തിരുവനന്തപുരം: സിപിഎം വിട്ട് കോണ്‍ഗ്രസില്‍ എത്തിയ മുന്‍ എംഎല്‍എ ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അധികാരത്തിന്റെ അപ്പക്കഷണം ലഭിക്കും എന്ന് കരുതിയാണ് ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേക്കേറിയിരിക്കുന്നത്, ഐഷ പോറ്റി വര്‍ഗവഞ്ചകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
'പാര്‍ട്ടിക്ക് നല്‍കാന്‍ കഴിയുന്ന എല്ലാ അധികാരങ്ങളും നല്‍കിയിട്ടുണ്ട്. ഐഷാ പോറ്റി പത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി, പതിനഞ്ച് കൊല്ലം എംഎല്‍എയായി. ശേഷം പാര്‍ട്ടി കമ്മിറ്റിയിലും ഏരിയ കമ്മിറ്റിയിലുമെടുത്തു. എന്നാല്‍ ഒരു കമ്മിറ്റിയിലും അസുഖമാണെന്ന് പറഞ്ഞ് പോയിട്ടില്ല. ആ അസുഖമെന്താണെന്ന് ഇപ്പോഴാണ് മനസിലാവുന്നതെന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു. ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടാണ് അല്ലാതെ മറ്റൊരു അസുഖമല്ലെന്നും ഐഷ പോറ്റിയെ കുറിച്ച് എല്ലാവര്‍ക്കും വ്യക്തമായി മനസിലായെന്നും' ഗോവിന്ദന്‍ പറഞ്ഞു.
വിസ്മയം തീര്‍ക്കുമെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഐഷ പോറ്റിയെ ഒപ്പം ചേര്‍ത്തത്. പ്രതിപക്ഷത്തിന്റെ ഒരു വിസ്മയവും കേരളത്തില്‍ നടക്കാന്‍ പോകുന്നില്ല എന്നും മൂന്നാം ടേമിലേക്ക് എല്‍ ഡി എഫ് എത്തുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
വിസ്മയം തീര്‍ക്കാന്‍ പ്രായമുള്ളവരെ തിരക്കി ഇറങ്ങിയിരിക്കുകയാണ് സതീശന്‍ എന്നും അദ്ദേഹം പരിഹസിച്ചു. ഒന്നും നടക്കാന്‍ പോകുന്നില്ല. വിസ്മയം തീര്‍ത്തുകൊണ്ട് മൂന്നാം ഭരണത്തിലേക്ക് എല്‍ഡിഎഫ് പോകും എന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ലോക്ഭവനിലെ കെ പി സി സിയുടെ രാപ്പകല്‍ സമരവേദിയിലേക്കെത്തിയ ഐഷയെ കോണ്‍ഗ്രസ് നേതാക്കള്‍ ഷാളണിയിച്ച് സ്വീകരിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates