തിരുവനന്തപുരം: രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിന് പ്രതിരോധമായി കേരളം പൗരന്‍മാര്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നു. നിലവില്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിച്ച കാര്‍ഡാണ് നല്‍കുക. ആധികാരികവും നിയമ പിന്‍ബലമുള്ളതുമാകും ഈ കാര്‍ഡ്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഗുണഭോക്തൃ തിരിച്ചറിയല്‍ രേഖയായും കാര്‍ഡിനെ ഉപയോഗപ്പെടുത്താനാകും. തഹസില്‍ദാര്‍മാര്‍ക്കായിരിക്കും കാര്‍ഡിന്റെ വിതരണച്ചുമതല.
ബുധനാഴ്ച നടന്ന മന്ത്രിസഭായോഗമാണ് തീരുമാനം എടുത്തത്. സ്വന്തം അസ്തിത്വം തെളിയിക്കാന്‍ ജനങ്ങള്‍ പ്രയാസമനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥ ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരാള്‍, താന്‍ ഈ നാട്ടില്‍ ജനിച്ചു ജീവിക്കുന്നയാളാണെന്നോ സ്ഥിരതാമസക്കാരനാണെന്നോ ആരൂടെ മുന്നിലും അനായാസം തെളിയിക്കാന്‍ പ്രാപ്തനാകണം. ഒരാളും പുറന്തള്ളപ്പെടുന്ന അവസ്ഥ വരരുത്. അതിനായി ആധികാരികവും നിയമ പിന്‍ബലമുള്ളതുമായ രേഖ ആ വ്യക്തിയുടെ കൈവശമുണ്ടാകണം. അത്തരമൊരു രേഖ എന്നനിലയിലാണ് നേറ്റിവിറ്റി കാര്‍ഡ് കേരളത്തില്‍ ആവിഷ്‌കരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീര്‍ഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്. എന്നാല്‍, അത് നിയമ പ്രാബല്യമുള്ള രേഖയല്ല. നിലവില്‍ ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്നു. ഈ വിഷയം പരാതിയായി സര്‍ക്കാരിനു മുന്നിലുണ്ട്. ജനങ്ങളുടെ നിരന്തരമായ അഭ്യര്‍ഥനയും ഇക്കാര്യത്തില്‍ വന്നിട്ടുണ്ട്. കാര്‍ഡ് വരുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. നേറ്റിവിറ്റി കാര്‍ഡിന് നിയമ പ്രാബല്യം നല്‍കുന്നതിനുള്ള നിയമത്തിന്റെ കരട് നിയമ വകുപ്പുമായി കൂടിയാലോചിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുവാന്‍ റവന്യു വകുപ്പിനെ ചുമലതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്‌ഐആര്‍ നടപടിക്രമങ്ങളുടെ ഭാഗമായി 24 ലക്ഷത്തിലധികം പേര്‍ ഒഴിവാക്കപ്പെടുകയും 19 ലക്ഷത്തിലധികം പേര്‍ വീണ്ടും ഹിയറിങ്ങിന് എത്തേണ്ട അവസ്ഥയുമുണ്ടായ സാഹചര്യത്തില്‍ ഇത്തരക്കാരെ സഹായിക്കാന്‍ വില്ലേജ് ഓഫിസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ് ഡസ്‌കുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വില്ലേജ് ഓഫിസില്‍ സൗകര്യമില്ലെങ്കില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ഓഫിസില്‍ സൗകര്യം ഒരുക്കും. ഇവിടെ രണ്ട് ഉദ്യോഗസ്ഥരെ നിയോഗിക്കും. അതത് ജില്ലാ കലക്ടര്‍മാര്‍ക്കാണ് ചുമതല. ഉന്നതി, തീരദേശമേഖല എന്നിവിടങ്ങളില്‍ നേരിട്ടെത്തി സഹായം നല്‍കും. അങ്കണവാടി, ആശാ വര്‍ക്കര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates