കൊച്ചി: ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നില്‍ വിഡി സതീശന്റെ നിര്‍ദ്ദേശമാണെന്ന വീണാ ജോര്‍ജിന്റെയും വി ശിവന്‍കുട്ടിയുടെയും ആരോപണത്തിന് മറുപടിയുമായി വിഡി സതീശന്‍. റീത്ത് വയ്ക്കല്‍ കോണ്‍ഗ്രസിന്റെ പരിപാടിയല്ല. മന്ത്രിമാരുടെ വീട്ടില്‍ കൊണ്ടുപോയി റീത്ത് വയ്ക്കാന്‍ പറയുന്നതല്ല തന്റെ ജോലിയെന്നും മന്ത്രിമാരുടെ വീടിനകത്ത് കയറുന്ന സമരത്തോട് യോജിപ്പില്ലെന്നും വിഡി സതീശന്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതുയാഗയാത്രയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ വീട്ടിലേക്ക് ആളുകളെ വിട്ട് തല്ലിത്തകര്‍ത്തത് മന്ത്രിമാര്‍ പറഞ്ഞിട്ടാണോയെന്ന മറു ചോദ്യവും വിഡി സതീശന്‍ ഉന്നയിച്ചു. മന്ത്രിമാരുടെ വീടിനകത്ത് കയറുന്ന സമരത്തോട് യോജിപ്പില്ല. മന്ത്രിയുടെ വസതിയില്‍ കയറിവര്‍ക്കെതിരെ പൊലീസ് കേസ് എടുക്കും. പക്ഷെ തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയവര്‍ക്കെതിരെ കേസില്ല. പറവൂരിലെ എന്റെ സ്വകാര്യവസതിയില്‍ വീട്ടില്‍ നിവേദനം നല്‍കിയവരെ തല്ലിയിട്ട് പോലും കേസ് എടുത്തിട്ടില്ല. എന്ത് നീതിയാണ് ഇത്. എന്നിട്ട് പ്രതിപക്ഷത്തെ പഠിപ്പിക്കാന്‍ വരികയാണ്. അതൊക്കെ അറിയും ഇലക്ഷന്‍ കഴിയട്ടെയെന്നും സതീശന്‍ പറഞ്ഞു.
റീത്ത് വയ്ക്കല്‍ കോണ്‍ഗ്രസിന്റെ രീതിയല്ല. പയ്യന്നൂരില്‍ റീത്ത് വച്ചത് ആരാണ്. എംഎന്‍ വിജയന്‍ മാഷിന്റെ മകന്റെ വീടിന് മുന്നില്‍ റീത്ത് വച്ചത് ആരാണ് അതിന്റെ അര്‍ഥം നിങ്ങള്‍ കൊല്ലുമെന്നാണ്. ശബരിമല തന്ത്രിയായിരുന്ന രാജീവ് കണ്ഠരരുടെ അറസ്റ്റിന് പിന്നില്‍ ദുരൂഹതയും ഗൂഢാലോചനയും ഉണ്ടായിട്ടുണ്ട്. അദ്ദേഹം തെറ്റ് ചെയ്‌തെങ്കില്‍ ജയിലില്‍ കിടന്നോട്ടെ. എന്നാല്‍ അദ്ദേഹം എന്ത് തെറ്റാണ് ചെയ്തതെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ മതി. അതിന്റെ സാഹചര്യം കേരളം അറിയട്ടെയെന്നും വിഡി സതീശന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates