കൽപ്പറ്റ: മാനന്തവാടി കണോത്തുമലയിൽ ജീപ്പ് മറിഞ്ഞ് ഒൻപത് തേയില തോട്ടം തൊഴിലാളികളായ സ്ത്രീകൾ മരിച്ച അപകടത്തിൽ ഇന്ന് പോസ്റ്റുമോർട്ടം. രാവിലെ എട്ട് മണിയോടെ പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങും. ഉച്ചയോടെ മൃതദേഹങ്ങൾ മക്കിമല സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരവും ഇന്ന് നടക്കും.
തലപ്പുഴയിൽ ഇന്ന് കടകൾ തുറക്കില്ല. മാന്തവാടി താലൂക്കിൽ ഇന്ന് നടത്താനിരുന്ന ഓണാഘോഷ പരിപാടികളും മാറ്റിവച്ചു.
അതിനിടെ അപകടത്തിൽ മരിച്ച ഒൻപത് പേരെയും തിരിച്ചറിഞ്ഞു. ശോഭന, കാർത്യായനി, ഷീജ, ചിന്നമ്മ, റാബിയ, ലീല, റാണി, ശാന്ത, ചിത്ര എന്നിവരാണ് മരിച്ചത്. അഞ്ച് പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മണികണ്ഠൻ, ജയന്തി, ഉമാദേവി, ലത, മോഹന സുന്ദരി എന്നിവരാണ് ചികിത്സയിലുള്ളത്.
മരിച്ചവരിൽ അമ്മയും മകളുമുണ്ട്. മക്കിമല ആറാം നമ്പർ പാടിയിലെ ശാന്തയും മകൾ ചിത്രയുമാണ് മരിച്ചത്. ഇരുവരുമടക്കം ഒൻപത് പേരും മക്കിമല ആറാം നമ്പർ മേഖലയിലുള്ളവരാണ്.
ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. 14 പേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. പണി കഴിഞ്ഞ് തിരിച്ച് പോകുമ്പോളാണ് അപകടം. കമ്പമല ശ്രീലങ്കൻ അഭയാർഥി ക്യാംപിൽ താമസിക്കുന്നവരുൾപ്പെടെയാണ് അപകടത്തിൽപ്പെട്ടത്.
കണ്ണോത്ത് മല ഭാഗത്തു നിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങി വരുന്ന വഴി കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിന് സമീപത്ത് താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം പൂർണമായി തകർന്ന നിലയിലാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates