തിരുവനന്തപുരം: യുഡിഎഫില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രസ്താവന തള്ളി മന്ത്രി കെ മുരളീധരന്‍. നിയമനങ്ങള്‍ യുഡിഎഫിന്റെ ഏകകണ്ഠമായ തീരുമാനമാണ്. ഇന്ന് ഞങ്ങളോടൊപ്പം മന്ത്രിസഭയില്‍ ഉണ്ടാവേണ്ട ആളായിരുന്നു എം കെ മുനീര്‍. ശാരീരിക പ്രയാസങ്ങള്‍ കാരണമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത്. കാബിനറ്റ് പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഞങ്ങളുടെ പൊതുവായിട്ടുള്ള തീരുമാനമായിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ലെങ്കിലും, കാര്യങ്ങളൊക്കെ നിയന്ത്രിക്കാനുള്ള ആരോഗ്യമെല്ലാം മുനീറിന് നിലവിലുണ്ട്. അദ്ദേഹത്തിന്റെ സേവനം സംസ്ഥാനത്തിന് ലഭിക്കുന്നതിനു വേണ്ടിയാണ് കാബിനറ്റ് പദവി നല്‍കി നിയമിച്ചത്. എഐസിസിയെ അതൃപ്തി അറിയിക്കാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അവകാശമുണ്ട്. യുഡിഎഫ് യോഗം വിളിച്ചു ചേര്‍ക്കുന്നതില്‍ അടുത്ത് തന്നെ തീരുമാനം ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.
ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി ദേവരാജനെ ഡല്‍ഹിയിലെ പ്രതിനിധിയായി നിയമിച്ചതിനെയും മുരളീധരന്‍ ന്യായീകരിച്ചു. ദീര്‍ഘകാലം ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയാണ് ദേവരാജന്‍. അദ്ദേഹത്തിന്റെ ബന്ധങ്ങള്‍ കേരളത്തിന് അനുകൂലമാകാന്‍ വേണ്ടിയാണ് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധിയായി നിയമിച്ചത്. ദീര്‍ഘകാലം എല്‍ഡിഎഫില്‍ നിന്ന ശേഷം യുഡിഎഫിലേക്ക് വന്നയാളാണ്. പക്ഷെ, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിന് മത്സരിക്കാന്‍ അവസരം നല്‍കാന്‍ സാധിച്ചിരുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.
യുഡിഎഫിൽ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ലെന്നും നിർണ്ണായക തീരുമാനങ്ങൾ പോലും മുന്നണി കൺവീനറായ താൻ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നുമാണ് അടൂർ പ്രകാശ് പറഞ്ഞത്. ഡോ. എം.കെ. മുനീറിന് ക്യാബിനറ്റ് പദവി നൽകിയതടക്കമുള്ള തീരുമാനങ്ങൾ അർഹതപ്പെട്ട ആളുകൾക്ക് തന്നെയാണ് ലഭിച്ചതെന്നും ആർക്കും അനർഹമായി ഒന്നും നൽകിയെന്ന് താൻ പറയുന്നില്ലെന്നും വ്യക്തമാക്കിയ അടൂർ പ്രകാശ്, എന്നാൽ കൺവീനർ എന്ന നിലയിൽ ഇത്തരം സുപ്രധാന കാര്യങ്ങൾ പോലും തന്നെ അറിയിച്ചില്ലെന്ന അതൃപ്തി പരസ്യമാക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates