ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരി എന്നറിയപ്പെടുന്ന ആദിപരാശക്തിയുടെ (ശാക്തേയ) ആരാധനയുടെയും വിദ്യാരംഭത്തിന്റെയും കലകളുടെയും ഉത്സവമാണ് നവരാത്രി അഥവാ മഹാനവരാത്രി. ഒന്‍പത് രാത്രികള്‍ എന്നാണ് ഈ സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം. ഇതില്‍ തന്നെ അവസാന മൂന്ന് ദിവസങ്ങള്‍ ആണ് ഏറ്റവും വിശേഷം. ഇവ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നി പേരുകളില്‍ അറിയപ്പെടുന്നു. മഹിഷാസുരനെ വധിച്ച് ദേവി വിജയം കൈവരിച്ച ദിവസമാണ് വിജയദശമി. വടക്കേന്ത്യയില്‍ ഇത് ദസറ ആഘോഷമാണ്. കേരളത്തില്‍ വീടുകളും നവരാത്രി പൂജയ്ക്കായി ഒരുങ്ങുന്നു. വീടുകളില്‍ കുടുംബാഗങ്ങളെല്ലാം വ്രതനിഷ്ഠയോടെയാണ് ഒന്‍പതു ദിവസവും ആചരിക്കുന്നത്. ഈ ദിവസങ്ങളില്‍ ദേവീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും 'ദേവീ മാഹാത്മ്യം' ലളിത സഹസ്രനാമം തുടങ്ങിയവ ചൊല്ലുന്നതും കേള്‍ക്കുന്നതും പുണ്യമായി കരുതുന്നു. പ്രധാനമായി സരസ്വതി ദേവിയെയാണ് ഈ ദിവസങ്ങളില്‍ എല്ലാവരും ആരാധിക്കുന്നത്. ക്ഷേത്രത്തില്‍ സരസ്വതി ദേവിയ്ക്കായി പ്രത്യേക പൂജകളും നടക്കാറുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട സരസ്വതി ക്ഷേത്രങ്ങള്‍ ചുവടെ:
പനച്ചിക്കാട് സരസ്വതി ക്ഷേത്രം
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം. അതിപുരാതനമായ സരസ്വതിക്ഷേത്രമാണിത്. ഇവിടെ പ്രധാന പ്രതിഷ്ഠയായി മഹാ വിഷ്ണുവും കുടികൊളളുന്നു. മഹാവിഷ്ണുവിനെ തൊഴുതതിനു ശേഷമാണ് സരസ്വതിയെ തൊഴുന്നത്. വളളിക്കുടിലിലാണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. നാലു സൈഡിലും ചുറ്റുമതില്‍ കെട്ടിയിട്ടുളളതുകൊണ്ട് അവിടെ നിന്നു ആള്‍ക്കാര്‍ക്ക് തൊഴാന്‍ സാധിക്കും. മൂകാംബിക ദേവിയാണ് പനച്ചിക്കാട് കുടി കൊളളുന്നത്. ഓലക്കുടയില്‍ കുടിയിരുന്ന ദേവിയെ കാടിനകത്തു കിടന്ന ഒരു വിഗ്രഹത്തിലേക്ക് ആവാഹിക്കുകയായിരുന്നു. വളളികളാല്‍ മൂടിക്കിടക്കുന്നതു കൊണ്ട് കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിച്ചിരിക്കുന്നു. വിഗ്രഹം സ്പഷ്ടമായി കാണാന്‍ പ്രയാസമാണ്. പണ്ട് ചില ദിവ്യന്മാര്‍ പൂജിച്ച വിഗ്രഹമായതിനാല്‍ ആ വിഗ്രഹത്തെ പൂജ ചെയ്യാന്‍ തപശക്തിയുളളവര്‍ ഇല്ലാ എന്നാണ് പറയുന്നത്. അതിനാല്‍ ദേവിയെ ആവാഹിച്ചു കിഴക്കോട്ട് ദര്‍ശനമായി ഇരുത്തിയാല്‍ മതിയെന്നായിരുന്നു. അതുകൊണ്ട് പടിഞ്ഞാറോട്ട് ദര്‍ശനമായി ഒരു അര്‍ച്ചനാബിംബം കൂടി സ്ഥാപിക്കണമെന്നും പൂജാ നിവേദ്യമെല്ലാം ആ ബിംബത്തില്‍ അര്‍പ്പിച്ചാല്‍ മതിയെന്നുമാണ് അരുളപ്പാടുണ്ടായത്. ദേവിയോടൊപ്പം ഇവിടെ യക്ഷിയമ്മയ്ക്കും പ്രാധാന്യമുണ്ട്. കാട്ടില്‍ നിന്നു വിഗ്ര ഹമെടുക്കണമെങ്കില്‍ അവിടെ പാര്‍ത്തിരുന്ന യക്ഷിയെ പ്രീതിപ്പെടുത്തണമായിരുന്നു. യക്ഷിക്ക് ഒരു നിവേദ്യം അര്‍പ്പിച്ചതിനു ശേഷമാണ് ദേവിയെ ആവാഹിക്കാനുളള വിഗ്രഹം കാട്ടില്‍ നിന്നെടുക്കാന്‍ കഴിഞ്ഞത്. ക്ഷേത്രത്തിലെ ഇലഞ്ഞിയുടേയും ഏഴിലംപാലയുടേയും കീഴിലാണ് യക്ഷി കുടികൊളളുന്നത്. അതുകൊണ്ട് ക്ഷേത്രത്തില്‍ വരുന്ന ഭക്തര്‍ യക്ഷിയേയും തൊഴണം എന്നാണ്. ഇവിടെ ഭജനയിരിക്കുന്നവര്‍ ആദ്യം യക്ഷിയമ്മക്ക് ഒരു വറനിവേദ്യം അര്‍പ്പിച്ചാണ് ഭജനയിരിക്കാന്‍ തുടങ്ങുന്നത്. നിരവധി ആളുകളാണ് ഈ പുണ്യസ്ഥലത്ത് ദര്‍ശനത്തിനായും കലാപരിപാടികള്‍ അവതരിപ്പിക്കുവാനും എത്തുന്നത്.
വടക്കന്‍ പറവൂര്‍ ശ്രീമൂകാംബിക ക്ഷേത്രം
പനച്ചിക്കാട് പോലെ തന്നെ കേരളത്തില്‍ പ്രസിദ്ധമായ സരസ്വതി ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ ശ്രീമൂകാംബിക ക്ഷേത്രം. വെളളവസ്ത്രമുടുത്തു വെളളത്താമരയിലിരിക്കുന്ന സരസ്വതി ദേവിയാണ് ഇവിടെ കുടികൊളളുന്നത്. ഇടതു കൈകളില്‍ വെളളത്താമരയും ഗ്രന്ഥവും വലതുകൈകളില്‍ അക്ഷരമാലയും വ്യഖ്യാനമുദ്രയുമാണ് ദേവിക്കുളളത്. പണ്ട് പറവൂര്‍ വാണിരുന്ന തമ്പുരാന്‍ കൊല്ലൂര്‍ മൂകാംബിക ഭക്തനായിരുന്നു, അദ്ദേഹത്തിനു പ്രായം ഏറെ ആയപ്പോള്‍ കൊല്ലൂരിലേക്കുളള യാത്ര ബുദ്ധിമുട്ടായി. അങ്ങനെ ഒരു ദിവസം മൂകാംബിക ദേവി സ്വപ്നത്തില്‍ വന്നു ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചു കൊളളാന്‍ അനുഗ്രഹവും കൊടുത്തു. അങ്ങനെയാണിവിടെ ക്ഷേത്രം വന്നത്. ഇവിടെ ശ്രീകോവിലിനു ചുറ്റും താമരക്കുളമാണ്. സൗപര്‍ണ്ണികാ നദിയുടെ സങ്കല്പമാണിതെന്നു പറയുന്നു, ഇന്നിവിടെ ഉപദേവ പ്രതിഷ്ഠകളുമുണ്ട്.
തട്ടാരമ്പലം സരസ്വതി ക്ഷേത്രം
ആയിരം വര്‍ഷത്തോളം പഴക്കമുളള ക്ഷേത്രമാണിത്. ഓടനാട് രാജാവ് പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. തമിഴ്‌നാട്ടില്‍ നിന്നുളള ഒരു സ്വര്‍ണ്ണപ്പണിക്കാരനാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നു പറയുന്നു.ഉണ്ണുനീലി സന്ദേശത്തില്‍ ഈ സ്ഥലത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. മാവേലിക്കരക്കടുത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ടി വി പുരം സരസ്വതി ക്ഷേത്രം
കോട്ടയം ജില്ലയിലെ വൈക്കം ഭാഗത്താണ് ടി വി പുരം സ്വയംഭൂ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ദേവി ഹംസത്തിന്റെ പുറത്തു ഇരിക്കുന്നതായാണ് സങ്കല്‍പ്പം. കൈകളില്‍ വീണയും അക്ഷരമാലയും ഗ്രന്ഥവും അമൃത കുംഭവും പിടിച്ചിരിക്കുന്നു.
വടക്കുംകൂര്‍ മൂകാംബിക ക്ഷേത്രം
വൈക്കം മഹാദേവ ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു സരസ്വതി ക്ഷേത്രമാണിത്. വീണാപാണിയായ സരസ്വതിയാണ് ഇവിടത്തെ പ്രതിഷ്ഠ. മൂകാംബികയില്‍ നിന്നു ദേവി ഇവിടെ വന്നതായാണു പറയപ്പെടുന്നത്. വടക്കുകൂര്‍ രാജവംശത്തിന്റെ ക്ഷേത്രമാണ്. ഇവര്‍ കൊല്ലൂര്‍ മൂകാംബിക ഭക്തരായിരുന്നു.
പദ്മനാഭപുരം തേവര്‍ക്കെട്ട് സരസ്വതി ക്ഷേത്രം
അനന്തപുരിയുടെ ഭക്തിനിര്‍ഭരമായ ആഘോഷമാണ് നവരാത്രി ദിനങ്ങള്‍. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതിതിരുനാളാണ് ഈ ആഘോഷങ്ങള്‍ക്കും തുടക്കം കുറിച്ചത്. പദ്മനാഭപുരം കൊട്ടാരത്തിനുളളിലെ ക്ഷേത്രമാണ് തേവര്‍ക്കെട്ട് സരസ്വതി ക്ഷേത്രം. ക്ഷേത്രത്തോടനുബന്ധിച്ച് നവരാത്രി മണ്ഡപവും സ്ഥിതി ചെയ്യുന്നു. എല്ലാവര്‍ഷവും നവരാത്രി പൂജക്കായി സരസ്വതി ദേവി കൊട്ടാരത്തില്‍ നിന്നു പദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് എഴുന്നെളളുന്നു. അനന്തപുരിയിലെത്തുന്ന സരസ്വതി ദേവിയെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കു ഗോപുരത്തിലുളള നവരാത്രി മണ്ഡപത്തിലാണ് പൂജിക്കുന്നത്. നവരാത്രിയോടനുബന്ധപ്പെടുത്തി സ്വാതിതിരുനാള്‍ ഒന്‍പത് രാഗങ്ങളില്‍ ഒന്‍പത് കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ട്.
വര്‍ക്കല ശിവഗിരി ശാരദാക്ഷേത്രം
1912ല്‍ ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ സരസ്വതി ക്ഷേത്രമാണ് ഇത്. വെളളത്താമരയില്‍ സരസ്വതിയിരിക്കുന്ന തായിട്ടാണ് ഇവിടത്തെ പ്രതിഷ്ഠ. കേരളാ ചരിത്രത്തിന്റെ ഭാഗമായ ഈ ക്ഷേത്രം ശിവഗിരി മഠത്തിന്റെ കീഴിലാണ്. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ മറ്റൊരു സരസ്വതി ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ കല്ലറ ശാരദ ക്ഷേത്രം. വീണാപാണിയായ സരസ്വതി വിഗ്രഹമാണിവിടെയുളളത്. വിദ്യാരംഭവും നവരാത്രി പൂജയും ഇവിടെ പ്രധാനമാണ്. കല്ലറ എസ്എന്‍ഡിപി യോഗത്തിന്റെ കീഴിലാണ് ഈ ക്ഷേത്രം.
കാലടി ശങ്കരാചാര്യ മഠത്തിന്റെ കീഴിലും ശാരദാ പ്രതിഷ്ഠയുണ്ട്. ശ്രീ ശങ്കരനാണ് ഇവിടുത്തെ മറ്റൊരു പ്രതിഷ്ഠ. ശ്രീ ശങ്കര ജയന്തിയും നവരാത്രി പൂജയുമാണ് ഇവിടത്തെ പ്രധാന ആഘോഷങ്ങള്‍.
