കൊച്ചി: ഒരു വ്യക്തിയെ മസ്തിഷ്‌ക മരണം സംഭവിച്ചതായി പ്രഖ്യാപിക്കുന്നതു നിയമ വിരുദ്ധമെന്നും ഇതിനു പിന്നിലെ, അവയവക്കച്ചവട താത്പര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കഴിഞ്ഞ നാലു വര്‍ഷത്തെ മസ്തിഷ്‌ക മരണക്കേസുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ പ്രതികരണം തേടി.
കൊല്ലം സ്വദേശിയായ ഡോക്ടര്‍ എസ് ഗണപതിയാണ് ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയത്. മസ്തിഷ്‌ക കോശങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതിന്റെ പേരില്‍ മാത്രം ഒരാള്‍ക്കു മസ്തിഷ്‌ക മരണം സംഭവിച്ചതായി പ്രഖ്യാപിക്കുന്നത് നിയമപരവും ധാര്‍മികവുമായി തെറ്റാണെന്ന് ഹര്‍ജിയില്‍ പറയുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചാല്‍ പിന്നെ ജീവിതത്തിലേക്കു തിരിച്ചുവരവില്ലെന്നാണ് ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍മാര്‍ ആളുകളെ വിശ്വസിപ്പിക്കുന്നത്. ഇതു വസ്തുതാപരമായി തെറ്റാണ്. ശ്വസിക്കാനാവില്ല എന്നതു മാത്രമാണ് മസ്തിഷ്‌ക മരണം സംഭവിച്ച ഒരാള്‍ക്കു സംഭവിക്കുന്നത്. ഇത്തരം ആളുകളുടെ ഹൃദയം സാധാരണ പോലെ പ്രവര്‍ത്തിക്കുകയും നാഡീമിടിപ്പ് നോര്‍മല്‍ ആയിരിക്കുകയും ചെയ്യും. ഇത്തരം ആളുകള്‍ക്കു ദ്രാവക രൂപത്തില്‍ ഭക്ഷണം നല്‍കാനാവും. അത് ശരീരം ആഗിരണം ചെയ്യുകയും ചെയ്യും- ഹര്‍ജിയില്‍ പറയുന്നു.
ഒരു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പത്തു മുതല്‍ പതിനഞ്ചു ലക്ഷം വരെയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. പാന്‍ക്രിയാസ് മാറ്റിവയ്ക്കലിന് പതിനഞ്ചു മുതല്‍ 20 ലക്ഷം വരെയാണ്. കരളിന് 20-30 ലക്ഷവും ഹൃദയത്തിന് 30-35 ലക്ഷവും ഈടാക്കുന്നു. അതായത് മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങള്‍ കൊണ്ട് ഒന്നര കോടി മുതല്‍ രണ്ടു കോടി രൂപവരെ കച്ചവടമാണ് നടക്കുന്നത്. അവയവം മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട് പ്രതിവര്‍ഷം 30 കോടി രൂപയുടെ മരുന്നുകളാണ് കമ്പനികള്‍ വിറ്റഴിക്കുന്നത്.
സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കല്‍ വിജയ നിരക്ക് വളരെ താഴ്ന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അവയവ മാറ്റിവയ്ക്കലിന് രക്തഗ്രൂപ്പ് മാച്ചിങ് മാത്രമാണ് കേരളത്തില്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും മാറ്റിവച്ച അവയവത്തെ ശരീരം തിരസ്‌കരിക്കുന്നു. 61 ഹൃദയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളില്‍ പത്തു പേര്‍ മാത്രമേ അതിജീവിച്ചുള്ളൂവെന്നാണ് തന്റെ അറിവെന്ന് ഹര്‍ജിയില്‍ പറയുന്നു. ഒരാള്‍ മരുന്നുകളുടെ ചെലവ് താങ്ങാനാവാതെ ജീവിതം അവസാനിപ്പിച്ചെന്നും ഹര്‍ജിയില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates