കണ്ണൂർ: പയ്യന്നൂർ മുൻ എംഎൽഎ ടി ഐ മധുസൂദനനന്റെ കൊലവിളി പ്രസംഗത്തെ വിമർശിച്ച് വി കുഞ്ഞികൃഷ്ണൻ എംഎൽഎ. കൊലവിളി പ്രസംഗത്തെ നിസ്സാരമായി കാണാനാകില്ല. അത് വീണ്ടും നാട്ടിൽ ഭീതി പടർത്തി തന്റെ നഷ്ടപ്പെട്ട സ്വാധീനത്തെ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കോടതി വിധിയോടുള്ള വിയോജിപ്പ് എന്നതിലുപരി ആക്രമത്തെ പ്രോത്സാഹിപ്പിക്കാനുള്ള ആഹ്വാനമായിരുന്നു ടിഐ മധുസൂദനൻ നടത്തിയത്. കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
പയ്യന്നൂരിൽ തന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും തീരുമാനങ്ങൾക്കും അതീതമായി മറ്റൊരു അഭിപ്രായമോ നിലപാടോ ഉണ്ടാകരുതെന്ന അധികാരമനോഭാവമാണ് മധുസൂദനന്റെ പ്രവർത്തിയിലൂടെ പരസ്യമായി പുറത്ത് വന്നത്. അക്രമ പ്രവർത്തനങ്ങളിലേക്ക് ആളുകളെ എത്തിക്കുക മാത്രമല്ല, അവരെ തനിക്ക് വിധേയത്വമുള്ളവരായി നിലനിർത്താൻ അവർക്ക് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ജോലി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുക വഴി പയ്യന്നൂരിലെ സിപിഎമ്മിനെ സ്വന്തം സ്വകാര്യ സംരംഭമായി കൊണ്ടുപോകുകയാണ് മധുസൂദനൻ ചെയ്തിരുന്നത്. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ജനാധിപത്യപരമായ ആഭ്യന്തര സംവാദങ്ങൾക്കും പ്രത്യയശാസ്ത്രപരമായ നിലപാടുകൾക്കും പ്രാധാന്യം നൽകേണ്ട ഒരു പ്രസ്ഥാനം, വ്യക്തികേന്ദ്രീകൃതമായ അധികാരപ്രയോഗങ്ങളുടെയും ആശ്രിത രാഷ്ട്രീയത്തിന്റെയും അക്രമ സംസ്കാരത്തിന്റെയും വേദിയായി മാറുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി എങ്ങനെയായിരിക്കരുത് എന്നതിന്റെ ഉദാഹരണമായി പയ്യന്നൂരിലെ രാഷ്ട്രീയ സാഹചര്യം മാറിയതിനെതിരെയായിരുന്നു തന്റെ പോരാട്ടം. അതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണിപ്പോൾ പരസ്യമായി കൊലവിളി പ്രസംഗം നടത്തിയത്. കുഞ്ഞികൃഷ്ണൻ പറയുന്നു.
കുഞ്ഞികൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ടിഐ മധുസൂദനന്റെ അക്രമോത്സുക രാഷ്ട്രീയത്തിനും അതിലൂടെ സ്വന്തം രാഷ്ട്രീയവും വ്യക്തിപരമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഓരോ കാലഘട്ടത്തിലും യുവാക്കളെ അക്രമരാഷ്ട്രീയത്തിന്റെ ഭാഗമാക്കുകയും അവരുടെ കായികശേഷിയെ സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും അധികാര സംരക്ഷണത്തിനും വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്തുവെന്നതാണ് ടിഐ മധുസൂദനന്റെ രാഷ്ട്രീയ രീതിയോടുള്ള എന്റെ പ്രധാന വിമർശനം. അത് പാർട്ടിക്കുള്ളിൽ തന്നെ ഞാൻ പലവട്ടം ഉന്നയിച്ചതുമാണ്.
അക്രമ പ്രവർത്തനങ്ങളിലേക്ക് ആളുകളെ എത്തിക്കുക മാത്രമല്ല, അവരെ തനിക്ക് വിധേയത്വമുള്ളവരായി നിലനിർത്താൻ അവർക്ക് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ജോലി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുക വഴി പയ്യന്നൂരിലെ സിപിഎമ്മിനെ സ്വന്തം സ്വകാര്യ സംരംഭമായി കൊണ്ടുപോകുകയാണയാൾ ചെയ്തത്. ഇങ്ങനെ പാർട്ടിയിലേക്ക് കൊണ്ടുവന്ന ആളുകൾക്ക് പക്ഷെ ഒരു കമ്മ്യൂണിസ്റ്റിന് ഉണ്ടായിരിക്കേണ്ട രാഷ്ട്രീയമോ ബോധമോ, പ്രത്യയശാസ്ത്രമോ, ആശയ ധാരണയോ, ജനങ്ങളോട് ഉത്തരവാദിത്തമോ ഉണ്ടായിരുന്നില്ല. മറിച്ച് ടിഐ മധുസൂദനൻ എന്ന തൊഴിൽ ധാതാവിനോടുള്ള വിധേയത്വമായിരുന്നു പ്രധാനം.
ഇതിലൂടെ പയ്യന്നൂരിലെ സിപിഎം ഘടകത്തിന്റെ സംഘടനാ സ്വഭാവത്തിൽ തന്നെ വലിയ വ്യതിയാനങ്ങൾ സംഭവിച്ചു. ജനാധിപത്യപരമായ ആഭ്യന്തര സംവാദങ്ങൾക്കും പ്രത്യയശാസ്ത്രപരമായ നിലപാടുകൾക്കും പ്രാധാന്യം നൽകേണ്ട ഒരു പ്രസ്ഥാനം, വ്യക്തികേന്ദ്രീകൃതമായ അധികാരപ്രയോഗങ്ങളുടെയും ആശ്രിത രാഷ്ട്രീയത്തിന്റെയും അക്രമ സംസ്കാരത്തിന്റെയും വേദിയായി മാറുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി എങ്ങനെയായിരിക്കരുത് എന്നതിന്റെ ഉദാഹരണമായി പയ്യന്നൂരിലെ രാഷ്ട്രീയ സാഹചര്യം മാറിയതിനെതിരെയായിരുന്നു എന്റെ പോരാട്ടം. അതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണിപ്പോൾ പരസ്യമായി കൊലവിളി പ്രസംഗം നടത്തിയത്. അക്രമത്തിന് ആഹ്വാനം ചെയ്തത്.
ഒരേ രാഷ്ട്രീയ പാർട്ടിയിൽ നിൽക്കുന്നവരെ പോലും കടന്നാക്രമിക്കുന്ന അനുചരസംഘമായി അങ്ങനെ പയ്യന്നൂരിലെ പാർട്ടിയിലെ ഒരു വിഭാഗം മാറി എന്നതിന് ഉത്തരം പറയേണ്ടത് ഇവരൊക്കെ തന്നെയാണ്. ഇങ്ങനെ ഉണ്ടാകുന്ന ആശ്രിത സംഘങ്ങൾ സ്വതന്ത്രമായ ഉൾപാർട്ടി ചർച്ചകൾക്കിടയിലും അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നവരെ കായികമായി നേരിടാൻ ശ്രമിക്കുന്ന ശ്രമം വരെ ഉണ്ടായിട്ടില്ലേ പാർട്ടിയിൽ. ഇതിന്റെ ഭീതിതമായ പ്രതിഫലനമാണ് പാർട്ടിക്ക് പുറത്ത് ഇവർ നടത്തി വന്നത്. രാഷ്ട്രീയമായ വിയോജിപ്പുകളെ ആശയപരമായി നേരിടുന്നതിനുപകരം ഭീഷണിയിലൂടെയും അക്രമത്തിലൂടെയും അടിച്ചമർത്താനുള്ള ഈ പ്രവണത പയ്യന്നൂരിലെ ജനാധിപത്യ സമൂഹത്തിന് ബാധ്യതയായി മാറുന്ന എത്ര സാഹചര്യത്തിന് ഈ നാട് സാക്ഷ്യം വഹിച്ചിട്ടുണ്ട്?
എന്റെ രാഷ്ട്രീയ ഇടപെടൽ സഖാവ് സിവി ധനരാജിന്റെ പേരിലുള്ള ഫണ്ട് തിരിമറി ആരോപണത്തിൽ മാത്രം പരിമിതമായിരുന്നില്ല. അതിനപ്പുറം, ഒരു ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം എന്തായിരിക്കണം, എന്തായിരിക്കരുത് എന്നതിനെക്കുറിച്ചുള്ള പ്രത്യയശാസ്ത്രപരമായ പോരാട്ടത്തിന്റെ കൂടി ഭാഗമായിരുന്നു. ആ രാഷ്ട്രീയ ബോധ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും ദീർഘകാലമായി നിലനിന്നിരുന്ന ഭയത്തിന്റെയും വിധേയത്വത്തിന്റെയും രാഷ്ട്രീയ സാഹചര്യത്തെ ചോദ്യം ചെയ്യാനുമാണ് ഞങ്ങൾ ശക്തമായി ശ്രമിച്ചത്.
തിരഞ്ഞെടുപ്പ് വിജയം കൊണ്ട് മാത്രം നേടിയെടുക്കാൻ സാധിക്കുന്ന ഒന്നല്ല ഇത് എന്ന ബോധ്യത്തിലാണ് ജനങ്ങൾക്ക് സ്വന്തം അഭിപ്രായങ്ങൾ ഭയമില്ലാതെ പ്രകടിപ്പിക്കാനുള്ള ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള പ്രവർത്തനവുമായി ഞങ്ങൾ മുന്നോട്ട് പോയത്. ടിഐ മധുസൂദനന്റെയും അദ്ദേഹത്തിന്റെ സംഘത്തിന്റെയും രാഷ്ട്രീയ സ്വാധീനവലയത്തിൽ നിന്ന് ഒരു പരിധിവരെ പുറത്തുകടന്ന് സ്വതന്ത്രമായി ചിന്തിക്കാനും പ്രതികരിക്കാനും ജനങ്ങൾക്ക് കഴിയുന്ന സാഹചര്യം സൃഷ്ടിച്ചെടുക്കാൻ നമുക്ക് സാധിച്ചിട്ടുമുണ്ട്.
പയ്യന്നൂരിൽ സമാധാനപരവും ഭയരഹിതമായ രാഷ്ട്രീയ അന്തരീക്ഷവും പുനഃസ്ഥാപിക്കാനുള്ള ശ്രമമായിരുന്നു അത്. എന്നാൽ ഇന്നലെ കോടതിവിധി പുറത്തു വന്നതിനെത്തുടർന്നുണ്ടായ അദ്ദേഹത്തിന്റെ പ്രതികരണവും അതുമായി ബന്ധപ്പെട്ട് ഉയർന്ന കൊലവിളി പ്രസംഗത്തിന്റെ ആരോപണവും നിസ്സാരമായി കാണാൻ നമുക്ക് സാധിക്കില്ല. അത് വീണ്ടും നാട്ടിൽ ഭീതി പടർത്തി തന്റെ നഷ്ടപ്പെട്ട സ്വാധീനത്തെ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കോടതി വിധിയോടുള്ള വിയോജിപ്പ് എന്നതിലുപരി ആക്രമത്തെ പ്രോത്സാഹിപ്പിക്കാനുള്ള ആഹ്വാനമായിരുന്നു ഇന്നലെ ടിഐ മധുസൂദനൻ നടത്തിയത്. പയ്യന്നൂരിൽ തന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും തീരുമാനങ്ങൾക്കും അതീതമായി മറ്റൊരു അഭിപ്രായമോ നിലപാടോ ഉണ്ടാകരുതെന്ന അധികാരമനോഭാവമാണ് അദ്ദേഹത്തിന്റെ ഈ പ്രവർത്തിയിലൂടെ പരസ്യമായി പുറത്ത് വന്നത്.
ഇത് ജനാധിപത്യ രാഷ്ട്രീയത്തിന്റെ സ്വഭാവമല്ല; മറിച്ച് മാടമ്പിത്തത്തിന്റെയും വ്യക്തികേന്ദ്രീകൃത അധികാര പ്രയോഗത്തിന്റെയും രാഷ്ട്രീയമാണ്. അതാണ് ഇന്നലെ മറനീക്കി പുറത്ത് വന്നത്. മാനവികതയെ പറ്റി വാചാലരാകുന്ന സിപിഎംനും ഇതേ നിലപാട് തന്നെയാണോ ജനങ്ങളോട് പറയാനുള്ളതെന്ന് ഇനി വ്യക്തമാക്കേണ്ടത് പാർട്ടിയാണ്. അതോടൊപ്പം ഇന്നലെ നടത്തിയ കൊലവിളി പ്രസംഗവുമായി ബന്ധപ്പെട്ട് നിയമപരമായ പരിശോധനയും ആവശ്യമായ നടപടികളും ഉണ്ടാകേണ്ടതുണ്ട് എന്നും ഞാൻ ഉറച്ച് വിശ്വസിക്കുന്നു. അല്ലാത്തപക്ഷം പയ്യന്നൂരിൽ സമാധാനപരമായ സാമൂഹിക ജീവിതം ആഗ്രഹിക്കുന്ന സാധാരണ ജനങ്ങൾക്ക് വീണ്ടും ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.
ഒരു വ്യക്തിയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറമാണ് ഒരു സമൂഹത്തിന്റെ സമാധാനവും ജനാധിപത്യപരമായ അവകാശങ്ങളും. അത് ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായി ഞങ്ങൾ മുന്നോട്ട് പോവുക തന്നെ ചെയ്യും. ഈ പോരാട്ടം അവസാനിക്കുന്നില്ല. ഇത് തുടരുക തന്നെ ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates