എംപി പരമേശ്വരന്‍ 
Kerala

'ആശയങ്ങളുടെ പ്രവാഹം, കാലഹരണപ്പെടാത്ത സ്വപ്‌നങ്ങള്‍'; ആരായിരുന്നു ഡോ. എംപി പരമേശ്വരന്‍?

വൈരുദ്ധ്യാത്മക ഭൗതികവാദം ഉള്‍പ്പടെയുള്ള ഗഹനമായ വിഷയങ്ങള്‍ എംപി സാധാരണക്കാര്‍ക്കായി ലളിതമായി വിവരിച്ചുനല്‍കി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

മാര്‍ക്‌സിസസത്തില്‍ നിന്ന് അകലാതെ സ്വന്തംരീതിയില്‍ മാര്‍ക്‌സിസത്തെ വ്യാഖ്യാനിച്ചയാളായിരുന്നു ഡോ. എംപി പരമേശ്വരന്‍. സോവിയറ്റ് ലോകത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം ജനാധിപത്യത്തിലായിരുന്നു എംപിയുടെ ഊന്നല്‍. പിന്നാലെയാണ് നാലാം ലോകം ഉണ്ടാകുന്നത്. തുടര്‍ന്ന് എംപിയെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്നാലും തന്റെ പ്രവര്‍ത്തനമേഖലയില്‍ നിന്ന് എംപി പിന്‍മാറിയില്ല. കാലഹരണപ്പെടാത്ത സ്വപ്നങ്ങള്‍ എന്ന പേരില്‍ എം പി എഴുതിയ ആത്മകഥ സൈദ്ധാന്തികവും സംഘടനാപരവും വ്യക്തിപരവുമായുള്ള ഈ പരിവര്‍ത്തനം മനോഹരമായി രേഖപ്പെടുത്തുന്നുണ്ടെന്ന് സാജന്‍ ഗോപാലന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

'അടിസ്ഥാനപരമായി ഒരു മാര്‍ക്‌സിസ്റ്റ് ആയ എം പി താന്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഇടതുപക്ഷം മനസിലാക്കിയില്ല എന്ന് ഖേദിക്കുന്നു. വ്യവസായങ്ങളെ കൃഷിയുമായി കൂട്ടിയിണക്കി ഗ്രാമങ്ങളിലേക്ക് പുനര്‍വിന്യസിക്കുക, നഗര ജനതയെ ഗ്രാമങ്ങളിലേക്ക് പുനരധിവസിപ്പിക്കുക, ജനസാന്ദ്രത ഒരുപോലെയാക്കുക എന്നതൊക്കെ മാര്‍ക്സും ഏംഗേല്‍സും തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നതാണ്. എന്നാല്‍ കേന്ദ്രീകൃതമായ സോഷ്യലിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ ഇത് അസാധ്യമായിരുന്നു. അങ്ങനെ ഉണ്ടായ അമിത നഗരവത്ക്കരണം അസ്ഥിരമായ ഒരു സമൂഹത്തിലേക്കാണ് നയിച്ചത്, എം പി വാദിക്കുന്നു. കേരളത്തെ സംബന്ധിച്ച് ഗ്രാഗര സമ്പത് വ്യവസ്ഥ എന്ന സങ്കല്പനം ഏറ്റവും ഊന്നിപ്പറഞ്ഞത് എം പിയാണ്. എന്നാല്‍ വികേന്ദ്രീകരണത്തിലും ചെറിയ സാങ്കേതിക വിദ്യകളിലും പരന്നു വളരുന്ന നാഗരികതയിലുമാണ് എം പിയുടെ ഊന്നല്‍'- കുറിപ്പില്‍ പറയുന്നു.

ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന ആശയവും മാര്‍ക്‌സിന്റെ വികേന്ദ്രീകരണ സങ്കല്‍പ്പവും തമ്മിലുള്ള സാമന്വയം സാധ്യമാണ് എന്നായിരുന്നു എംപിയുടെ വാദം. ഇന്നത്തെ മഹാ സംഘര്‍ഷങ്ങളെ വെല്ലുവിളിച്ചു മുന്നോട്ടു കുതിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന ആര്‍ക്കും ഈ ചിന്ത അവഗണിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഈ പശ്ചാത്തലത്തിലാണ് പുതിയ ഗ്രാമത്തില്‍ നിന്ന് പുതിയ ലോകത്തിലേക്ക് എന്ന ചിന്ത അദ്ദേഹം അവതരിപ്പിച്ചത്. അടുത്ത തലമുറ വലിയ തോതില്‍ പാരിസ്ഥിതികവും സാംസ്‌കാരികവുമായ കുഴപ്പങ്ങളിലേക്ക് ചെന്നുചേരുമെന്നും പ്രകൃതി ക്ഷോഭവും ഉത്പാദന മാന്ദ്യവും കഠിനമാകും എന്നും എം പി പറയുന്നു. ഉത്പാദനം എന്നതിലല്ല മാനവസന്തുഷ്ടി എന്നതിലായിരിക്കണം ഊന്നല്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം.

1935 ജനുവരി 18 നാണ് എം പിയുടെ ജനനം. തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ നിന്ന് ബിരുദമെടുത്ത എംപി മോസ്‌കോ പവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ആണവശാസ്ത്രത്തില്‍ പിഎച്ഡി നേടി. 1957 ല്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ സയന്റിസ്റ്റ് ആയി. 1975 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനായി.ചിന്ത പ്രസിദ്ധീകരണ സമിതിയല്‍ എംപി തുടക്കത്തില്‍ പ്രവര്‍ത്തിച്ചത്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്ത അദ്ദേഹം മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. വൈരുദ്ധ്യാത്മക ഭൗതികവാദം ഉള്‍പ്പടെയുള്ള ഗഹനമായ വിഷയങ്ങള്‍ എംപി സാധാരണക്കാര്‍ക്കായി ലളിതമായി വിവരിച്ചുനല്‍കി.

ഒരുഘട്ടത്തില്‍ എംപി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രധാന പ്രപവര്‍ത്തകനായി. അതിന്റെ കാരണം ശാസ്ത്രം സാമൂഹിക വിപ്ലവത്തിനായിരികണമെന്ന ഉറച്ച ബോധ്യമായിരുന്നു. പരിഷത്തിനെ ജനകീയ പ്രസ്ഥാനമാക്കി പരിവര്‍ത്തനപ്പെടുത്തുന്നതില്‍ എംപിയുടെ പങ്ക് വളരെ വലുതാണ്. ശാസ്ത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സംഘടന എന്ന നിലയിലാണ് ശാസ്ത്ര സാഹിത്യ പരിഷത്ത്് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു കേരളം മുഴുവന്‍ ശാസ്ത്ര ക്ലാസുകള്‍ എന്നത്. പിന്നീടാണ് ശാസ്ത്ര സാംസ്‌കാരിക ജാഥയും ശാസ്ത്ര കലാജാഥയും വരുന്നത്. ശാസ്ത്ര പ്രചാരണത്തിനായി ശാസ്ത്രം ഉപയോഗിക്കുന്നതിന്റെ ലോകം കണ്ടതില്‍ വച്ച് ഏറ്റവും വിപുലമായ ആവിഷ്‌കാരമാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപപ്പെടുത്തിയത്.

എംപി ആശയങ്ങളുടെ ഒരു പ്രവാഹമാണ്. അത് എല്ലാ മേഖലകളിലും നിറഞ്ഞുനില്‍ക്കുന്നു. ശാസ്ത്രം മാത്രമല്ല, വിദ്യാഭ്യാസം, വികസനം, ആരോഗ്യം, കൃഷി, സിനിമ, എന്നുവേണ്ട എല്ലാ കാര്യങ്ങളിലും എംപിക്ക് വ്യത്യസ്തമായ ഒരു ചിന്തയും പദ്ധതിയുമുണ്ട്. ഇത്തരത്തിലുള്ള മറ്റ് ചിന്തകരില്‍ നിന്ന് എം പിയെ വ്യത്യസ്തനാക്കുന്നത് ഈ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്കാണെന്ന് സാജന്‍ ഗോപാലന്‍ പറയുന്നു. ഒറ്റ വര്‍ഷം കൊണ്ട് കേരളത്തെ നമുക്ക് സമ്പൂര്‍ണ സാക്ഷരമാക്കാം, എം പി പറയുന്നു. നടക്കാത്ത പദ്ധതിയെന്ന് പറഞ്ഞ് എല്ലാവരും എതിര്‍ക്കുന്നു. എം പി മുന്നിട്ടിറങ്ങുന്നു, പിന്നീട് കണ്ടത് ചരിത്രം.

'1983, ഭോപ്പാല്‍ ദുരന്തത്തിന് ശേഷം തിരുവനന്തപുരത്ത് നിന്ന് ഭോപ്പാലിലേക്ക് ആയിരം ശാസ്ത്ര പ്രവര്‍ത്തകര്‍ സഞ്ചരിക്കുന്ന ഒരു സയന്‍സ് ട്രെയിന്‍ സഞ്ചരിക്കുന്നു. ട്രെയിന്‍ മുഴുവന്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകരാണ്. സയന്‍സ് ട്രെയിന്‍ എന്നത് എംപി യുടെ ആശയമാണ്. ഭോപ്പാലില്‍ നടന്നത് വെറും ദുരന്തമല്ല കൂട്ടക്കൊല ആയിരുന്നു എന്നാണ് പരിഷത്ത് അന്ന് വാദിച്ചത്.

ഈ ആശയം ഇന്ത്യ മുഴുവന്‍ പ്രചരിപ്പിക്കാനാണ് പരിഷത്ത് സയന്‍സ് ട്രെയിന്‍ സംഘടിപ്പിച്ചത്. കെഎന്‍ രാജ് കൂടി പങ്കെടുത്ത ചടങ്ങില്‍ ഇകെ നായനാര്‍ ആണ് ട്രെയിനിന് പച്ചക്കൊടി കാട്ടിയത്. ലോകം മുഴുവന്‍ ശ്രദ്ധിച്ച ഒരു ട്രെയിന്‍ യാത്ര. ആ യാത്ര പോലും ഞങ്ങള്‍ക്ക് വലിയൊരു പഠനയാത്ര ആയിരുന്നു.

'എം പീ..ആയിരം പേര്‍ക്ക് മൂന്ന് ദിവസം നാരങ്ങാവെള്ളം ഉണ്ടാക്കിയതിന്റെ ബാക്കി നാരങ്ങയുടെ തൊണ്ട് ബാക്കിയുണ്ട്. അതിനി എന്തുചെയ്യും?' -ചോദിക്കുന്നത് സി കെ ജി ആണ്. 'ബാക്കി തൊണ്ട് നമുക്ക് നാരങ്ങാ അച്ചാറാക്കാം.' എം പിയുടെ മറുപടി ഉടന്‍ വരുന്നു.

യാത്രികര്‍ക്ക് കൊടുത്ത നാരങ്ങാവെള്ളത്തിന്റെ ബാക്കി വന്ന നാരങ്ങാ വച്ച് സി കെ ജിയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഭരണികള്‍ നിറച്ച് അച്ചാറുണ്ടാക്കി. ബുദ്ധന്റെ കഥകളില്‍ കേള്‍ക്കുന്ന മിതവ്യയത്തിന്റെ ബാലപാഠങ്ങളാണ് ഇവിടെ താന്‍ പഠിച്ചതെന്നും പിന്നീട് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചതെന്നും അധ്യാപകനായ സി കെ ജി പറയുന്നു'.

അസാധ്യം എന്ന് നമ്മള്‍ കരുതുന്ന കാര്യങ്ങള്‍ സ്വപ്നം കാണാന്‍ മാത്രമല്ല അത് നടപ്പില്‍ വരുത്താനുമുള്ള കഴിവ് എം പി തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ സമ്പൂര്‍ണ സാക്ഷരത യജ്ഞവും ഭാരത് ഗ്യാന്‍ വിഗ്യാന്‍ സമിതിയും ഭോപ്പാലിലേക്കുള്ള സയന്‍സ് ട്രെയിനുമൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം.

MP Parameswaran's memory

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡോ. എംപി പരമേശ്വരന്‍ അന്തരിച്ചു

ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് വരാം; കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു

'നല്ല തമാശ, ഗെയിം ഓൺ'; ബെംഗളൂരുവിൽ വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിയെന്ന് നടൻ പ്രകാശ് രാജ്

ട്രിപ്പിള്‍ സ്‌ക്രീന്‍ സജ്ജീകരണം, വരുന്നു മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ് യുവി; ബിഇ.07 ഫീച്ചറുകള്‍

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു