V Sivankutty ഫയൽ
Kerala

'ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും'; പത്മകുമാറിന്റെ അറസ്റ്റില്‍ വി ശിവന്‍കുട്ടി

'അദ്ദേഹം കുറ്റക്കാരനാണെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ചോദ്യം ചെയ്യുന്നേയുള്ളു. മറ്റ് കുറെ നടപടികള്‍ ഉണ്ടല്ലോ'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സിപിഎം നേതാവും മുന്‍ ദേവസ്വം പ്രസിഡന്റുമായ എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കുറ്റക്കാരനാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ പത്മകുമാര്‍ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

'ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും. പത്മകുമാറിന് എന്തെങ്കിലും പങ്കുണ്ടെങ്കില്‍ പത്മകുമാര്‍ അനുഭവിക്കേണ്ടി വരും. അദ്ദേഹം കുറ്റക്കാരനാണെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ചോദ്യം ചെയ്യുന്നേയുള്ളു. മറ്റ് കുറെ നടപടികള്‍ ഉണ്ടല്ലോ' ശിവന്‍ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിലെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെയാണ് സിപിഎം നേതാവ് കൂടിയായ പത്മകുമാര്‍ ചോദ്യം ചെയ്യലിനായി എസ്ഐടിക്കു മുന്നില്‍ ഹാജരായത്. എസ്പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് പത്മകുമാറിന് നേരത്തേ എസ്ഐടി നോട്ടീസ് നല്‍കിയിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സാവകാശം തേടുകയായിരുന്നു. മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസു അറസ്റ്റിലായതിനു പിന്നാലെയാണ് പത്മകുമാറിന് ഹാജരാകാന്‍ നിര്‍ദേശിച്ച് എസ്ഐടി വീണ്ടും നോട്ടീസ് നല്‍കുന്നത്. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസ്സുകളെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്.

ദേവസ്വം കമ്മിഷണര്‍ ആയിരുന്ന എന്‍ വാസുവിന്റെ ശുപാര്‍ശയില്‍ ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണ് സ്വര്‍ണം പതിച്ച പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തി 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ കൊടുത്തുവിട്ടതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശചെയ്തത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുരാരി ബാബു മുതല്‍ എന്‍ വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരെ മൊഴി നല്‍കിയതായാണ് സൂചന. എന്‍ വാസു ദേവസ്വം കമ്മീഷണറായിരിക്കുമ്പോള്‍ പത്മകുമാറായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. കേസില്‍ നേരത്തെ അറസ്റ്റിലായ എന്‍ വാസുവിനെ വ്യാഴാഴ്ച വൈകീട്ടുവരെ എസ്ഐടി കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

Minister V Sivankutty reacted to Padmakumar's arrest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മകുമാര്‍ 14 ദിവസം റിമാന്‍ഡില്‍; ജയിലിലേക്ക്

ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍; ഫിഫ റാങ്കിങില്‍ വീണ്ടും വന്‍ തിരിച്ചടി

അലന്‍ വധക്കേസ്; പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

കള്ളപ്പണം വെളുപ്പിക്കൽ; റോബർട്ട് വാദ്രയ്ക്കെതിരെ പുതിയ കുറ്റപത്രം

കൊല്ലത്ത് വന്‍ തീപിടിത്തം; അഞ്ച് വീടുകള്‍ കത്തിനശിച്ചു

SCROLL FOR NEXT