്ന, ഹിന്ദി സംസാരിക്കുന്ന പ്രവാസികളാണ് ഏറ്റവും കൂടുതൽ, 2010 ൽ ആഭ്യന്തര, അന്താരാഷ്ട്ര കുടിയേറ്റക്കാരിൽ ഏകദേശം 40 ദശലക്ഷമായിരുന്നു ഇത്. ആറ് ദശലക്ഷത്തിലധികം വരുന്ന അന്താരാഷ്ട്ര പ്രവാസികളിൽ ഇന്ത്യയിലുള്ള ലാറ്റിൻ അമേരിക്കയിലെയും ആഫ്രിക്കയിലെയും സമൂഹങ്ങളിൽപ്പെട്ടവരും ഉൾപ്പെടുന്നു, ബിഹാറിലെയും ഉത്തർപ്രദേശിലെയും ഭോജ്പുരി സംസാരിക്കുന്ന മേഖലകളിൽ നിന്ന് നേപ്പാളിലേക്കുള്ള കുടിയേറ്റവും തുടർന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും ഉൾപ്പെടുന്നു.
ഇന്ത്യൻ തമിഴ് പ്രവാസികളിൽ എട്ട് ദശലക്ഷത്തിലധികം ആളുകൾ ഉൾപ്പെടുന്നു, അതിൽ നാല് ദശലക്ഷത്തിലധികം പേർ ഇന്ത്യയ്ക്ക് പുറത്തും ഏകദേശം നാല് ദശലക്ഷത്തിലധികം പേർ രാജ്യത്തിനകത്തുമാണ്. ഹിന്ദി കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഭാഷാ പ്രവാസി സമൂഹമാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates