തിരുവനന്തപുരം: മലബാറിലെ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായ മുസ്ലിം ലീഗ്, വടക്കന്‍ കേരളത്തിന് പുറത്തേക്ക് കൂടി സ്വാധീനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. പാന്‍ കേരള പാര്‍ട്ടിയായി അറിയപ്പെടുക എന്ന ലക്ഷ്യത്തോടെ, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് തെക്കന്‍ കേരളത്തില്‍ വിജയിക്കുന്ന ഒരു സീറ്റ് തേടുകയാണ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ നാലു സീറ്റുകളാണ് ലീഗ് നോട്ടമിട്ടിട്ടുള്ളത്.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള നാല് നിയമസഭാ മണ്ഡലങ്ങളാണ് ചോദിക്കാനായി പാര്‍ട്ടി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വര്‍ക്കല, വാമനപുരം, നെടുമങ്ങാട്, തിരുവനന്തപുരം മണ്ഡലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഈ മണ്ഡലങ്ങളെല്ലാം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കൈകളിലാണ്. നാല് സീറ്റുകളില്‍ വര്‍ക്കലയ്ക്കാണ് ലീഗ് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്.
മുമ്പ് കഴക്കൂട്ടം, തിരുവനന്തപുരം വെസ്റ്റ് എന്നീ രണ്ട് നിയമസഭാ സീറ്റുകളില്‍ മുസ്ലിം ലീഗ് മത്സരിച്ചിട്ടുണ്ട്. എന്നാല്‍ മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷമുള്ള മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍, വര്‍ക്കല സീറ്റാണ് ലീഗ് പ്രധാനമായും താല്‍പ്പര്യപ്പെടുന്നത്. 'യുഡിഎഫിന്റെ പിന്തുണയോടെ, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് വര്‍ക്കലയില്‍ വിജയിക്കാന്‍ കഴിയുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ട്'. ഒരു ലീഗ് നേതാവ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
'ന്യൂനപക്ഷ-പിന്നാക്ക ജാതി സാന്നിധ്യം, യുഡിഎഫിന്റെ സ്വാധീനം എന്നിവ അടിസ്ഥാനമാക്കിയാണ് നാല് മണ്ഡലങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. വര്‍ക്കലയില്‍ ലീഗിന് നല്ല അടിത്തറയുണ്ട്. ഇടതു സര്‍ക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരം കണക്കിലെടുക്കുമ്പോള്‍ മൂന്ന് മണ്ഡലങ്ങളിലും ലീഗിന് എതിരാളികള്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു'. ലീഗ് നേതാവ് കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയശേഷമാണ് തിരുവനന്തപുരത്തെ നാലു സീറ്റുകള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. 1982ല്‍ തിരുവനന്തപുരം വെസ്റ്റില്‍ ലീഗ് സ്ഥാനാര്‍ത്ഥി മുഹമ്മദ് കണ്ണ് വിജയിച്ചിരുന്നു. 2006-ല്‍ മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും അവസാന നിമിഷം ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് (കരുണാകരന്‍) സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ലീഗ് മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
കഴക്കൂട്ടത്ത് 1967-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എം എച്ച് സാഹിബ് ലീഗിനായി ആദ്യ വിജയം നേടി. എന്നാല്‍ 1987-ലും 1996-ലും ലീഗ് പരാജയപ്പെട്ടു. നിലവില്‍ ഈ രണ്ട് സീറ്റുകളും കോണ്‍ഗ്രസിന്റെ കൈവശമാണ്. വര്‍ക്കല പോലുള്ള വിജയിക്കാവുന്ന ഒരു സീറ്റിലേക്ക് കോണ്‍ഗ്രസ് മുസ്ലിംലീഗിനെ പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.വാമനപുരം, നെടുമങ്ങാട് തുടങ്ങിയ സീറ്റുകളിലും വിജയസാധ്യതയുള്ളതായി ലീഗ് നേതൃത്വം വിലയിരുത്തുന്നു.
കൊല്ലം ജില്ലയിലെ ഇരവിപുരം മണ്ഡലം തിരികെ ചോദിക്കാനും മുസ്ലിം ലീഗ് നേതൃത്വം ആലോചിക്കുന്നു. 1982 മുതല്‍ ലീഗ് ഈ മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നു. 1991 ല്‍ പി കെ കെ ബാവ ലീഗിന് വേണ്ടി സീറ്റ് നേടി യുഡിഎഫ് മന്ത്രിസഭയില്‍ മന്ത്രിയുമായിരുന്നു. 2016 ല്‍ ആര്‍എസ്പിക്ക് സീറ്റ് നല്‍കി ലീഗ് പുനലൂരില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2021 ലും പുനലൂരില്‍ നിന്നും വിജയിക്കാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് തങ്ങളുടെ പരമ്പരാഗത സീറ്റ് തിരികെ നല്‍കുകയോ, അതല്ലെങ്കില്‍ വിജയസാധ്യതയുള്ള പുതിയ സീറ്റ് നല്‍കുകയോ ചെയ്യണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates