Mohanlal screenshot
Kerala

മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസഡര്‍

നല്ല സംവിധായകരെ വച്ച് കെഎസ്ആര്‍ടിസിക്കായി പരസ്യ ചിത്രങ്ങള്‍ ചെയ്യുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: മലയാളത്തിന്റെ അഭിമാനതാരം മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ് വില്‍ അംബാസഡര്‍ ആകുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. നേരിട്ട് ഇക്കാര്യം അറിയിച്ചപ്പോള്‍ മോഹന്‍ലാല്‍ സമ്മതം അറിയിച്ചെന്നും മന്ത്രി പറഞ്ഞു. സൗജന്യമായാണ് മോഹന്‍ലാലിന്റെ സേവനം. അദ്ദേഹം പരസ്യങ്ങളുമായി സഹകരിക്കുമെന്ന് വാഗ്ദാനം ചെയ്തതായും നല്ല സംവിധായകരെ വച്ച് കെഎസ്ആര്‍ടിസിക്കായി പരസ്യ ചിത്രങ്ങള്‍ ചെയ്യുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തന്നോടുള്ള വ്യക്തിപരമായ താത്പര്യം കൂടി കണക്കിലെടുത്താണ് മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകാന്‍ തയ്യാറായതെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്താനാപുരത്ത് തന്നെ മത്സരിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 'വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. പത്തനാപുരത്തുകാരെ എനിക്ക് നല്ലവിശ്വാസമാണ്. അവര്‍ക്ക് ഞാനില്ലാതെയും ഞാന്‍ ഇല്ലാതെ അവര്‍ക്കും പറ്റില്ല. കെഎസ്ആര്‍ടിസിയെ നല്ല രീതിയിലേക്ക് വളര്‍ത്തിക്കൊണ്ടുവരുമ്പോള്‍ ഒരു പത്തനാപുരത്തുകാരനും അഭിമാനമുണ്ട്. അവരുടെ എംഎല്‍എയാണ്. അവരുടെ മന്ത്രിയാണ് കെഎസ്ആര്‍ടിസിയെ നന്മയിലേക്ക് നയിക്കുന്നത്'- ഗണേഷ് കുമാര്‍ പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനവുമായി കെഎസ്ആര്‍ടിസി. ഇന്നലെ 13 കോടി രൂപയ്ക്ക് മുകളിലാണ് കെഎസ്ആര്‍ടിസി നേടിയ വരുമാനം. കെഎസ്ആര്‍ടിസി കൈവരിച്ച ഈ ചരിത്ര നേട്ടത്തില്‍ ജീവനക്കാരെ അഭിനന്ദിക്കുന്നതായി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു. '13.01 കോടി രൂപയാണ് ജനുവരി അഞ്ചാം തീയതി കെഎസ്ആര്‍ടിസിക്ക് ലഭിച്ച ആകെ വരുമാനം. ഇതില്‍ 12.18 കോടി രൂപ ടിക്കറ്റ് വരുമാനമാണ്. ടിക്കറ്റ് ഇതര വരുമാനമായി 0.83 കോടി രൂപയും ലഭിച്ചെന്ന് മന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഈ നേട്ടത്തില്‍ നമുക്ക് അഭിമാനിക്കാം. നമുക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ഒരിക്കല്‍ക്കൂടി കെഎസ്ആര്‍ടിസിയുടെ ജീവനക്കാര്‍ തെളിയിച്ചിരിക്കുകയാണ്. പ്രിയപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരെ നിങ്ങളെയോര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു. നമ്മള്‍ നേടുന്ന ഓരോ നേട്ടങ്ങളും കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ്. ഇനിയും ഏറെ ദൂരം നമ്മള്‍ക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. നമുക്ക് കഴിയും നിങ്ങള്‍ കൂടെ നിന്നാല്‍ മതി' മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.

സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി ഡിസംബറില്‍ ചരിത്ര നേട്ടം സ്വന്തമാക്കി. ഒരുമാസം കൊണ്ട് 5.51 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷനു ലഭിച്ചത്. 2021-ല്‍ ബജറ്റ് ടൂറിസം പദ്ധതി ആരംഭിച്ചശേഷമുള്ള ഏറ്റവും ഉയര്‍ന്ന മാസവരുമാനമാണിത്. ഇതോടെ 2024 ഡിസംബറില്‍ രേഖപ്പെടുത്തിയിരുന്ന നാലര കോടി രൂപയുടെ പ്രതിമാസ റെക്കോര്‍ഡും മറികടന്നു.

ആകര്‍ഷകമായ ടൂര്‍ പാക്കേജുകളും യാത്രക്കാരുടെ മികച്ച പ്രതികരണവുമാണ് ഈ റെക്കോര്‍ഡ് നേട്ടത്തിന് വഴിതെളിച്ചതെന്ന് ബജറ്റ് ടൂറിസം സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ആര്‍.സുനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ 90 കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ 80 ഡിപ്പോകളിലും ബജറ്റ് ടൂറിസം പാക്കേജുകള്‍ നടപ്പാക്കിയിരുന്നു. ഡിസംബറില്‍ മാത്രം സംസ്ഥാനത്താകെ ഇത്തരം 2,505 യാത്രകളാണ് കെഎസ്ആര്‍ടിസി നടത്തിയത്. ഇതിലൂടെ 1,16,300 യാത്രക്കാരാണ് വിവിധ വിനോദസഞ്ചാര-തീര്‍ഥടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

'മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് വിക്രമിന് കിട്ടി; കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി'

ഈ ഭക്ഷണങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തിന് ദോഷകരം

താമര തണ്ട് റെസിപ്പി; രുചിയിലും ആരോ​ഗ്യത്തിലും കിടിലൻ

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉറ്റ ബന്ധം; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കുരുക്കായി പത്മകുമാറിന്റെയും ദേവസ്വം ജീവനക്കാരുടെയും മൊഴികള്‍

SCROLL FOR NEXT