പളളിക്കുന്ന് ശ്രീമൂകാംബിക ക്ഷേത്രം
കണ്ണൂര്‍ ജില്ലയിലെ പ്രശസ്തമായ സരസ്വതി ക്ഷേത്രമാണ് പളളിക്കുന്ന് ശ്രീമൂകാംബിക ക്ഷേത്രം. കൊല്ലൂര്‍ മൂകാംബികക്കു ശേഷം പ്രസിദ്ധമായ മൂകാംബിക ക്ഷേത്രം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. നവരാത്രിയും പൂരവുമാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍.
പൂജപ്പുര സരസ്വതി ക്ഷേത്രം
പൂജപ്പുര എന്ന പേരു വന്നതു തന്നെ നവരാത്രിയുമായി ബന്ധപ്പെടുത്തിയാണ് . തിരുവിതാംകൂര്‍ മഹാരാജാവ് മഹാനവമിക്ക് പൂജ ചെയ്യാന്‍ വരുന്ന സ്ഥലമായതുകൊണ്ട് ഇവിടെ പൂജപ്പുര എന്നറിയപ്പെടുന്നത്. ഇരു തൃപ്പാദങ്ങളും താമരയില്‍ ചവിട്ടി ഏകഭാവത്തോടു കൂടിയ ശാന്തസ്വരൂപിണിയായ ദേവിയാണ് ഇവിടെ കുടികൊളളുന്നത്. വിജയദശമിക്ക് ഇവിടെ കാവടികള്‍ നടക്കാറുണ്ട്. അഗ്‌നിക്കാവടി, മയില്‍ക്കാവടി, സൂര്യക്കാവടി എന്നിങ്ങനെ വിവിധ തരത്തിലുളള കാവടികളാണ് ഉളളത്.
ആവണംകോട് സരസ്വതി ക്ഷേത്രം
നൂറ്റെട്ടു ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നായി പറയുന്നുണ്ടെങ്കിലും ഇവിടത്തെ പ്രധാന ദേവതയായി കുടികൊളളുന്നത് സരസ്വതി ദേവിയാണ്. ആലുവായ്ക്കടുത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര ത്തില്‍ വിദ്യാരംഭം കുറിക്കാന്‍ നിരവധി ഭക്തര്‍ എത്തുന്നു.
ശ്രീപുരം സരസ്വതി ക്ഷേത്രം
കോട്ടയം ജില്ലയിലെ പുരാതനമായ മറ്റൊരു ക്ഷേത്രമാണ് പരിപ്പില്‍ സ്ഥിതി ചെയ്യുന്ന ശ്രീപുരം സരസ്വതിക്ഷേത്രം. ഇവിടെ ദേവി രണ്ടു ഭാവത്തിലാണ് കുടികൊളളുന്നത്. ഒന്നു സരസ്വതിയും മറ്റൊന്നു മധുര മീനാക്ഷിയും. മുന്‍പ് ഇതു പട്ടര്‍മാരുടെ ക്ഷേത്രമായിരുന്നു. ഇന്നിത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ്. നവരാത്രിയുടെ അവസാനത്തെ മൂന്നു ദിവസങ്ങളില്‍ ഇവിടെ പ്രത്യേക പൂജകളും കലാപരിപാടികളും നടക്കുന്നു,
ചന്ദനക്കാവ് സരസ്വതി ക്ഷേത്രം, പന്തളം പാട്ടുപുറകല്‍ സരസ്വതി ക്ഷേത്രം തുടങ്ങിയ നിരവധി സരസ്വതി ക്ഷേത്രങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ട്. കല്‍പ്പാത്തിയിലെ നവരാത്രി ആഘോഷവും പ്രസിദ്ധമാണ്. ഗ്രാമങ്ങളിലൂടെ ദേവിയെ എഴുന്നളളിക്കുന്ന ചടങ്ങ് ഇവിടുത്തെ പ്രത്യേകതയാണ്. കുമാരനെല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ ദേവി അഞ്ചു ഭാവങ്ങളിലാണ് കുടി കൊളളുന്നത്. വെളുപ്പിനു സരസ്വതിയും രാവിലെ മഹാലക്ഷ്മിയും പന്തീരടി പൂജയ്ക്ക് ശ്രീപാര്‍വ്വതിയും ഉച്ചയ്ക്ക് ദുര്‍ഗ്ഗയും വൈകിട്ട് വനദുര്‍ഗ്ഗയുമാണ്. ചോറ്റാനിക്കര ക്ഷേത്രത്തില്‍ രാവിലെ സരസ്വതിയും ഉച്ചയ്ക്കു ലക്ഷ്മിയും വൈകിട്ടു ദുര്‍ഗ്ഗയുമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates