ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി കർഷകസംഘടനകൾ ഇന്ന് രാജ്യവ്യാപകമായി ട്രെയിൻ തടയുന്നു. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാലു വരെയാണ് ട്രെയിൻ തടയുക. എല്ലാ സംസ്ഥാനങ്ങളിലും വിവിധ കേന്ദ്രങ്ങളില്‍ നാലുമണിക്കൂർ ട്രെയിൻ തടയുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
അതേസമയം കേരളത്തിൽ ട്രെയിൻ തടയില്ല. പകരം സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലയിലും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും.
ട്രെയിൻ തടയാനെത്തുന്ന കർഷകരെ നേരിടാൻ യുപി, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ദ്രുതകർമ സേനയെ അടക്കം വിന്യസിച്ചു. പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളില്‍ 20 കമ്പനി റെയിൽ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.
സമരം മുൻനിർത്തി റെയിൽവേ വ്യാഴാഴ്‌ചത്തെ പല ട്രെയിനും റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്‌തു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കും ഫെബ്രുവരി ആറിന്റെ റോഡ് തടയലിനും ശേഷം അഖിലേന്ത്യാതലത്തിൽ കർഷകസംഘടനകൾ സംഘടിപ്പിക്കുന്ന സമരപരിപാടിയാണ് റെയിൽ തടയൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates