കാസര്‍കോട്: നീലേഞ്ചരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ പൊട്ടിത്തെറി വെടിക്കെട്ടിനുള്ള പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തീപ്പൊരി വീണാണെന്ന് ദൃക്‌സാക്ഷികള്‍. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന് നിരവധിപ്പേര്‍ ഉണ്ടായിരുന്നു. ഇവര്‍ക്കാണ് പരിക്കേറ്റത്. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ഭിത്തിയില്‍ വിള്ളല്‍ വീണു. ചിലയിടത്ത് ഭിത്തി അടര്‍ന്നു വീണു. മുന്‍ വര്‍ഷങ്ങളിലും ഇവിടെയാണ് വെടികോപ്പുകള്‍ സൂക്ഷിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായി കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രത്തില്‍ ചൈനീസ് പടക്കങ്ങളാണ് പൊട്ടിച്ചത്. വെടിക്കെട്ട് നടത്തിയ സ്ഥലവും പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലവും അടുത്തടുത്തായിരുന്നു. വെടിക്കെട്ടിനുള്ള പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തീപ്പൊരി വീണതാണ് അപകട കാരണം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഡി ശില്‍പ പറഞ്ഞു.
വെടിക്കെട്ട് നടക്കുന്ന സമയത്ത് വലിയരീതിയില്‍ ജനം ക്ഷേത്രപരിസരത്ത് തിങ്ങിക്കൂടിയിരുന്നു. വലിയ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ജനം ചിതറിയോടി. ഓടുന്നതിനിടെയും പലര്‍ക്കും പരിക്കേറ്റതായും നാട്ടുകാര്‍ പറയുന്നു. ഒരു തീഗോളമാണ് ആദ്യം കണ്ടത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ തിരക്കില്‍പ്പെട്ടു. വലിയ ശബ്ദവും തീയും കണ്ടപ്പോള്‍ ഭയന്നുപോയി. ഓടുന്നതിനിടെ പലര്‍ക്കും വീണു പരിക്കേറ്റതായും നാട്ടുകാര്‍ പറയുന്നു.
പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയെന്ന് ജില്ലാ കലക്ടര്‍
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍. വെടിക്കെട്ട് നടത്തിയ സ്ഥലവും പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലവും അടുത്തടുത്തായിരുന്നു. മിനിമം അകലം പാലിക്കാതെയാണ് പടക്കം പൊട്ടിച്ചത്. 100 മീറ്റര്‍ വേണമെന്നാണ് നിയമമെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്ന് രണ്ടോ മൂന്നോ അടി അകലെ വച്ച് പടക്കം പൊട്ടിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വേണ്ട സുരക്ഷാ നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല. വെടിക്കെട്ട് നടത്തുന്നതിന്റെ സമീപത്ത് തന്നെ പടക്കങ്ങള്‍ സൂക്ഷിച്ചതാണ് അപകടകാരണം. സ്ഥലത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിച്ചുവെന്നും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
സംഭവത്തില്‍ 154 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി 12 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.
മാരകമായി പൊള്ളലേറ്റവരെ മംഗളൂരു, കണ്ണൂര്‍, കോഴിക്കോട് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ചിലരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് വീണതോടെ വെടിപ്പുര ഒന്നാകെ പൊട്ടിത്തെറിക്കുകയായിരുന്നു. ക്ഷേത്ര മതിലിനോടു ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.
ഇതിനു സമീപം സ്ത്രീകളും കുട്ടികളുമുള്‍പ്പെടുയുള്ളവര്‍ തെയ്യം കാണാന്‍ കൂടി നിന്നിരുന്നു. ഇവര്‍ക്കെല്ലാം പൊള്ളലേറ്റു. പടക്ക ശേഖരം പൊട്ടിത്തെറിച്ച് വലിയ തീ ഗോളമായി മാറി. പലര്‍ക്കും മുഖത്തും കൈകള്‍ക്കുമാണ് പൊള്ളലേറ്റത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates