കണ്ണൂർ: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ നിരപരാധികളാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കണ്ണൂർ പാറക്കണ്ടിയിലുള്ള പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരപരാധികളെ രക്ഷിക്കാൻ പാർട്ടി നടപടി സ്വീകരിക്കുമെന്നും കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും എം വി ജയരാജൻ വ്യക്തമാക്കി.
ടി പി കേസ് കുറ്റവാളി ടി കെ രജീഷിനെ പിന്നീടാണ് കേസിൽ പ്രതി ചേർത്തത്. പ്രതികൾ അപരാധം ചെയ്തുവെന്നതിൽ വസ്തുതയില്ലെന്നും കുറ്റം സമ്മതിച്ചുവെന്നല്ലേ പൊലീസ് എഴുതിച്ചേർക്കുകയെന്നും ജയരാജൻ ചോദിച്ചു. ശിക്ഷിക്കപ്പെട്ടവരിൽ മൂന്ന് പേർ കഴിഞ്ഞ കുറെ കാലമായി ചികിത്സയിലുള്ളവരും ശയ്യാവലംബരുമാണ്. ഇവരുൾപ്പെടെയുള്ളവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
പാർട്ടി ശിക്ഷിക്കപ്പെട്ടവരോടൊപ്പം നിൽക്കുമെന്നും എംവി ജയരാജൻ പറഞ്ഞു. മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകനായിരുന്ന സൂരജിനെ കൊന്ന കേസിൽ ഒൻപത് സിപിഎം പ്രവർത്തകർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തൽ. ഒരാളെ വെറുതെ വിട്ടു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ടിപി വധക്കേസിലെ പ്രതി ടി കെ രജീഷും മുഖ്യമന്ത്രിയുടെ സെക്രട്ടറി പി എം മനോജിന്റെ സഹോദരൻ പിഎം മനോരാജും കുറ്റക്കാരാണെന്നും കോടതി വിധിച്ചു.
ഒന്നാം പ്രതി നേരത്തെ മരിച്ചിരുന്നു. ടിപി കൊലക്കേസിലെ പ്രധാന പ്രതി ടി കെ രജീഷ് കൂത്തുപറമ്പ് സ്വദേശി പി എം മനോരാജ് എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. സിപിഎം പ്രവർത്തകനും മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി എം മനോജിന്റെ സഹോദരനുമാണ് നാരായണൻ എന്ന് വിളിക്കുന്ന മനോരാജ്. ഏഴ് മുതൽ 9 വരെ പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റമാണ് തെളിഞ്ഞത്.
2005 ഓഗസ്റ്റ് മാസത്തിലാണ് സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന സൂരജിനെ മുഴപ്പിലങ്ങാട് വെച്ച് സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയത്. കേസിൽ ആദ്യം 10 പേരെ മാത്രമാണ് പ്രതി ചേർത്തിരുന്നത്. പിന്നീട് ടി പി കേസിൽ ടി കെ രജീഷ് അറസ്റ്റിൽ ആയപ്പോഴാണ് ചോദ്യം ചെയ്യുന്നതിനിടെ താൻ സൂരജ് കൊലപാതകത്തിൽ പങ്കാളിയായെന്ന് ഇയാൾ വെളിപ്പെടുത്തിയത്.
ഇതോടെ ടി കെ രജീഷിനെയും കേസിൽ പ്രതി ചേർക്കുകയായിരുന്നു. പല കാരണങ്ങളാൽ 2010 ൽ തുടങ്ങേണ്ടിയിരുന്ന വിചാരണ നീണ്ടു പോവുകയായിരുന്നു. 20 വർഷത്തിനുശേഷമാണ് കേസിലെ വിധി. ഈ കൊലപാതകത്തിന് ആറുമാസം മുമ്പും സൂരജിനെതിരെ കൊലപാതക ശ്രമം നടന്നിരുന്നു. വരുന്ന തിങ്കളാഴ്ച്ചയാണ് കേസിലെ ശിക്ഷാ പ്രഖ്യാപനം തലശേരി സെഷൻസ് കോടതി നടത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates