തേനി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്നും ഡാമിന് കേടുപാടുകളില്ലെന്നും നാഷണല്‍ ഡാം സേഫ്റ്റി അതോറിറ്റി(എന്‍ഡിഎസ്എ) ചെയര്‍മാന്‍ അനില്‍ ജെയിന്‍. അണക്കെട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തി നാലാമത്തെ മേല്‍നോട്ട സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അണക്കെട്ടിന്റെ ഘടന, ഉപകരണങ്ങള്‍, ഹൈഡ്രോ -മെക്കാനിക്കല്‍ ഘടകങ്ങള്‍, ഗാലറി എന്നിവയുള്‍പ്പെടെ വിവിധ വശങ്ങള്‍ സമിതി പരിശോധിച്ചു. '2025 ലെ മണ്‍സൂണിന് ശേഷമുള്ള അണക്കെട്ടിന്റെ സ്ഥിതി പരിശോധിച്ചു. അണക്കെട്ടിന് നിലവില്‍ ആശങ്കപ്പെടുത്തുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പരിസ്ഥിതിയെ ബാധിക്കുന്ന ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു.
'അണക്കെട്ടിനെ ചൊല്ലിയുള്ള കേരളത്തിനും തമിഴ്നാടിനും ഇടയിലുള്ള പ്രശ്നങ്ങള്‍ മേല്‍നോട്ട സമിതി യോഗത്തില്‍ രമ്യമായി പരിഹരിച്ചു. തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിന് ചില ഉപകരണങ്ങള്‍ നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി. വനമേഖലയിലൂടെ അണക്കെട്ട് പ്രദേശത്തേക്ക് തമിഴ്നാടിന് വേണ്ടവിധം പ്രവേശനം നല്‍കാനും കേരള സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്'. അദ്ദേഹം പറഞ്ഞു.
അണക്കെട്ടിന്റെ വെള്ളത്തിനടിയിലെ അവസ്ഥ വിലയിരുത്തുന്ന റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍ (ആര്‍ഒവി) സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടുത്ത നടപടികളെക്കുറിച്ചും സമിതി ചര്‍ച്ച ചെയ്തു. റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക്, കേരളം വേഗത്തില്‍ തീരുമാനമെടുക്കുകയും ഗ്രൗട്ടിംഗ് ജോലികള്‍ തുടരാന്‍ അനുവദിക്കും.
അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച സമഗ്രമായ വിലയിരുത്തലുകളുടെ സാധ്യതയും മേല്‍നോട്ട ഉപസമിതികള്‍ തീരുമാനിച്ചിട്ടുണ്ട്. മൂല്യനിര്‍ണ്ണയത്തിന് ആവശ്യമായ സ്വതന്ത്ര വിദഗ്ധ സമിതിയില്‍ ഉള്‍പ്പെടുത്തേണ്ട വിദഗ്ധരുടെ പട്ടിക ഇരു സംസ്ഥാനങ്ങളും സമര്‍പ്പിക്കും. ചട്ടങ്ങള്‍ പ്രകാരം, പാനല്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് എന്‍ഡിഎസ്എ അന്തിമ തീരുമാനം എടുക്കും. ബേബി ഡാമിലെ അറ്റകുറ്റപ്പണികളില്‍ തമിഴ്നാടിന്റെ ആവശ്യത്തില്‍ മരങ്ങള്‍ മുറിക്കുന്നതിന് പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയത്തില്‍ നിന്ന് അനുമതി നേടണമെന്നും അനില്‍ ജെയിന്‍ പറഞ്ഞു.
എന്‍ഡിഎസ്എ ചെയര്‍മാന്‍ അനില്‍ ജെയിന്‍, എന്‍ഡിഎസ്എ അംഗം (ദുരന്തവും പ്രതിരോധശേഷിയും) നോഡല്‍ ഓഫീസര്‍ രാകേഷ് ടോട്ടേജ, ആനന്ദ് രാമസാമി, തമിഴ്നാട് സൂപ്പര്‍വൈസറി കമ്മിറ്റി സെക്രട്ടറി ജെ ജയകാന്തന്‍, കേരള സൂപ്പര്‍വൈസറി കമ്മിറ്റി അംഗം ബിശ്വനാഥ് സിന്‍ഹ, സൂപ്പര്‍വൈസറി കമ്മിറ്റി ചെയര്‍മാന്‍ ആര്‍ സുബ്രഹ്മണ്യന്‍, ഗോക് അംഗം ആര്‍ പ്രിയേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് മുല്ലപ്പെരിയാര്‍, ബേബി ഡാം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates