തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി റവന്യു മന്ത്രി കെ രാജന്‍. വളരെ സങ്കടകരമായ നിമിഷമാണിത്. നവീന്‍ ബാബു റവന്യു കുടുംബത്തിലെ ഒരു അംഗമാണ്. നവീന്‍ ബാബുവിന്റെ മരണം വ്യക്തിപരമായും റവന്യു കുടുംബത്തിനും വലിയ ദുഃഖം ഉണ്ടാക്കുന്നതാണ്. ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നും കെ രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'നവീനെ കുറിച്ച് ഇതുവരെ ഒരു മോശമായ പരാതിയും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. വ്യക്തിപരമായ എന്റെ അറിവ് അനുസരിച്ച് നല്ല കഴിവുള്ള, സത്യസന്ധനായ, ചുമതലകള്‍ ധൈര്യമായി ഏല്‍പ്പിക്കാന്‍ കഴിയുന്ന ഒരു ഉദ്യോഗസ്ഥനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ്. എഡിഎം എന്ന കണ്ണൂരിലെ ചുമതലയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റിയത്. 2025 മാര്‍ച്ച്, ഏപ്രില്‍ സമയത്ത് വിരമിക്കും എന്നത് കൊണ്ട് കുറച്ചുകാലം നാട്ടില്‍ ജോലി ചെയ്യണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കണ്ണൂരിലെ ജില്ലാ കലക്ടറോട് അടിയന്തരമായി അന്വേഷിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കും. ഗൗരവമായ അന്വേഷണം ഉണ്ടാവും. റിപ്പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനപ്രതിനിധികള്‍ ആരായാലും പൊതുസമൂഹത്തിനകത്ത് ഇടപെടുമ്പോള്‍ പക്വതയും പൊതുധാരണ ഉണ്ടായിരിക്കണം.'- കെ രാജന്‍ ഓര്‍മ്മിപ്പിച്ചു.
എഡിഎമ്മിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെ ഇന്ന് രാവിലെ താമസ സ്ഥലത്താണ് നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍നിന്നു സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയില്‍ അടുത്ത ദിവസം ജോലിയില്‍ പ്രവേശിക്കാനിരിക്കേയായിരുന്നു മരണം. ഇന്നലെ വൈകിട്ട് കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എഡിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചെങ്ങളായില്‍ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നത് മാസങ്ങള്‍ വൈകിച്ചുവെന്നും അവസാനം എങ്ങനെ കൊടുത്തുവെന്ന് അറിയാമെന്നുമാണു ദിവ്യ പറഞ്ഞത്. രണ്ടു ദിവസത്തിനകം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും പറഞ്ഞാണ് ദിവ്യ ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോയത്.
അതേസമയം മൃതദേഹത്തില്‍ നിന്ന് കുറിപ്പുകളൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്് പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates