കൊച്ചി: ആലുവയിൽ ക്രൂരതയ്ക്കിരയായി മരിച്ച അഞ്ച് വയസുകാരിക്ക് നേരിടേണ്ടി വന്നത് അങ്ങേയറ്റം ദുഃഖകരമായ സംഭവമാണെന്നു ആരോഗ്യ മന്ത്രി വീണ ജോർജ്. കുട്ടിയുടെ വീട്ടിലെത്തിയതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രിക്കൊപ്പം കലക്ടർ എൻഎസ്കെ ഉമേഷും കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.
കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. മാതാപിതാക്കളെ സമാശ്വസിപ്പിച്ച മന്ത്രി പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
'പ്രതിക്കു പരമാവധി ശിക്ഷ നൽകണമെന്നു കുട്ടിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. പോക്സോ ഇരകളുടെ അമ്മമാർക്കുള്ള ആശ്വാസ നിധിയിൽ നിന്നുള്ള തുക നൽകി. മറ്റു കാര്യങ്ങൾ സർക്കാർ ആലോചിച്ച് ചെയ്യും. വിമർശനങ്ങൾക്കുള്ള സമയമല്ല ഇത്'- മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കുട്ടിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തത് വലിയ വിവാദമായതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ സന്ദർശനം.
മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
ആലുവയില്‍ കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും സന്ദർശിച്ച് ആശ്വസിപ്പിച്ചു. അത്യന്തം ദുഃഖകരമായ സംഭവമാണ്.
പ്രതിയ്ക്ക് പരമാവധി ശിക്ഷ ലഭിക്കത്തക്കവിധമുള്ള നടപടി സ്വീകരിക്കണമെന്നാണ് കുഞ്ഞിന്റെ അമ്മ ആവർത്തിച്ച് ആവശ്യപ്പെട്ടത്. പഴുതുകളടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. കുടുംബത്തിന് നീതി കിട്ടുന്നതിന് സർക്കാർ ഒപ്പമുണ്ടാകുമെന്ന് അമ്മയോടും അച്ഛനോടും പറഞ്ഞു. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷും ശിശുക്ഷേമസമതി ജനറൽ സെക്രട്ടറി അരുൺ ഗോപിയും ഒപ്പമുണ്ടായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates