കണ്ണൂര്‍: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശന്‍ കളളം പറയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍ ബിജെപിക്ക് പൂര്‍ണമായി കീഴടങ്ങിയെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
'പിഎം ശ്രീയില്‍ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് അന്ന് പ്രതിപക്ഷനേതാവും ലീഗ് നേതാക്കളും പറഞ്ഞിരുന്നത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഡീലാണെന്നാണ്. അധികാരത്തില്‍ വന്നാല്‍ ഒരു തരത്തിലും തുടരില്ലെന്ന് സതീശന്‍ അടിവരയിട്ട് പറഞ്ഞതാണ്. കെഎം ഷാജിയെപ്പോലെയുള്ളവര്‍ പറഞ്ഞത് പിഎം ശ്രീ അറബിക്കടലില്‍ തള്ളുമെന്നാണ്. കാവിവത്കരണത്തിന്റെ ഭാഗമായി സിപിഎമ്മും ബിജെപിയും ചേര്‍ന്നു നടത്തുന്ന ഡീലാണ് എന്ന് പറഞ്ഞ അന്നത്തെ പ്രതിപക്ഷം ഭരണപക്ഷമായി മാറിയപ്പോള്‍ പദ്ധതി നടപ്പാക്കുമെന്ന് മാത്രമല്ല വലിയ കളവാണ് പറയുന്നതും. കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ട് പണം വാങ്ങിയെന്നാണ് സതീശന്‍ പറഞ്ഞത്. കളവ് പറയുന്നതില്‍ യാതൊരു മടിയുമില്ലാത്ത പ്രതിപക്ഷ നേതാവിനെ നമുക്ക് അറിയാം. ഇപ്പോള്‍ മുഖ്യമന്ത്രിയായപ്പോഴും അങ്ങനെ തന്നെ പറയുന്നു.
'ഒരു നയാപൈസ പോലും ഇതിന്റെ ഭാഗമായി എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയില്ല. കാരണം എവിടെയാണ് നടപ്പാക്കേണ്ടത്, ഏത് സ്‌കൂളുകളാണ് ഇതിന്റെ ഭാഗമായി വരിക എന്നുപോലും തീരുമാനിച്ചില്ല. നടപ്പിലാക്കുകയല്ല മരവിപ്പിക്കുകയാണ് മുന്‍ സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഈ സര്‍ക്കാരിനും പദ്ധതി മരവിപ്പിക്കലുമായി മുന്നോട്ട് പോകാവുന്നതേയുള്ളു. ബിജെപിക്ക് പൂര്‍ണമായും കീഴടങ്ങിയിട്ടുള്ള നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ' ഗോവിന്ദന്‍ പറഞ്ഞു.
പിഎം ശ്രീ പദ്ധതിയുമായി യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പദ്ധതിയില്‍ ഇടതു സര്‍ക്കാര്‍ ഒപ്പുവച്ച സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ കേരളം അതില്‍ പങ്കാളിയാണെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates