കാസർകോട്: വർഗീയ സംഘർഷത്തിനിടെ 2008 ൽ അടുക്കത്ത് ബയല്‍ ബിലാല്‍ മസ്ജിദിന് സമീപത്തെ സിഎ മുഹമ്മദ് ഹാജിയെ (56) കുത്തികൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ പ്രതികളായ സന്തോഷ് നായിക് എന്ന ബജെ സന്തോഷ് (36), കെ ശിവപ്രസാദ് എന്ന ശിവൻ (40), കെ അജിത് കുമാർ എന്ന അജ്ജു (35), കെ ജി കിഷോർ കുമാർ എന്ന കിഷോർ (39) എന്നിവർക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും അടക്കാൻ കോടതി ഉത്തരവിട്ടു.
2008 ഏപ്രിൽ 18 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ജുമുഅയ്ക്ക് നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോവുന്നതിനിടെയാണ് ബിലാൽ മസ്ജിദ് കമ്മിറ്റി പ്രസിഡന്റായിരുന്നു മുഹമ്മദ് ഹാജിയെ ഒരു സംഘം സംഘപരിവാർ പ്രവർത്തകർ തടഞ്ഞുനിർത്തി കുത്തികൊലപ്പെടുത്തിയത്. കേസിൽ ദൃക്സാക്ഷിയായ കൊല്ലപ്പെട്ട സി എ മുഹമ്മദ് ഹാജിയുടെ മകൻ ശിഹാബ്, വഴി യാത്രക്കാരൻ എന്നിവരുടെ മൊഴികളാണ് നിർണായകമായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അന്നത്തെ വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന ഇപ്പോഴത്തെ കാസര്‍കോട് അഡീഷനല്‍ എസ്പി പി ബാലകൃഷ്ണന്‍ നായരായിരുന്നു കേസ് അന്വേഷിച്ചത്. പ്രതികളെ രണ്ടാഴ്ചയ്ക്കുള്ളില്‍ കർണാടകയിലെ കങ്കനാടിയിൽ നിന്ന് അറസ്റ്റ് ചെയ്തു. 2018ൽ കേസിന്‍റെ വിചാരണ കഴിഞ്ഞിരുന്നു. 2008 മുതലാണ് കാസർകോട്ട് തുടർച്ചയായ കൊലപാതകങ്ങൾ നടന്നത്. നാലു ദിവസത്തിനിടെ നാല് കൊലപാതകങ്ങളാണ് ഉണ്ടായത്. ഈ കൊലപാതകങ്ങളിൽ പ്രതികൾ ആദ്യമായി ശിക്ഷിക്കപ്പെടുന്നത് സി എ മുഹമ്മദ് ഹാജി വധക്കേസിലാണ്.
2008 ഏപ്രിൽ 14നായിരുന്നു നെല്ലിക്കുന്നിലെ സന്ദീപ് കൊല്ലപ്പെടുന്നത്. ഏപ്രിൽ 16ന് നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മുഹമ്മദ് സിനാനും ശേഷം കാസർകോട്ടെ പ്രമുഖ അഭിഭാഷകനായ പി സുഹാസും കൊല്ലപ്പെട്ടു. പിന്നാലെയാണ് സിഎ മുഹമ്മദ് കൊല്ലപ്പെടുന്നത്. സന്ദീപ്, സിനാൻ എന്നിവരുടെ കൊലപാതകക്കേസുകളിൽ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടിരുന്നു. സുഹാസ് വധക്കേസ് തലശ്ശേരി സെഷൻസ് കോടതിയുടെ പരിഗണനയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates