അപു ജോണ്‍ ജോസഫ് 
Kerala

മൂവാറ്റുപുഴ ജില്ലാ രൂപീകരണ ചർച്ചകൾ അപക്വം; സമഗ്രമായ പഠനം അനിവാര്യമെന്ന് ചീഫ് വിപ്പ് അപു ജോൺ ജോസഫ്

തൊടുപുഴ ഇടുക്കിയുടെ സാമ്പത്തിക നട്ടെല്ല്; പുതിയ ജില്ല പ്രഖ്യാപിക്കുന്നത് അത്ര ലളിതമല്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി: മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന വിഷയത്തിൽ ഇപ്പോൾ നടക്കുന്ന ചർച്ചകൾ അപക്വമാണെന്ന് ചീഫ് വിപ്പും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫ്. മുന്നണി തലത്തിലോ സർക്കാർ തലത്തിലോ ഇത്തരമൊരു വിഷയത്തിൽ യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും അദ്ദേഹം തൊടുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.

മൂവാറ്റുപുഴ ജില്ല വേണമെന്ന കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന്റെ ദീർഘകാല ആവശ്യത്തോട്, വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്റെ മകൻ കൂടിയായ അപു ജോൺ ജോസഫ്.

താൻ ജനിച്ച് വളർന്ന ഇടുക്കി ജില്ലയുടെ ഭാഗമായി അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ അപു ജോൺ ജോസഫ്, ജില്ലയുടെ ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ പ്രത്യേകതകൾ എടുത്തുപറഞ്ഞു. "ഇടുക്കി വികസനപരമായി പിന്നാക്കം നിൽക്കുന്ന ജില്ലയാണ്. ജില്ലയുടെ 50 ശതമാനത്തിലധികവും വനഭൂമിയാണ്. എന്നാൽ തൊടുപുഴ മുനിസിപ്പാലിറ്റിയും അറക്കുളം, ഉടുമ്പന്നൂർ തുടങ്ങിയ ലോ റേഞ്ച് പ്രദേശങ്ങളും ഒഴിവാക്കിയാൽ ഇടുക്കിയിലെ വനവിസ്തൃതി 70 ശതമാനത്തിനും മുകളിലാകും. ഹൈറേഞ്ചിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വലിയ പരിമിതികളുണ്ട്. ഇടുക്കിയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സും വാണിജ്യ കേന്ദ്രവും തൊടുപുഴയും പരിസരങ്ങളുമാണ്. അതിനാൽ സാമ്പത്തിക, ജനസംഖ്യാ, ഭൂമിശാസ്ത്ര ആഘാതങ്ങൾ പഠിക്കാതെ ഇത്തരം ചർച്ചകളിലേക്ക് കടക്കരുത്," അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു ജില്ല പ്രഖ്യാപിക്കുന്നത് ഇന്ന് തീരുമാനിച്ച് നാളെ നടപ്പിലാക്കാൻ കഴിയുന്ന അത്ര ലളിതമായ കാര്യമല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കളക്ടറേറ്റും എസ്.പി ഓഫീസും അടക്കമുള്ള ഭരണസംവിധാനങ്ങൾക്കായി ഭൂമി ഏറ്റെടുക്കാനും പുതിയ ജീവനക്കാരെ നിയമിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ആയിരക്കണക്കിന് കോടി രൂപയുടെ ബാധ്യത സർക്കാരിനുണ്ടാകും. മുൻപ് മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തെക്കുറിച്ച് പഠിച്ച ബാബു പോൾ കമ്മീഷന്റെ കണ്ടെത്തലുകളും സാമ്പത്തിക പ്രതിസന്ധിയും കാരണമാണ് മുൻ സർക്കാരുകൾ ഇതിൽ നിന്നും പിൻവാങ്ങിയത്. 14 ജില്ലകളുമായി ഒത്തൊരുമയോടെ മുന്നോട്ടുപോകുന്ന സംസ്ഥാനത്ത്, വിഷയത്തിൽ സമഗ്രമായ പഠനം നടത്തുന്നതിന് മുൻപ് വാക്പോരുകളിലേക്ക് കടക്കുന്നത് ശരിയായ പ്രവണതയല്ലെന്നും ചീഫ് വിപ്പ് കൂട്ടിച്ചേർത്തു.

Kerala Chief Whip and Thodupuzha MLA Apu John Joseph stated on Monday that current public debates surrounding the proposed creation of a separate Muvattupuzha district are premature, as no formal discussions have taken place within ruling fronts or at the government level

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപ്തിക്കായി കെസി പക്ഷം, അയിഷയ്ക്കായി വിഡി സതീശനും; വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ആര്?, ചര്‍ച്ചകള്‍ സജീവം

മുതിര്‍ന്ന പൗരന്മാര്‍ക്ക് കൈ നിറയെ പണം, 8.50 ശതമാനം വരെ പലിശ; അറിയാം ബാങ്കുകളുടെ പട്ടിക

മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാം, ആഴ്ചയില്‍ മൂന്നു ദിവസം, സമയം വൈകീട്ട് മൂന്നുമുതല്‍; ക്രമീകരണങ്ങള്‍ ഇങ്ങനെ

സർക്കാരും ഗവർണറും തമ്മിൽ ഒത്തുതീർപ്പ്; സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

വരുന്നു... 12,000+ ബാങ്ക് ഒഴിവുകൾ; ബിരുദം മതി, പ്രവൃത്തി പരിചയം വേണ്ട !