കൊച്ചി: മുനമ്പം ഭൂമി തര്‍ക്കം പരിശോധിക്കാന്‍ നിയമിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അല്ലെങ്കില്‍ അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമല്ലെന്ന് സര്‍ക്കാര്‍. സ്വന്തം ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കമ്മീഷന് അധികാരമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി.
കമ്മീഷന്‍ ഒരു വസ്തുതാന്വേഷണ അതോറിറ്റി മാത്രമാണ്. ഭൂമിയുടെ ഉടമസ്ഥാവകാശ പ്രശ്‌നങ്ങളിലോ തര്‍ക്കങ്ങളിലോ വിധി പറയാന്‍ അധികാരമില്ല. സര്‍ക്കാരിന് നടപടിയെടുക്കാന്‍ ആവശ്യമായ വസ്തുതകള്‍ നല്‍കുക എന്നതുമാത്രമാണ് കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് എറണാകുളത്തെ കേരള വഖഫ് സംരക്ഷണ വേദി സമര്‍പ്പിച്ച ഹര്‍ജിക്ക് മറുപടിയായാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം സമര്‍പ്പിച്ചത്.
സിവില്‍ കോടതിയും ഹൈക്കോടതിയും കണ്ടെത്തിയ വസ്തുതകള്‍ക്ക് വിരുദ്ധമായി, വസ്തുതാന്വേഷണത്തിനായി കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ഭൂമി വഖഫ് സ്വത്താണെന്ന് കോടതികള്‍ കണ്ടെത്തിയതാണെന്നും ഹര്‍ജിക്കാരായ വഖഫ് സംരക്ഷണ വേദി ചൂണ്ടിക്കാട്ടുന്നു.
മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതില്‍ സര്‍ക്കാരിന്റെ അധികാരത്തെ ജനുവരി 24 ന് ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. സര്‍ക്കാര്‍ തീരുമാനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. വിഷയത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷനോട് നിര്‍ദേശിച്ചിട്ടുള്ളത്. കമ്മീഷന്റെ നിയമനം മൂലം ഹര്‍ജിക്കാര്‍ ഉള്‍പ്പെടെ ആര്‍ക്കും ഒരു ദോഷവും ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates