തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ നിയമനത്തിന് 43 പേരുടെ പിഎസ്‌സി അംഗീകരിച്ച പട്ടിക കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ചപ്പോള്‍ അതിനെ കരടു പട്ടികയായി പരിഗണിച്ചാല്‍ മതിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിര്‍ദേശിച്ചെന്ന് വിവരാവകാശ രേഖ. അയോഗ്യരായവരെ വീണ്ടും ഉള്‍പ്പെടുത്തുന്നതിന് അപ്പീല്‍ കമ്മിറ്റിയെ നിയോഗിക്കുന്നതിനു വേണ്ടിയായിരുന്നു മന്ത്രിയുടെ ഇടപെടല്‍ എന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
2022 മാര്‍ച്ച് രണ്ടിനു സര്‍ക്കാര്‍ ഇറക്കിയ ഉത്തരവനുസരിച്ച് പ്രിന്‍സിപ്പല്‍ നിയമനത്തിനു യോഗ്യതയുള്ളവരുടെ പട്ടിക തയാറാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. 110 പേര്‍ അപേക്ഷിച്ചെങ്കിലും യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചു യോഗ്യതയുള്ള 43 പേരെയാണു കമ്മിറ്റി തെരഞ്ഞെടുത്തത്. ഇതിനു പിഎസ്‌സി അംഗം അധ്യക്ഷനായ വകുപ്പുതല പ്രമോഷന്‍ കമ്മിറ്റി അംഗീകാരം നല്‍കി. അതിനുശേഷം നിയമനം നല്‍കുന്നതിനായി പട്ടിക സര്‍ക്കാരിനു സമര്‍പ്പിച്ചു. 43 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്താതെ അയോഗ്യരായവരെ ഉള്‍ക്കൊള്ളിക്കുന്നതിലേക്ക് നയിച്ച അപ്പീല്‍ കമ്മിറ്റി രൂപവത്കരിക്കാന്‍ മന്ത്രി തന്നെ ഇടപെട്ടതായി വ്യക്തമാകുന്ന വിവരാവകാശ നിയമപ്രകാരമുള്ള രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നത്.
ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കമ്മിറ്റി അംഗീകരിച്ച 43പേരുടെ പട്ടികയില്‍ നിന്ന് പ്രിന്‍സിപ്പല്‍ നിയമനം നടത്തുന്നതിന് പകരം, ഈ പട്ടിക കരടായി പ്രസിദ്ധീകരിക്കാനും അപ്പീല്‍ കമ്മിറ്റി രൂപവത്കരിക്കാനും 2022 നവംബര്‍ 12ന് മന്ത്രി ബിന്ദു ഫയലില്‍ കുറിപ്പെഴുതിയതായാണ് രേഖ വ്യക്തമാക്കുന്നത്. സെലക്ഷന്‍ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമ്പൂര്‍ണ ഫയല്‍ ഹാജരാക്കാനും മന്ത്രി നിര്‍ദേശിച്ചിരുന്നു.യുജിസി റെഗുലേഷന്‍ പ്രകാരം സെലക്ഷന്‍ കമ്മിറ്റി തയ്യാറാക്കുന്ന അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിക്കാന്‍ വ്യവസ്ഥയില്ല.
എന്നാല്‍, മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് അന്തിമപട്ടികയെ കരടു പട്ടികയാക്കി കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ജനുവരി 11നു പ്രസിദ്ധീകരിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപവ്തകരിച്ച അപ്പീല്‍ കമ്മിറ്റി സെലക്ഷന്‍ കമ്മിറ്റി അയോഗ്യരാക്കിയവരെ കൂടി ഉള്‍പ്പെടുത്തി 76 പേരുടെ പട്ടിക തയ്യാറാക്കിയത്. 43 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്തുന്നതിന് പകരം 76 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തടയുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates