തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും സിപിഎമ്മിന് വോട്ടുകള്‍ നഷ്ടമായി. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റിയതായും എംവി ഗോവിന്ദന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗോവിന്ദന്‍.
ഇങ്ങനെയൊരു പരാജയം ഇടതുമുന്നണിക്ക് കേരളത്തില്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസിലാക്കാന്‍ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചു എന്നാല്‍ നിര്‍മാണ മേഖലയുള്‍പ്പടെ പരമ്പാരഗത മേഖലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ആകെ പരിഹരിക്കാന്‍ ആയില്ല. അത് ജനങ്ങളില്‍ ഉണ്ടാക്കിയ അസംതൃപ്തി തോല്‍വിക്ക് കാരണമായി. 30 മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് നല്‍കുകയും ചില മണ്ഡലങ്ങളില്‍ അവര്‍ ബിജെപിക്ക് വോട്ട് ചെയ്യുന്ന രീതിയുണ്ടായി.
അയ്യപ്പസംഗമം സംഘടിപ്പിച്ചത് ദേവസ്വം ബോര്‍ഡ് ആണ്. സര്‍ക്കാര്‍ ആണ് അത് സംഘടിപ്പിച്ചതെന്ന വലതുപക്ഷ പ്രചാരണം ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി. രാജ്യത്തെ മതനിരപേക്ഷതയെ തകര്‍ക്കുന്ന ആര്‍എസ്എസ് ഇതിനെ എതിര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. യോഗിയുടെ സന്ദേശം വായിച്ചത് ശരിയായിരുന്നില്ല. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കുറ്റാരോപിതനായ പത്മകുമാറിനെ പാര്‍ട്ടിയുടെ എല്ലാപ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നു. ആരോപണം ഉണ്ടായപ്പോള്‍ തന്നെ കര്‍ശന നടപടി സ്വീകരിച്ചില്ലെന്ന എതിരാളികളുടെ പ്രചരണം തെരഞ്ഞെടുപ്പിനെ ബാധിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ട് വിലയിരുത്താന്‍ ആയിട്ടില്ല. ചെയ്യുന്നതെല്ലാം വാഗ്ദാനലംഘനവും ജനവിരുദ്ധവുമാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
എങ്ങനെ സിപിഎമ്മിന് ഫലപ്രദമായി മുന്നോട്ടുപോകാം എന്നുള്ള കൃത്യമായ പരിപാടിയാണ് ഓഗസ്റ്റ് മാസത്തോടെ നടത്താന്‍ ഉദ്ദേശിക്കുന്നത്. ഈ പ്രക്രിയയില്‍ ജനങ്ങളുടെ ആകെ അഭിപ്രായം തേടാന്‍ സംസ്ഥാനസമിതി തീരുമാനിച്ചു. വാട്‌സ് ആപ്പ് നമ്പര്‍ വഴിയും മെയില്‍ വഴിയുമെല്ലാം എല്ലാവര്‍ക്കും ഈ കാലഘട്ടത്തെ അഭിമുഖികരിക്കുന്നവെല്ലുവിളികെ നേരിടാം എന്നതുസംബന്ധിച്ച് അഭിപ്രായം അറിയിക്കാമെന്നും ഗോവിന്ദന്‍ പറഞ്ഞു.
പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയത്തിലുണ്ടായ വീഴ്ചകൾ സ്വയംവിമർശനപരായി കണ്ണൂർ ജില്ലാ കമ്മിറ്റി സംസ്ഥാനകമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിച്ചു. വെള്ളാപ്പള്ളി നടേശൻ നടത്തിയിട്ടുള്ള മുസ്ലിം വിരുദ്ധ പ്രസ്താവനകൾ പാർടി തള്ളിക്കളഞ്ഞതാണ്. എന്നാൽ, അടുത്തകാലത്ത് വെള്ളാപ്പള്ളിയിൽനിന്നുണ്ടായ മുസ്ലിം വിരുദ്ധ പ്രസ്താവനയെ ശക്തമായി പ്രതിരോധിച്ചില്ല എന്ന അവബോധം പ്രത്യേകിച്ച് ന്യൂനപക്ഷവിഭാഗങ്ങളിൽ രൂപപ്പെട്ടു. ഇതിനെ ദൂരീകരിക്കുന്നതരത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നതിൽ പോരായ്മ സംഭവിച്ചു എന്ന് സ്വയംവിമർശനപരമായി വിലയിരുത്തി.
സ്വത്വ രാഷ്ട്രീയ ചിന്തകൾ മുന്നോട്ടുവെക്കുന്നത് സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ദുർബലപ്പെടുത്താനാണ്. സ്വത്വ രാഷ്ട്രീയത്തിന്റെ ചിന്തകളും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. എല്ലാ വിഭാഗങ്ങളിൽനിന്നും എൽഡിഎഫിന് വോട്ട് നഷ്ടമായിട്ടുണ്ട്. ഏതെങ്കിലും ഒരു വിഭാഗം പൂർണമായി ഒന്നിച്ച് നിന്ന് പരാജയപ്പെടുത്തി എന്ന് പറയാനാകില്ല. എന്നാൽ എസ്ഐആർ നടപ്പാക്കുന്നതിൽ ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടായ ആശങ്ക കോൺഗ്രസ്- മുസ്ലിം ലീഗ്- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് ഉപയോഗിച്ചു. എസ്ഐആർ കൊണ്ടുവന്നത് പിണറായി വിജയൻഡ സർക്കാരാണെന്ന കള്ളപ്രചാരണവും നടത്തി. ഇത് ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തിൽനിന്നും അകറ്റി. മതത്തെ ഉപയോഗിച്ച് വർഗീയചേരിതിരിവ് സൃഷ്ടിക്കുകയായിരുന്നു മുസ്ലിംലീഗ്. അപകടരവും ദൂരവ്യാപകഫലമുണ്ടാക്കുന്നതുമായ നിലപാടാണ് ഇത്. ഇതിന്റെ ഗുണഭോക്താവ് എന്നനിലയിൽ കോൺഗ്രസും പിന്തുണ നൽകിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates