Sadiq Ali Shihab Thangal Express Concern Over 'Low' Liquor Tax 
Kerala

എതിര്‍പ്പിന് വീര്യം കൂടുന്നു; 'കുറഞ്ഞ' മദ്യ നികുതിയില്‍ ആശങ്കയറിയിച്ച് സാദിഖലി തങ്ങളും രംഗത്ത്

ലീഗ് നിയമസഭാ കക്ഷി യോഗത്തിലും മദ്യനയത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊച്ചി: സംസ്ഥാന ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന് 'കുറഞ്ഞ' നികുതി പ്രഖ്യാപിച്ചതില്‍ വിവാദം കൂടുതല്‍ ശക്തമാകുന്നു. ബജറ്റിലെ പ്രഖ്യാപനത്തില്‍ ആശങ്കയറിയിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും രംഗത്തെത്തിയതോടെ ഭരണപക്ഷത്തും എതിര്‍പ്പ് കൂടുകയാണ്. സര്‍ക്കാര്‍ ലഹരിവിരുദ്ധ ദൗത്യമായ ഓപ്പറേഷന്‍ തൂഫാനെ പിന്തുണച്ച് ലീഗ് മുഖപത്രമായ ചന്ദ്രികയിലും സമസ്ത മുഖപത്രമായ സുപ്രഭാതത്തിലും എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ആശങ്ക വ്യക്തമാക്കിയിരിക്കുന്നത്. 10% വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനം നികുതി, 10-20% വീര്യമുള്ളതിന് 175 ശതമാനം നികുതി എന്നിങ്ങനെയാണ് വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനം.

'ലഹരിയെ നാടുകടത്താനുള്ള ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയെ നാടും നഗരവും ഏറ്റെടുക്കുമ്പോള്‍ തന്നെ ബജറ്റിലെ മദ്യനികുതി ഇളവുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ ദുരീകരിക്കാനും കഴിയണം' - 'പിറക്കട്ടെ ലഹരിമുക്ത ഗ്രാമങ്ങള്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ വരിയാണിത്. പുതിയ തലമുറയെ ലഹരിയുടെ പിടിയില്‍ അകപ്പെടാതെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ലേഖനത്തില്‍, നികുതി കുറഞ്ഞ മദ്യം വിപണിയിലെത്തുമ്പോള്‍, ലഹരി സുലഭമാകുമെന്ന ആശങ്ക ദുരീകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

നികുതി കുറച്ചതിലൂടെ വീര്യം കുറഞ്ഞ മദ്യം സുലഭമാകുമെന്നും അത് വലിയ തോതിലുള്ള മദ്യവ്യാപനത്തിന് വഴിയൊരുക്കുമെന്നുമുള്ള ക്രൈസ്തവ സഭകളുടെയും മദ്യവിരുദ്ധ സംഘടനകളുടെയും ആശങ്കകള്‍ ശരിവെക്കുന്നതാണ് തങ്ങളുടെ നിലപാട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് നിയമസഭാ കക്ഷി യോഗത്തിലും സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. യുഡിഎഫ് യോഗത്തില്‍ ഈ വിഷയം ശക്തമായി ഉന്നയിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കെയാണ് തങ്ങള്‍ തന്നെ നേരിട്ട് നയം വ്യക്തമാക്കുന്നത്.

ലേഖനത്തിന്റെ പൂര്‍ണരൂപം

കേരളത്തെ കാര്‍ന്നുതിന്നുന്ന മാരക വിപത്തായി ലഹരി മാറിക്കഴിഞ്ഞു. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങിയ തലങ്ങളില്‍ ലഹരി ഉപയോഗിക്കുന്നവര്‍ സൃഷ്ടിക്കുന്ന മുറിവുകള്‍ നിസ്സാരമല്ല. സോ ഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, എന്‍ക്രിപ്റ്റഡ് ചാറ്റുകള്‍, വ്യാജ അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ പെയ്‌മെന്റുകള്‍ തുടങ്ങിയ ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കുകള്‍ വഴിയാണ് ലഹരി വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നത്. കുട്ടികളെയും സ്ത്രീകളെയും വരെ കാരിയര്‍മാരാക്കി കൊണ്ടാണ് ലഹരിമാഫിയകള്‍ വിപണനം നടത്തുന്നത്. വേഗത്തില്‍ ആനന്ദം പകരുന്ന ഒന്നായും തോല്‍വികള്‍ മറക്കാനുള്ള ഒറ്റമൂലിയുമായിട്ടാണ് ലഹരിവസ്തുക്കളെ പലരും കണക്കാക്കുന്നത്. നിങ്ങള്‍ ഇതുവരെ ഇതൊന്നും ഉപയോഗിച്ചിട്ടില്ലേ, നിങ്ങള്‍ ഈ ലോകത്ത് ഒന്നുമല്ലേ ജീവിക്കുന്നതെന്ന ലഹരി മാഫിയക്കാരുടെ പ്രചരണത്തില്‍ കുടുങ്ങിയാണ് പലരും ചതിക്കുഴികളില്‍ വീഴുന്നത്.

രുചിച്ചു നോക്കുന്നവരില്‍ ഇരുപത് ശതമാനം പേര്‍ കാലാന്തരത്തില്‍ ഭക്ഷണവും പാനീയവും കണക്കെ ലഹരി ഉപയോഗിക്കുന്നവരായി മാറുകയാണെന്ന് പലപഠനങ്ങളും പറയുന്നു. സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം വര്‍ദ്ധിക്കുന്നത് ഏറെ ആശങ്കജനകമാണ്. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകള്‍ ഉള്‍പ്പെടെ കുടുംബബന്ധങ്ങളിലെ വിള്ളലുകളാണ് കുട്ടികളെ പ്രധാനമായും ലഹരിയിലേക്ക് തള്ളിവിടുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് കിട്ടുന്ന പരിഗണന പോലും വീട്ടില്‍ കിട്ടാതെ വരുമ്പോള്‍ സ്‌നേഹവും സന്തോഷവും തേടിയുള്ള അബദ്ധസഞ്ചാരങ്ങളാണ് കുട്ടികളെ ലഹരിവലകളില്‍ എത്തിക്കുന്നത്. വീടുകളില്‍ വെച്ച് നടക്കുന്ന പല ആഘോഷങ്ങളിലും ലഹരി വിളമ്പുന്നതും കുട്ടികളെ വഴിതെറ്റിക്കുന്ന മറ്റൊരു പ്രധാന കാരണമാണ്.

കൂട്ടുകാര്‍ക്ക് ഇടയില്‍ ഹീറോ പരിവേഷം കിട്ടാന്‍ വേണ്ടി ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്. ലഹരിയില്‍ അധിഷ്ഠിതമായ കുറ്റകൃത്യങ്ങള്‍ സമൂഹത്തെയാകെ ബാധിക്കുന്നതാണ്. നമ്മുടെ നാടുകളില്‍ നടക്കുന്ന കൊലപാതകങ്ങള്‍, മോഷണങ്ങള്‍, സ്ത്രീപീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ പ്രതികളായി മാറുന്നവരില്‍ ഭൂരിഭാഗം പേരും ലഹരി ഉപയോഗിക്കുന്നവരും ഇരകളില്‍ കൂടുതലാളുകളും അത് ഉപയോഗിക്കാത്തവരുമാണ്. ചിന്താശേഷിയും ഓര്‍മ്മശക്തിയും കവരുകയും ഹൃദയത്തിനും കരളിനും കിഡ്നിക്കും ശ്വാസകോശങ്ങള്‍ക്കും അപകടം വരുത്തിവെക്കുകയും ചെയ്യുന്ന ലഹരിയുടെ ശാരീരിക ദോഷഫലങ്ങളെ കുറിച്ച് കൂടുതലായി സമൂഹത്തില്‍ ബോധവത്കരണം നടക്കേണ്ടതുണ്ട്. നമ്മുടെ സമ്പദ്ഘടനക്ക് ഏല്പിക്കുന്ന ആഘാതങ്ങളും ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്.

ലഹരി ഉപയോഗിക്കാത്ത വിടുകള്‍ പോലെ ലഹരിമുക്ത ഗ്രാമങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടണം. ആ വലിയ ലക്ഷ്യത്തോടെയാണ് വിഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ഓപ്പറേഷന്‍ തൂഫാന്‍ പ്രഖ്യാപിച്ചത്. കുറഞ്ഞ ദിവസത്തിനുള്ളില്‍ തന്നെ 10 കോടിയുടെ ലഹരി വസ്തുക്കള്‍ പിടികൂടിയതും ഏതാണ്ട് മുവ്വായിരം പേരെ അറസ്റ്റ് ചെയ്തതും എടുത്തുപറയേണ്ടതുണ്ട്. അയല്‍ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം വിളിച്ചുചേര്‍ത്തും കര, കടല്‍, ആകാശ മാര്‍ഗം ഉപയോഗിച്ച് കൊണ്ടുള്ള വേട്ടകള്‍ ശക്തമാക്കിയും ലഹരിയുടെ വേരറുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് കേരളീയ പൊതുസമൂഹം ഉറച്ച പിന്തുണ നല്‍കേണ്ടതുണ്ട്. ആരാധനാലയങ്ങളും വായനശാലകളും സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കൊണ്ട് ആരോഗ്യവിദഗ്ധരും നിയമപാലകും ബോധവല്‍ക്കരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കൂടുതല്‍ പേരിലേക്ക് എളുപ്പത്തില്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ കൈമാറാന്‍ അവസരമൊരുക്കും.

പാഠപുസ്തകങ്ങളില്‍ ലഹരി സൃഷ്ടിക്കുന്ന വിപത്തുകള്‍ പഠനവിഷയങ്ങളായി മാറ്റാനും കഴിയേണ്ടതുണ്ട്. ഞാനും എന്റെ കുടുംബവും ലഹരി ഉപയോഗിക്കാറില്ല, അതിനാല്‍ ഞങ്ങള്‍ സുരക്ഷിതരാണെന്ന ധാരണയാണ് നമ്മള്‍ ആദ്യം നീക്കേണ്ടത്. കുട്ടികളെ വിട്ട് പുകയില, സിഗരറ്റ്, മുറുക്കാന്‍ തുടങ്ങിയവ വാങ്ങിപ്പിക്കുന്ന പ്രവണതയില്‍ നിന്ന് രക്ഷിതാക്കളും പിന്തിരിയണം. കുട്ടികളുടെ കൂട്ടുകാര്‍ ആരാണെന്നും അവരുടെ കുടുംബ പശ്ചാത്തലം എങ്ങിനെയാണെന്നും മനസിലാക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. കുട്ടികള്‍ക്ക് കളിക്കളത്തിലേക്കും വായനയുടെ ലോകത്തേക്കും എന്‍എസ്എസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തുടങ്ങിയ സേവനകൂട്ടങ്ങളിലേക്കുമുള്ള വഴികള്‍ കാണിച്ചുകൊടുക്കാന്‍ അധ്യാപകരും മുന്നിട്ടിറങ്ങണം.

ലഹരിയെ നാടുകടത്താനുള്ള ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയെ നാടും നഗരവും ഏറ്റെടുക്കുമ്പോള്‍ തന്നെ ബജറ്റിലെ മദ്യനികുതി ഇളവുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ ദുരീകരിക്കാനും കഴിയണം. ജനിച്ചു വളര്‍ന്ന നാട് ലഹരിമരുന്നിന്റെ പിടിയില്‍ അകപ്പെടുകയും തന്റെ രണ്ട് സുഹൃത്തുക്കള്‍ ഉള്‍പ്പെടെ മരണപ്പെടുകയും ചെയ്തപ്പോള്‍ ഛത്തീസ്ഗഡ് സ്വദേശി ഹേം കുമാര്‍ ദേവ ഗാവ് ലഹരി വിരുദ്ധ സന്ദേശവുമായി രാജ്യമാകെ സഞ്ചരിച്ചിരുന്നു. ദിവസവും നുറ് കിലോമീറ്റര്‍ ദൂരം സൈക്കിള്‍ യാത്ര നടത്തിയാണ് അദ്ദേഹം പോരാട്ടം നടത്തിയത്. 'നമ്മുടെ കുട്ടികളെ ലഹരിയില്‍ നിന്നും മോചിപ്പിക്കേണ്ടത് അമ്മമാരാണ്. കൊച്ചി മുതല്‍ തലസ്ഥാന നഗരി വരെ പന്ത്രണ്ട് അമ്മമാര്‍ നടത്തിയ യാത്രയും ശ്രദ്ധേയമായിരുന്നു. ആ യാത്രകളെ ഓര്‍മിപ്പിക്കും വിധം കേരളത്തിലെ ഭാവി തലമുറക്ക് വേണ്ടി അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ലഹരി വിരുദ്ധയാത്രയിലാണ്. വാരിയര്‍ബാഡ്ജ് അണിഞ്ഞ് കുടുംബസമേതം നമുക്കും ലഹരിവിരുദ്ധ യുദ്ധമായ തൂഫാനില്‍ ഒപ്പം ചേരാം.

Muslim League State President Sadiq Ali Shihab Thangal Express Concern Over 'Low' Liquor Tax

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബസ് കൃത്യസമയത്ത് എത്തിയിരുന്നെങ്കില്‍....', മകനെ ബസ് കയറ്റിവിടാന്‍ ഇനി അച്ഛനും ഇല്ല; ടിപ്പര്‍ ലോറി അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു

'ജയിച്ചിട്ടും ചിലര്‍ എന്നെ വെറുമൊരു നടന്‍ എന്ന് വിളിച്ചു കളിയാക്കുന്നു', ദ്വിഭാഷ നയത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് വിജയ് സഭയില്‍

'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക, തെങ്ങിന് ചിരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഈ തര്‍ക്കം കണ്ട് ചിരിച്ചേനെ'; ഹര്‍ജിക്കാരനോട് ഹൈക്കോടതി

പൊതുടാപ്പുകളിൽ കലക്കവെള്ളം; യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കളക്ടറുടെ നിർദ്ദേശം

'പൊന്നിൻ കട്ടയാണെന്നാലും...' 49 വ‍ർഷങ്ങൾക്ക് ശേഷം അനശ്വര ഗാനം പുതിയ ഭാവത്തിൽ; 'അനന്തൻ കാടിലെ' ആദ്യ ഗാനം