സലിം കുമാര്‍ 
Kerala

'അവസാനത്തെയാളും സുരക്ഷിതനെന്ന് ഉറപ്പാക്കിയാണ് സലിം കുമാര്‍ വീടുവിട്ടത്'; പ്രളയകാലത്ത് പറവൂരുകാര്‍ക്ക് അഭയമായ ലാഫിങ് വില്ല

എപ്പോഴും അദ്ദേഹത്തിന്റെ വീടിന്റെ ഗേറ്റുകള്‍ തുറന്നുകിടക്കും, ആര്‍ക്കു വേണമെങ്കിലും സഹായം ചോദിച്ച് ചെല്ലാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Bijeesh

കൊച്ചി: അന്തരിച്ച സലിം കുമാര്‍ വടക്കന്‍ പറവൂരുകാര്‍ക്ക് കേവലം നാട്ടുകാരനോ നടനോ മാത്രമല്ല. 2018ലെ പ്രളയകാലത്ത് തങ്ങാനൊരിടമില്ലാതെ വലഞ്ഞവര്‍ക്ക് അഭയം നല്‍കിയ വലിയ മനസ്സിന്റെ ഉടമ കൂടിയാണ്. പ്രളയജലം പ്രദേശത്തെ വീടുകളൊന്നാകെ മുക്കിയപ്പോള്‍, ലാഫിങ് വില്ലയെന്ന തന്റെ വസതിയില്‍ അമ്പതോളം പേരെയാണ് അദ്ദേഹം പാര്‍പ്പിച്ചത്. വീട്ടിനുള്ളിലെ ഒരു മുറി ഒഴികെ ബാക്കി എല്ലായിടവും ദുരിത ബാധിതര്‍ക്കായി അന്ന് അദ്ദേഹം വിട്ടുനല്‍കിയെന്ന് അയല്‍ക്കാര്‍ ഓര്‍ക്കുന്നു.

'അയല്‍പക്കത്തെ വീടുകള്‍ പലതും മുങ്ങിയതോടെ അദ്ദേഹവും മാറിനില്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ ഞങ്ങളുടെ അവസ്ഥ കണ്ടതോടെ, വീടു തുറന്നുതരാനും ഒപ്പം നില്‍ക്കാനും തീരുമാനിച്ചു. ഒരു മുറിയൊഴികെ എല്ലായിടവും തുറന്നുതന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നല്‍കാനായി ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചുവെച്ചിരുന്നു. മൂന്നു ദിവസം അതുപയോഗിച്ചാണ് ഞങ്ങള്‍ അതിജീവിച്ചത്. താഴത്തെ നിലയില്‍ വെള്ളം കയറിയതോടെ അദ്ദേഹം അധികൃതരെ വിളിച്ച് എല്ലാവരെയും ക്യാമ്പുകളിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. അവസാനത്തെയാളും സുരക്ഷിതമായി വീടുവിട്ട ശേഷമാണ് സലിം കുമാര്‍ അവിടെനിന്ന് ഇറങ്ങിയത്. എപ്പോഴും അദ്ദേഹത്തിന്റെ വീടിന്റെ ഗേറ്റുകള്‍ തുറന്നുകിടക്കും. ആര്‍ക്കു വേണമെങ്കിലും സഹായം ചോദിച്ച് ചെല്ലാം. കഴിയുന്നതു പോലെ അദ്ദേഹം ചെയ്തു നല്‍കാറുമുണ്ട്' -അയല്‍ക്കാരന്റെ വാക്കുകള്‍.

സിനിമയിലെ നേട്ടങ്ങള്‍ക്കപ്പുറം, കൃഷിയിലും തല്‍പരനാണ് സലിം കുമാര്‍. വടക്കന്‍ പറവൂരിലും വൈപ്പിനിലും അദ്ദേഹം കൃഷി ചെയ്തിരുന്നു. പൊക്കാളി അരിക്കും പച്ചക്കറിക്കും പുറമെ മത്സ്യക്കൃഷിയും സ്വന്തമായുണ്ടായിരുന്നു. കര്‍ഷകര്‍ക്കായി അദ്ദേഹം പല വേദികളിലും സംസാരിച്ചിട്ടുണ്ട്. അത് എവിടെ നിന്നെങ്കിലും കിട്ടിയ അറിവുകൊണ്ടല്ല, പലപ്പോഴും കര്‍ഷകനെന്ന നിലയില്‍ സ്വയം ആര്‍ജിച്ചെടുത്ത അറിവുകളിലൂടെയാണെന്നും അയല്‍ക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ശനിയാഴ്ച രാത്രി 10.43ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ, പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ് വിട വാങ്ങിയത്. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ച സലിം കുമാറിന്റെ മൃതദേഹത്തില്‍ ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശന്‍, സാംസ്‌കാരികമന്ത്രി പി സി വിഷ്ണുനാഥ് എന്നിവര്‍ ടൗണ്‍ഹാളിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഹൈബി ഈഡന്‍ എംപി, ബെന്നി ബംഹനാന്‍ എംപി, രമേശ് പിഷാരടി എംഎല്‍എ, സംവിധായകരായ കമല്‍, പ്രിയനന്ദന്‍, നടന്മാരായ ജയറാം, ടിനി ടോം, ബിബിന്‍ ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, നവ്യ നായര്‍ തുടങ്ങി സിനിമാ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ടൗണ്‍ഹാളിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. മോഹന്‍ലാലിന് വേണ്ടി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഉച്ചയ്ക്ക് ഒരു മണി വരെ പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം മൃതദേഹം വീട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് മൂന്നുമണിക്ക് പറവൂരിലെ വീട്ടുവളപ്പില്‍ നടക്കും.

Neighbours remembering Salim Kumar, who extended helping hands to all

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മുഖവും ചിരിയും'; സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

തൃശ്ശൂരിൽ വൻ കവർച്ച; ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണ്ണവും പണവും കവർന്നു

ഒരു വർഷത്തിൽ മൂന്ന് തവണ വരെ, ന​ഗരങ്ങളിൽ ജോലിക്കാരായ സ്ത്രീകളിൽ മൂത്രാശയ അണുബാധ കൂടുന്നു

നേപ്പാളില്‍ പണമടക്കാന്‍ ഇനി യുപിഐ മതി; ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ പുതിയ അധ്യായം; 84 വികസന പദ്ധതികള്‍ നേപ്പാളിന് കൈമാറി

മദ്യം വിറ്റ കാശ് 'പാര്‍ട്ടി ഫണ്ടിലേക്ക്'; ടാസ്മാക് വരുമാന ചോര്‍ച്ചയ്ക്ക് തടയിടാന്‍ വിജയ്; ഡിഎംകെ അഴിമതിക്കെതിരെ അന്വേഷണം?

SCROLL FOR NEXT