Rahul Mamkootathil, Mathew Kuzhalnadan 
Kerala

കോണ്‍ഗ്രസില്‍ ശുദ്ധികലശം അനിവാര്യം, സെലിബ്രിറ്റി രാഷ്ട്രീയക്കാര്‍ അപകടം: മാത്യു കുഴല്‍നാടന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നിന്നും പാര്‍ട്ടിയും പ്രവര്‍ത്തകരും പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസില്‍ ശുദ്ധികലശം അനിവാര്യമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് മുവാറ്റുപുഴ എംഎല്‍എ പാര്‍ട്ടിയിലെ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പരസ്യപ്രതികരണത്തിന് മുതിര്‍ന്നിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നിന്നും പാര്‍ട്ടിയും പ്രവര്‍ത്തകരും പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് മാത്യു കുഴല്‍ നാടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം മാറിപ്പോയ രാഷ്ട്രീയ സംസ്‌കാരത്തിന്റെ വ്യക്തമായ തെളിവാണ്. വിവാദം ഒരു വ്യക്തിയുടെ തെറ്റില്‍നിന്ന് ഒരു വലിയ സംഘടനാ-രോഗത്തിന്റെ ലക്ഷണമായി മാറിയത്. ഒരു പാര്‍ട്ടി 25-ലേറെ മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചു എടുത്ത ശിക്ഷാനടപടിയോട് പാര്‍ട്ടിയ്ക്ക് ഉള്ളില്‍ നിന്നുയര്‍ന്ന പ്രതികരണങ്ങള്‍ ഇതിന് ഉദാഹരണമാണ്. രാഷ്ട്രീയ പ്രവര്‍ത്തനം സെലിബ്രിറ്റികളുടെ കയ്യില്‍ ഏല്‍പ്പിച്ചപ്പോള്‍ അവര്‍ പ്രസ്ഥാനത്തെ സംരക്ഷിക്കാതെ വ്യക്തികളെ സംരക്ഷിക്കാന്‍ തുടങ്ങി. ഒരു വാണിജ്യചിന്തയുടെ ഭാഗമാണിത്. ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള അപൂര്‍വ രാഷ്ട്രീയപ്രതിഭയെ രാഹുല്‍ മാങ്കൂട്ടത്തിനോട് ഉപമിക്കുന്നതു പോലെയുള്ള അസംബന്ധ കാഴ്ചകള്‍ ഇതിന്റെ തെളിവാണെന്നും കുഴല്‍ നാടന്‍ പറയുന്നു.

സൈബര്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ പങ്കും ഈ വിവാദം കൂടുതല്‍ ഗുരുതരമാക്കിയെന്നും കുഴല്‍ നാടൻ നിരീക്ഷിക്കുന്നു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് അവര്‍ ഒരു 'ഡിജിറ്റല്‍ ധൈര്യപ്രകടനം' നടത്തുകയാണ് ചെയ്തത്. പാര്‍ട്ടി നയതന്ത്രത്തെ സമ്മര്‍ദ്ദത്തിലാക്കാതെയായിരുന്നു ഇവര്‍ സൈബര്‍ ഇടങ്ങളില്‍ പ്രതികരണത്തിന് മുതിര്‍ന്നത്.

കാലത്തിന്റെ പ്രതികാരം പലപ്പോഴും കഠിനമായിരിക്കും. കോണ്‍ഗ്രസിന്റെ ആന്തരിക ശുദ്ധികലശം ഇപ്പോള്‍ അനിവാര്യമാണ്. ശബ്ദമേറിയ സെലിബ്രിറ്റികളല്ല, ഉത്തരവാദിത്തമുള്ള പ്രവര്‍ത്തകരാണ് ഒരു പ്രസ്ഥാനത്തിന്റെ ഭിത്തി. സോഷ്യല്‍ മീഡിയ ശബ്ദമല്ല, പ്രവര്‍ത്തനത്തിന്റെ നിഷ്ഠയാണ് ഒരു സംഘടനയെ നിലനിര്‍ത്തുന്നത്. വ്യക്തി ആരാധനയുടെ സംസ്‌കാരം പാര്‍ട്ടിയുടെ പാരമ്പര്യം നശിപ്പിച്ചുവെന്ന് തിരിച്ചറിയണം. പ്രസ്ഥാനത്തിന്റെ ചരിത്രം ആശയങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ടത്. ഇപ്പോള്‍ കോണ്‍ഗ്രസിന് വേണ്ടത് വ്യക്തികളെ രക്ഷിക്കുന്ന രാഷ്ട്രീയമല്ല പ്രസ്ഥാനത്തെ വീണ്ടും ജീവിപ്പിക്കുന്ന രാഷ്ട്രീയമാണ്. പ്രസ്ഥാനത്തോടുള്ള വിശ്വാസം തിരിച്ചെടുക്കുക, തെറ്റുകള്‍ സമ്മതിച്ചുകൊണ്ട് തിരിച്ചുവരിക, ശബ്ദങ്ങളുടെ അഹങ്കാരത്തില്‍ നിന്ന് വിമോചനം നേടുക ഇവയൊക്കെയാണ് ഉണ്ടാകേണ്ടത്.

കോണ്‍ഗ്രസ്സ് ഒരു വ്യക്തിയുടെ പേരില്‍ വളര്‍ന്നതല്ല, പക്ഷേ ചിലര്‍ അത് തങ്ങളുടെ സ്വകാര്യ അജണ്ടകള്‍ക്കായി ഉപയോഗിച്ചു. കോണ്‍ഗ്രസ് നിലകൊള്ളേണ്ടത് ആരാധകരുടെയും സെലിബ്രിറ്റികളുടെയും ശബ്ദത്തില്‍ അല്ല, പ്രവര്‍ത്തകരുടെ സ്ഥിരതയിലൂടെയാണ്. പ്രസ്ഥാനം തകര്‍ത്ത് സെലിബ്രിറ്റി പദവി നേടുക എന്നത് ധൈര്യമല്ല, ദൗര്‍ബല്യമാണ്. പാര്‍ട്ടിയുടെ പൈതൃകം തിരിച്ചറിഞ്ഞ്, സ്വയം തിരുത്തി, ആത്മബലം വീണ്ടെടുക്കുന്ന ഒരു പുതിയ യാത്ര തുടങ്ങേണ്ടത് അനിവാര്യമാണെന്നും കുഴല്‍നാടന്‍ പറയുന്നു.

Rahul Mamkootathil issue: Mathew Kuzhalnadan's criticism internal issues within the Congress party.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശിയപാത ഇടിഞ്ഞു താണു; റോഡില്‍ വന്‍ ഗര്‍ത്തം; നിരവധി വാഹനങ്ങള്‍ കുടുങ്ങി

ആരോ​ഗ്യനില വഷളായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

രണ്ട് കോടതികളില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു; രാഹുല്‍ ഈശ്വറിന്റെ ജാമ്യം ഇന്നും പരിഗണിച്ചില്ല

കളി വരുതിയില്‍ നിർത്തി ഓസീസ്; ഇംഗ്ലണ്ടിനെതിരെ ലീഡ്

14കാരന്റെ വിസ്മയം തീര്‍ത്ത ബാറ്റിങ് വിസ്‌ഫോടനം! ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് വൈഭവിനെ

SCROLL FOR NEXT