Rajmohan Unnithan 
Kerala

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തന്നെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തവര്‍ക്ക് സീറ്റ് നല്‍കുന്നത് മുന്നണിയുടെ വിജയത്തിന് ഉതകുന്നതല്ലെന്ന് ഉണ്ണിത്താന്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം കൊടുക്കേണ്ടതില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഒരാള്‍ക്ക് അവസരം നല്‍കിയാല്‍ രണ്ടാമത്തെയാള്‍ വരും. പിന്നാലെ മൂന്നാമത്തെ ആളും വരും. അത് പാര്‍ട്ടിയുടെ മുഴുവന്‍ പ്രതിച്ഛായയെയും ബാധിക്കും. താന്‍ നിയമസഭ തെരഞ്ഞെടുപ്പിന് മത്സരരംഗത്തേക്ക് ഇല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

എംപിമാരെ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ഒരു കാരണവശാലും പരിഗണിക്കരുത്. എംപിമാരുടെ ജോലി, തങ്ങളുടെ പാര്‍ലമെന്റ് മണ്ഡലത്തില്‍ വരുന്ന അസംബ്ലി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്നതാണ്. ആ ദൗത്യമാണ് അവര്‍ ഏറ്റെടുക്കേണ്ടത്. ഇപ്പോള്‍ തര്‍ക്കം ഉണ്ടെന്ന് പറഞ്ഞ് ഒഴിച്ചിട്ടിരിക്കുന്ന കോന്നിയിലും കണ്ണൂരും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ പ്രശ്‌നം അതോടെ തീരുമല്ലോയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതോടു കൂടി എല്ലാ വിഷയങ്ങളും അവസാനിക്കും. സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിച്ചാല്‍ എംപിമാരുടെ സ്ഥാനാര്‍ത്ഥി മോഹമെല്ലാം അതോടെ തീരും. കെ സുധാകരന്‍ ഞാന്‍ താമസിപ്പിക്കുന്ന ഫ്‌ലാറ്റിലാണ് താമസിക്കുന്നത്. എന്നാല്‍ സുധാകരനെപ്പോലെ വലിയ ഒരാളെ സാന്ത്വനിപ്പിക്കാന്‍ പോകേണ്ട ആളല്ല ഞാന്‍. അദ്ദേഹം കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ നില്‍ക്കുമ്പോള്‍, എംപിമാര്‍ മത്സരിക്കരുതെന്നു പറഞ്ഞ എന്നെ കാണുന്നത് ചതുര്‍ത്ഥി കാണുന്നതിന് തുല്യമാണ്. അതുകൊണ്ട് ഒരു കാരണവശാലും സുധാകരനെ കാണാന്‍ പോകുന്നില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയോ യുഡിഎഫോ പ്രതിസന്ധിയിലാണെന്ന് വിശ്വസിക്കുന്നില്ല. തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കേരളത്തിലെ പൊതുജനസമൂഹം കഴിഞ്ഞ 10 വര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് അധികാരം യുഡിഎഫിന്റെ കൈകളിലേക്ക് ഏല്‍പ്പിക്കാന്‍ കാത്തിരിക്കുന്ന സന്ദര്‍ഭമാണ്. കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടപെട്ടെന്ന വാര്‍ത്ത രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിഷേധിച്ചു.

അതേസമയം തന്നെ അപമാനിക്കുകയും അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന, കാസര്‍കോട്ടെ കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായി എതിര്‍ക്കുന്ന ആളുകള്‍ക്ക് സീറ്റ് നല്‍കിയാല്‍ അത് ഒരിക്കലും മുന്നണിയുടെ വിജയത്തിന് ഉതകുന്നതല്ല. അത് വിനാശകാലേ വിപരീത ബുദ്ധി ആയിരിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ആരെയാണ് ഉദ്ദേശിച്ചതെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Rajmohan Unnithan says that members of Parliament should not be given the opportunity to contest in the assembly elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

SCROLL FOR NEXT