കെഎംസിസി, ബാലകൃഷ്ണൻ 
Kerala

എട്ടുകോടിയുടെ കവര്‍ച്ച പുറംലോകമറിഞ്ഞത് ഒരു വര്‍ഷത്തിനുശേഷം; ഖത്തര്‍ കെഎംസിസി കേസില്‍ ദുരൂഹതകള്‍ ഏറെ

കവര്‍ച്ച നടന്ന സമയത്ത് പൊലീസില്‍ പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്നത് അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്

Author : ലക്ഷ്മി ആതിര
Edited By : Jayakumar

കോഴിക്കോട്: ഖത്തറിലെ കെഎംസിസി ഓഫീസിലെ ലോക്കറുകള്‍ തകര്‍ത്ത് 31 ലക്ഷം റിയാല്‍ ( എട്ടുകോടിയിലധികം ഇന്ത്യന്‍ രൂപ) കവര്‍ന്നത് 2025 സെപ്റ്റംബര്‍ 18ന് പുലര്‍ച്ചെയാണ്. എന്നാല്‍, ഇത്രയും വലിയൊരു കവര്‍ച്ച നടന്ന വിവരം പൊലീസിന്റെ മുന്നിലെത്തിയത് ഒരു വര്‍ഷത്തോളം വൈകി, 2026 സെപ്റ്റംബറില്‍ മാത്രവും. കവര്‍ച്ചയ്ക്ക് പിന്നിലെ ആസൂത്രണം മുതല്‍ പണം വീതംവെച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും വിവരങ്ങള്‍ പുറത്തുവന്നതിലെ കാലതാമസവും വരെ ഒട്ടേറെ ദുരൂഹതകള്‍ അവശേഷിക്കുന്ന കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്.

ഖത്തര്‍ കെഎംസിസി ഓഫീസില്‍ സൂക്ഷിച്ചിരുന്ന വന്‍തുക കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ ബിജെപി പ്രാദേശിക നേതാവ് പരപ്പില്‍ ബാലകൃഷ്ണന്റെ മൊഴിയും പ്രതികള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും കേസിന് പുതിയ വഴിത്തിരിവുകള്‍ നല്‍കുകയാണ്. സൗജന്യ വിസയും ഉയര്‍ന്ന ശമ്പളവും വാഗ്ദാനം ചെയ്ത് ഖത്തറിലെത്തിച്ച തന്നെ ഭീഷണിപ്പെടുത്തി കവര്‍ച്ചയില്‍ പങ്കാളിയാക്കിയെന്നാണ് ബാലകൃഷ്ണന്റെ ആരോപണം. എന്നാല്‍, കവര്‍ച്ച നടന്നതായി പറയുന്ന 2025 സെപ്റ്റംബറിനും പൊലീസില്‍ പരാതി ലഭിച്ച 2026 സെപ്റ്റംബറിനുമിടയിലെ ഒരു വര്‍ഷത്തോളം നീണ്ട കാലയളവാണ് പ്രധാന ചോദ്യങ്ങളിലൊന്ന്.

2025 സെപ്റ്റംബര്‍ 18ന് പുലര്‍ച്ചെ നാലുമണിയോടെ ഗ്യാസ് സിലിന്‍ഡറും ഓക്‌സിജന്‍ സിലിന്‍ഡറുമായി ഒരു വാഹനത്തില്‍ കെട്ടിടത്തിലേക്ക് കൊണ്ടുപോയപ്പോഴാണ് അത് കെഎംസിസി ഓഫീസാണെന്ന് മനസ്സിലായതെന്നാണ് ബാലകൃഷ്ണന്റെ മൊഴി. ഇത് അറബിയുടെ വീടല്ലേയെന്ന് ചോദിച്ചപ്പോള്‍, ''പറയുന്ന പണി ചെയ്താല്‍ മതി''യെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇയാള്‍ പറയുന്നു. തുടര്‍ന്ന് ഗ്യാസ് കട്ടറും കമ്പിപ്പാരയും ഉപയോഗിച്ച് ലോക്കറുകള്‍ തകര്‍ക്കാന്‍ നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി ജോലി ചെയ്യിപ്പിച്ചെന്നും കട്ടിങ് ജോലിക്കിടെ വെല്‍ഡിങ് ബ്ലേഡ് പൊട്ടിത്തെറിച്ച് കണ്ണിനും ശരീരത്തിനും പരിക്കേറ്റെന്നും ബാലകൃഷ്ണന്‍ മൊഴി നല്‍കിയതായാണ് വിവരം.

ഒരാഴ്ചയോളം ഭക്ഷണം ലഭിക്കാതെ കഴിഞ്ഞതായും ലോക്കറുകള്‍ തകര്‍ത്തശേഷം പണം ബാഗുകളിലാക്കി മറ്റുള്ളവര്‍ കൊണ്ടുപോയതായും ഇയാള്‍ ആരോപിക്കുന്നു. പിന്നീട് തന്റെ പാസ്പോര്‍ട്ടും 50,000 രൂപ മൂല്യമുള്ള ഖത്തര്‍ റിയാലും കൈമാറിയശേഷം നാട്ടിലേക്ക് തിരിച്ചയച്ചെന്നാണ് മൊഴി. സൗജന്യ വിസയും ഉയര്‍ന്ന ശമ്പളവും വാഗ്ദാനം ചെയ്ത് ഖത്തറിലെത്തിച്ചശേഷം ഒരു വില്ലയിലും ലോഡ്ജിലുമായി താമസിപ്പിക്കുകയും പുറത്തിറങ്ങാന്‍ അനുവദിക്കാതിരിക്കുകയും ചെയ്‌തെന്നാണ് ബാലകൃഷ്ണന്റെ ആരോപണം.

എന്നാല്‍, കവര്‍ച്ച നടന്ന സമയത്ത് പൊലീസില്‍ പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്നത് അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. ഒരു വര്‍ഷത്തോളം കവര്‍ച്ചാവിവരം പുറത്തുവരാതിരുന്നതിന് പിന്നില്‍ എന്തെങ്കിലും സമ്മര്‍ദമോ ഒത്തുതീര്‍പ്പ് ശ്രമമോ ഉണ്ടായിരുന്നോയെന്നും വ്യക്തമാകേണ്ടതുണ്ട്. ബാലകൃഷ്ണന്റെ മൊഴിയിലെ ആരോപണങ്ങള്‍ അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്.

പണം വീതംവെച്ചതിനെച്ചൊല്ലി തര്‍ക്കം?

കേസിലെ മറ്റൊരു പ്രധാന ദുരൂഹത കവര്‍ച്ചയ്ക്കുശേഷം പ്രതികള്‍ക്കിടയിലുണ്ടായതായി കരുതുന്ന തര്‍ക്കമാണ്. കവര്‍ച്ച ചെയ്ത പണം വീതംവെച്ചതിനെച്ചൊല്ലി സംഘാംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായെന്ന സൂചന നല്‍കുന്ന ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വലിയ തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുറ്റകൃത്യത്തില്‍ പങ്കാളിയായതെന്ന് ബോംബെ ഷാജി പറയുന്നതായും സംഭാഷണത്തിലുണ്ട്.

വാഗ്ദാനം ചെയ്ത തുക ലഭിക്കാത്തതിനെത്തുടര്‍ന്നാണോ സംഘത്തിലെ ചിലര്‍ കവര്‍ച്ചാവിവരം പുറത്തുവിട്ടതെന്ന സംശയത്തിലാണ് പൊലീസ്. പുറത്തുവന്ന ശബ്ദസന്ദേശങ്ങളും വിഡിയോകളും പ്രതികള്‍ തമ്മിലുള്ള ബന്ധവും പണം കൈമാറിയ രീതിയും സംബന്ധിച്ച അന്വേഷണത്തിന് നിര്‍ണായകമായേക്കും.

കേസില്‍ അറസ്റ്റിലായ ബിജെപി പ്രാദേശിക നേതാവ് പരപ്പില്‍ ബാലകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേരെക്കൂടി പൊലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം പ്രതി ബോംബെ ഷാജിയുടെ ഫോണ്‍ റെക്കോര്‍ഡുകളില്‍ പരാമര്‍ശിക്കുന്ന ഖമറു പയ്യോളി, ഹസൈനാര്‍ എന്നിവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കമുണ്ട്. കവര്‍ച്ചയ്ക്കായി ബോംബെ ഷാജിക്ക് ക്വട്ടേഷന്‍ നല്‍കിയത് ഖമറു പയ്യോളിയാണെന്നാണ് സംശയം.

കേരളത്തിലും ഖത്തറിലും വ്യവസായ സ്ഥാപനങ്ങളുള്ള, ഖത്തര്‍ കെഎംസിസിയില്‍ വലിയ സ്വാധീനമുള്ള ഒരു വ്യവസായിയുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. മുസ്ലിം ലീഗില്‍ വലിയ സ്വാധീനമുള്ള ഇയാള്‍ക്ക് കേസുമായി ബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.

ഖത്തറിലേക്കും അന്വേഷണം വ്യാപിപ്പിക്കും

ഖത്തര്‍ കെഎംസിസി ഓഫീസില്‍ ഇത്രയും വലിയ തുക സൂക്ഷിച്ചിരുന്നതായി കവര്‍ച്ചാസംഘത്തിന് എങ്ങനെ വിവരം ലഭിച്ചു എന്നതും അന്വേഷണത്തിലെ നിര്‍ണായക ചോദ്യമാണ്. ഓഫീസിലെ പണത്തിന്റെ വിവരങ്ങള്‍ അറിയാവുന്നവര്‍ക്ക് മാത്രമേ കവര്‍ച്ച ആസൂത്രണം ചെയ്യാനായിരുന്നുള്ളൂവോ, അതോ മറ്റേതെങ്കിലും വഴിയിലൂടെയാണോ വിവരം പുറത്തുപോയത് എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്.

ഖത്തറില്‍ നടന്ന സംഭവമായതിനാല്‍ അന്വേഷണം അവിടേക്കും വ്യാപിപ്പിക്കേണ്ടിവരുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചേക്കും. കവര്‍ച്ചയുടെ ആസൂത്രണം, ഖത്തറിലെ പ്രതികളുടെ നീക്കങ്ങള്‍, പണം കൈക്കലാക്കിയവരുടെ പങ്ക്, പണം എവിടേക്ക് മാറ്റി തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്.

ഒന്നാം പ്രതി ബോംബെ ഷാജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊയിലാണ്ടി കോടതി പരിഗണിക്കും. കവര്‍ച്ചയിലെ ഗൂഢാലോചനയിലടക്കം ഇയാള്‍ക്ക് പങ്കുണ്ടെന്ന വിലയിരുത്തലില്‍ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ക്കുമെന്നാണ് സൂചന. കേസില്‍ അറസ്റ്റിലായ ബാലകൃഷ്ണന്‍ നിലവില്‍ കൊയിലാണ്ടി സബ് ജയിലില്‍ റിമാന്‍ഡിലാണ്.

കെഎംസിസി ഫണ്ടിന്റെ ലക്ഷ്യം പ്രവാസിക്ഷേമം

മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള കെഎംസിസിക്ക് വിവിധ അറബ് രാജ്യങ്ങളില്‍ യൂണിറ്റുകളുണ്ട്. ഖത്തര്‍ കെഎംസിസിയില്‍ ഏകദേശം 25,000 അംഗങ്ങളാണുള്ളത്. ഓരോ അംഗവും പ്രതിമാസം 20 ഖത്തര്‍ റിയാല്‍ വീതം, ഏകദേശം 500 രൂപ, നിക്ഷേപിക്കുന്നതാണ് രീതി. പ്രവാസികളുടെ ക്ഷേമത്തിനും പാവപ്പെട്ടവരുടെ ഉന്നമനത്തിനുമാണ് ഈ തുക വിനിയോഗിക്കുന്നത്. പ്രവാസി മരിച്ചാല്‍ കുടുംബത്തിന് പത്തുലക്ഷം രൂപ വരെ ധനസഹായം നല്‍കുന്ന പദ്ധതിയും കെഎംസിസിക്കുണ്ട്.

എന്നാല്‍, ഖത്തറില്‍ പണം പിരിക്കുകയും ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന സാഹചര്യത്തിലാണ് ഓഫീസില്‍ പ്രത്യേക ലോക്കര്‍ റൂം സജ്ജീകരിച്ച് പണം സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. ഇവിടെ സൂക്ഷിച്ചിരുന്ന 31 ലക്ഷം റിയാലാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. പ്രവാസികളുടെ ക്ഷേമത്തിനായി സമാഹരിച്ച ഫണ്ടായതിനാല്‍ പണം നഷ്ടപ്പെട്ടതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കപ്പുറം, ഫണ്ടിന്റെ സുരക്ഷയും കൈകാര്യം ചെയ്ത രീതിയും സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നുണ്ട്.

പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെന്ന് മുസ്ലിം ലീഗ്

കേസില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. വയനാട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''പാര്‍ട്ടിയാണ് പരാതി കൊടുത്തത്. പാര്‍ട്ടിയാണ് പരാതിയുടെ പിന്നാലെ പോയി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യിപ്പിക്കുകയും ചെയ്തത്. ഒരു കളവ് നടന്നാലോ കുറ്റകൃത്യം നടന്നാലോ പാര്‍ട്ടിയല്ലല്ലോ നടപടി എടുക്കുക. ബന്ധപ്പെട്ട പൊലീസ് വിഭാഗവും ജുഡീഷ്യറിയുമല്ലേ. അത് നടക്കുന്നുണ്ട്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. ഏതെങ്കിലും കെഎംസിസിക്കാര്‍ ഇതില്‍ പങ്കാളിയാണെങ്കില്‍ അവരെ പാര്‍ട്ടിയില്‍നിന്ന് ഒഴിവാക്കുക മാത്രമല്ല, മാതൃകാപരമായ ശിക്ഷ നല്‍കാനും മുസ്ലിം ലീഗ് മുന്നിലുണ്ടാകും,'' സലാം പറഞ്ഞു.

കേസില്‍ പാര്‍ട്ടി പരാതി നല്‍കുകയും തുടര്‍നടപടികള്‍ക്കായി ഇടപെടുകയും ചെയ്തിട്ടുണ്ടെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വര്‍ഷത്തോളം വൈകി പുറത്തുവന്ന കവര്‍ച്ച, ഭീഷണിപ്പെടുത്തിയെന്ന ബാലകൃഷ്ണന്റെ മൊഴി, പണം വീതംവെച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കം, കവര്‍ച്ചാസംഘത്തിന് വിവരം ലഭിച്ച വഴികള്‍ എന്നിവയില്‍ വ്യക്തത വരുന്നതോടെ കേസിലെ കൂടുതല്‍ കണ്ണികള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

Many mysteries surround the Qatar KMCC robbery case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫിറ്റ് കേസ് ഫോര്‍ വിജിലന്‍സ് എന്‍ക്വയറി'; ദിവ്യയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല

സിംപിൾ ബട്ട് വൈബ്!; 'ബാച്ച്‌ലർ പാർട്ടി deux' ൽ സിംപിളായി രജിഷ; പോസ്റ്റർ പുറത്ത്

പള്ളിയിലെ സംസ്‌കാര ചടങ്ങിനിടെ വെടിവെപ്പ്, ഏഴ് മരണം; സംഭവം ജോര്‍ദാനില്‍

മണ്ണാർക്കാട്ട് വീണ്ടും സിപിഎം–സിഎംപി സംഘർഷം; കള്ള് ഷാപ്പിലെ തൊഴിൽ തർക്കം തെരുവിലേക്ക്, മൂന്ന് സിഎംപി പ്രവർത്തകർ കസ്റ്റഡിയിൽ

'മരിച്ചത് പോലെയായിരുന്നു, പിരിയാമെന്നത് ഇമ്രാന്റെ തീരുമാനം'; വിവാഹമോചനത്തെപ്പറ്റി അവന്തിക മാലിക്