ആലപ്പുഴ: മകന്‍ വി എ അരുണ്‍ കുമാറിനും മകള്‍ ആശയ്ക്കും ഒപ്പമുണ്ടാകാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഉള്ള സമയങ്ങളില്‍ മക്കള്‍ക്കൊപ്പമിരുന്ന അച്ഛനായിരുന്നു വിഎസ്. സ്വര്‍ണ പാദസരം വാങ്ങാനുള്ള തന്റെ മോഹം പറഞ്ഞപ്പോള്‍ തൊഴിലാളി നേതാവിന്റെ മകളാണെന്ന് ഓര്‍മിപ്പിച്ച നേതാവാണ് അദ്ദേഹം.
1999ല്‍ ഗവേഷണ കാലത്ത് തനിക്ക് ലഭിച്ച സ്റ്റൈപന്‍ഡ് തുകയെല്ലാം ചേര്‍ത്തുവെച്ച് ഒരു സ്വര്‍ണ പാദസ്വരം വാങ്ങണമെന്നായിരുന്നു ആശയുടെ ഏറ്റവും വലിയ ആഗ്രഹം. തന്റെ ആഗ്രഹം അച്ഛനോട് പറഞ്ഞപ്പോള്‍ വി എസ് നല്‍കിയ മറുപടി മറ്റൊന്നായിരുന്നു. 'മോളേ, നീ ഒരു തൊഴിലാളി നേതാവിന്റെ മകളാണെന്ന് മറക്കരു'തെന്നായിരുന്നു വിഎസ് പറഞ്ഞത്. അതോടെ തന്റെ ആഗ്രഹം മാറ്റി വെയ്ക്കുകയായിരുന്നു ആശ. പിന്നീട് വിവാഹത്തിനാണ് ആശ അച്ഛന്റെ അനുവാദത്തോടെ സ്വര്‍ണ പാദസ്വരം സ്വന്തമാക്കിയത്.
അടിയന്തരാവസ്ഥകാലത്ത് വിഎസിന്റെ വീടും പരിസരവും പൊലീസ് വളഞ്ഞ ദിവസം. പുലര്‍ച്ചെ മൂന്ന് മണിക്ക് തങ്ങളുടെ വാതിലില്‍ പൊലീസ് തുടരെ കൊട്ടി. അന്ന് മകള്‍ ആശയ്ക്ക് ഏഴ് വയസ് മാത്രമാണ് പ്രായം. അനിയനും എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാത്ത പ്രായം. ഭയന്ന ഭാര്യയെ ആശ്വസിപ്പിച്ച വിഎസ് മക്കളെ വാരിപ്പുണര്‍ന്നതിന് ശേഷമാണ് ജയിലിലേയ്ക്ക് പോയത്.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വി എസിനെ കാണാന്‍ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കുടുംബത്തോടൊപ്പം പോയ കാര്യം മുമ്പൊരിക്കല്‍ ആശ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. താന്‍ അച്ഛന് കഴിക്കാനായി ഒരു ഓറഞ്ചുമായാണ് പോയത്. എന്നാല്‍ സ്‌നേഹത്തോടെ ആ ഓറഞ്ച് തനിക്ക് തന്നെ തിരിച്ച് തന്നെന്നും ആശ പറഞ്ഞിരുന്നു.
1968 ജൂലൈ 25നാണ് മുത്ത മകള്‍ ആശ ജനിക്കുന്നത്. അമ്പലപ്പുഴ എംഎല്‍എ ആയിരുന്ന വിഎസ് അന്ന് ആലപ്പുഴ കളക്ടറേറ്റിലെ ഒരു യോഗത്തിലായിരുന്നു. കുഞ്ഞ് ആശയെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴും വിഎസ് പൊതുപ്രവര്‍ത്തകന്റെ തിരക്കിലായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇളയമകനായ അരുണ്‍കുമാര്‍ ജനിച്ചത്. അരുണ്‍കുമാറിനെ അപ്പു എന്നാണ് വിഎസ് വിളിച്ചത്. തിരക്കുകള്‍ കാരണം വിഎസ് മക്കള്‍ക്കൊപ്പം ഉണ്ടാവുക അപൂര്‍വ്വമായിരുന്നു. തിരക്കിനിടയിലും ഓടി എത്തുന്ന അച്ഛന്റെ കയ്യില്‍ മക്കള്‍ക്കായുള്ള മിഠായിപ്പൊതികളും ഉണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates