

തിരുവനന്തപുരം: ജീവനക്കാർക്ക് വാട്സ്ആപ് സന്ദേശം അയയ്ക്കുന്നതിനു അനുമതി തേടി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സിഎംഡിആർഎഫിലേക്ക് സംഭാവന ചെയ്തവർക്ക് വാട്സ്ആപ് സന്ദേശം വഴി നന്ദി അറിയിക്കാനുണ്ടെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വയനാട് പുനരധിവാസത്തിന്റെ ഭാഗമായി വീടുകളുടെ നിർമാണം പൂർത്തിയായ സാഹചര്യത്തിലാണ് സന്ദേശം അയയ്ക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. അനുമതി നൽകുന്ന കാര്യം പരിഗണിച്ച് തീരുമാനമെടുക്കാമെന്നു കോടതി സർക്കാരിനെ അറിയിച്ചു.
ഡിഎ അനുവദിച്ചതും സാമൂഹികക്ഷേമ പ്രവർത്തനങ്ങളും സംബന്ധിച്ചു ജീവനക്കാർക്ക് സർക്കാർ വാട്സ്ആപ് സന്ദേശം അയച്ചതിൽ തെറ്റ് എന്താണെന്നു കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. സ്വകാര്യത ലംഘിച്ചെന്നു എങ്ങനെ പറയാനാകുമെന്നും ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിയമവിരുദ്ധത ഉണ്ടെന്നു പറയുന്നതെന്നും കോടതി ആരാഞ്ഞു.
സർവീസ് ആനുകൂല്യങ്ങൾ വർധിപ്പിച്ചതിനു പിന്നാലെയാണ് ജീവനക്കാർക്കു സന്ദേശം അയച്ചതെന്നു സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഭരണഘടനാപരമായ ചുമതലകളുള്ള മുഖ്യമന്ത്രിയെ രാഷ്ട്രീയ പ്രവർത്തകനായി മാത്രം കാണുന്നത് ശരിയല്ലെന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നത്.
ഹർജിക്ക് ആസ്പദമായ സന്ദേശത്തിൽ ഉള്ളത് കേവലം സർവീസ് സംബന്ധമായ കാര്യങ്ങൾ മാത്രമാണ് പറഞ്ഞിരിക്കുന്നത്. സന്ദേശം രാഷ്ട്രീയപരമാണ് എന്നത് ഹർജിക്കാരുടെ സങ്കൽപ്പം മാത്രമാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates