ന്യൂഡൽഹി: മെസി വരും കെട്ടോ എന്ന് മുൻപ് കേരളത്തോട് പറഞ്ഞ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോഴത്തെ കാര്യങ്ങൾ കേട്ടോ എന്നാണ് ചോദിക്കാനുള്ളതെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്. മെസി വിവാദവുമായി ബന്ധപ്പെട്ട് മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ ഉയർത്തിയ വാദങ്ങളെ പൂർണ്ണമായി തള്ളിയാണ് കായിക മന്ത്രി രംഗത്തെത്തിയത്.
മുൻ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് കൃത്യമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് മന്ത്രി ആരോപിച്ചു. വകുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങൾ പുറത്തുവിടാൻ പാടില്ല. സ്വകാര്യ വ്യക്തിക്ക് സാമ്പത്തിക ലാഭമുണ്ടാക്കാൻ ഇടപെടലുണ്ടായി. ഇതിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു. ലയണൽ മെസിയുടെ വരവുമായി ബന്ധപ്പെട്ട നടപടികളിൽ തുടക്കം മുതൽ വലിയ നിഗൂഢത നിഴലിച്ചിരുന്നു.
സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന മുൻ മന്ത്രിയുടെ വാദത്തിൽ യാതൊരു കഴമ്പുമില്ല. ഇത്തരം നടപടികളിൽ സർക്കാരിന് നിയമപരവും ഭരണഘടനാപരവുമായ ബാധ്യതകളുണ്ട്. രണ്ടു വർഷത്തോളം സ്വന്തം നിലയ്ക്ക് സ്വകാര്യ ഇ-മെയിൽ സന്ദേശങ്ങൾ അയച്ചതിനു ശേഷമാണ് മുൻ മന്ത്രി വിഷയം ഔദ്യോഗിക ഫയലുകളിലേക്ക് മാറ്റിയത്. ഇത് തന്നെ വലിയ ദുരൂഹതയാണ് ഉണ്ടാക്കുന്നത്.
സ്വകാര്യ വ്യക്തികളുമായും സ്ഥാപനങ്ങളുമായും കത്തിടപാടുകൾ നടത്തുമ്പോൾ പാലിക്കേണ്ട ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇതിനായി നടത്തിയ സ്പെയിൻ യാത്ര എന്തിനുവേണ്ടിയായിരുന്നു എന്ന കാര്യത്തിലും കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. സ്പോൺസറെ തെരഞ്ഞെടുത്തതിൽ ഉൾപ്പെടെ യാതൊരുവിധ സുതാര്യതയും ഉണ്ടായിരുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates