കൊച്ചി: കടന്നുവന്ന രാഷ്ട്രീയ വഴികള് മറക്കരുതെന്ന് മാത്യു കുഴല്നാടന് എംഎല്എ. സിഎംആര്എല്- എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് പൊതുപരിപാടിയിലെ പ്രസംഗത്തില് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കേസിലെ രാഷ്ട്രീയമായ കാര്യങ്ങളാണ് പൊതുവേദിയില് പറഞ്ഞത്. സര്ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. പറയേണ്ട കാര്യങ്ങളൊക്കെ പാര്ട്ടിയില് പറഞ്ഞിട്ടുണ്ട്. മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ പിണറായി വിജയന് സര്ക്കാര് വേട്ടയാടിയത് കോണ്ഗ്രസ് പ്രവര്ത്തകര്ക്ക് മറക്കാന് കഴിയില്ലെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
പലരും പല രീതിയിലാണ് രാഷ്ട്രീയത്തില് സഞ്ചരിച്ചിട്ടുണ്ടാകുക. ഞാന് എസ്എഫ്ഐയുടെ ശക്തികേന്ദ്രമായ ക്യാംപസില് സംഘടനാ പ്രവര്ത്തനം നടത്തിയാണ് വന്നത്. ജെഎന്യുവില് എസ്എഫ്ഐയുടെയും ഐസയുടേയും ശക്തിയുള്ള ഇടത്താണ് എന്എസ് യുഐക്കു വേണ്ടി പ്രവര്ത്തിച്ചത്. അതിന്റെയൊക്കെയോ എത്രയോ ഇരട്ടി, സിപിഎമ്മിന്റെ ശക്തിദുര്ഗമായ, അക്രമരാഷ്ട്രീയത്തിന്റെ കേന്ദ്രമായ കണ്ണൂരില് രാഷ്ട്രീയ പ്രവര്ത്തനം നടത്തിയ നേതാവാണ് കെ സുധാകരന്. ചുറ്റും നിന്ന ആളുകള് നഷ്ടപ്പെട്ടത് കാണേണ്ടി വന്നയാളാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം അത്ര തീവ്രമാകുന്നത്.
എല്ലാവര്ക്കും ഒരേപോലെ ആകാന് കഴിയില്ല. ഒരേ അച്ചില് വെച്ചു വാര്ത്തതുപോലെ രാഷ്ട്രീയത്തില് പ്രവര്ത്തകരും നേതാക്കളും ഉണ്ടാകാന് സാധിക്കില്ല. കടന്നുപോയ വഴികളും അനുഭവങ്ങളുമൊക്കെ നമ്മുടെ പ്രതികരണങ്ങളെയും പ്രകൃതത്തെയും സ്വാധീനിക്കും. ഈ കേസില് സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയെന്ന് ആ പരിപാടിയില് ഓര്ത്തുവെന്നു മാത്രമാണ്. പിണറായിക്കെതിരായ നടപടിയില് തന്റെ അഭിപ്രായം പാര്ട്ടി വേദിയില് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ള മുന്നിര മന്ത്രിമാര് ഇരിക്കുന്ന വേദിയിലാണ് കാര്യങ്ങള് തുറന്നു പറഞ്ഞത്. അവര് ശ്രദ്ധാപൂര്വം കേട്ടിട്ടുണ്ട്. അവരുടെ ഭാഗവും യോഗത്തില് പറഞ്ഞിട്ടുണ്ട്. അതെല്ലാം ജനാധിപത്യപരമായിട്ടാണ് കാണുന്നതെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ പിണറായി വിജയന് സര്ക്കാര് വേട്ടയാടിയത് കോണ്ഗ്രസ് പ്രവര്ത്തകര്ക്ക് മറക്കാന് കഴിയില്ല. അധികാരം ഉള്ളതുകൊണ്ടാണ് പിണറായി വിജയന് അതു സാധിച്ചത്. അധികാരം ദുരുപയോഗപ്പെടുത്തി ഉമ്മന്ചാണ്ടിയെപ്പോലൊരു നേതാവിനെ വിചാരണ നടത്തുകയായിരുന്നു. ജസ്റ്റിസ് ശിവരാജന് കമ്മീഷന് മുന്നില് ഉമ്മന്ചാണ്ടി ഇരിക്കുന്ന ചിത്രം ഇന്നും കാണുമ്പോഴും ഒരു വൈകാരികമായ ബുദ്ധിമുട്ട് ഉണ്ടാക്കും. ഒരു തെറ്റും ചെയ്യാത്ത ഒരു മനുഷ്യനെ ലോകത്തിന് മുന്നില് വിചാരണ ചെയ്ത കാഴ്ച മറക്കാന് പറ്റില്ല. ലീഗല് പ്രോസസിലൂടെ ഉമ്മന്ചാണ്ടിയെ കുറ്റവാളിയെപ്പോലെ ഇരുത്തി വിചാരണ ചെയ്തില്ലേ?. അതിനെ അങ്ങനെ എളുപ്പം മറന്നുപോകാന് പ്രയാസമാണ്. ഒരിക്കലും അങ്ങനെ ചെയ്യരുതായിരുന്നു. ആ വേദന മറക്കാന് എളുപ്പമല്ല. ഒരു തെറ്റും ചെയ്യാത്ത ഒരാളെ വിചാരണ ചെയ്യാന് മടിയില്ലാതിരുന്നത് അന്നത്തെ അധികാരിയും അധികാരത്തില് ഇരുന്നവരും അധികാരം ദുരുപയോഗപ്പെടുത്തിയാണ്. മാത്യു കുഴല്നാടന് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates