തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വിഡി സതീശന്‍. അതേപ്പറ്റി ഒരു കമന്റുമില്ല. യുഡിഎഫ് യോഗം ചേരുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കും. ഡേറ്റ് അറിയിക്കുന്നതാണ്. മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് യോഗം ചേരാത്തതിനെക്കുറിച്ച് ചെയര്‍മാനോട് ചോദിക്കണമെന്ന് അടൂര്‍ പ്രകാശ് ഇന്നലെ പറഞ്ഞിരുന്നു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ തെളിവാണല്ലോ വന്നുകൊണ്ടിരിക്കുന്നതെന്നും അടൂര്‍ പ്രകാശ് പരിഹസിച്ചിരുന്നു.
എക്‌സൈസിലെ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാറുകളുടെ ക്ലാസിഫിക്കേഷനെ പിന്തുണച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തല്‍ക്കാലത്തേക്ക് അങ്ങനെ ചെയ്തില്ലെങ്കില്‍ കുറേ ബാറുകള്‍ പൂട്ടിപ്പോയേനെയെന്ന് വിഡി സതീശന്‍ പറഞ്ഞു. അത് എക്‌സൈസ് വകുപ്പാണ് ചെയ്യുന്നത്. മുഖ്യമന്ത്രി അറിയേണ്ടതില്ല. കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുക്കാത്തതിനെ തുടര്‍ന്ന് പെന്‍ഡിങ്ങായി. ഇതേത്തുടര്‍ന്ന് നേരത്തെയുള്ള മാനദണ്ഡം അനുസരിച്ച് ബാറുകള്‍ പൂട്ടിപ്പോകാതിരിക്കാനുള്ള നിലപാട് സ്വീകരിച്ചെന്നേയുള്ളൂ.
പുതിയ മദ്യനയം വരുമ്പോള്‍ ഇതേക്കുറിച്ചെല്ലാം വിശദമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോര്‍ഡ്- കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തീരുമാനം ഉടന്‍ വരും. അതു വരുമ്പോള്‍ അറിയിക്കാം. മന്ത്രിസഭയില്‍ കൂട്ടുത്തരവാദിത്തമില്ല, പാര്‍ട്ടിയില്‍ ഐക്യമില്ല എന്നൊന്നും അടൂര്‍ പ്രകാശ് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസിലെ എല്ലാ പ്രധാന നേതാക്കളും മന്ത്രിസഭയിലുണ്ട്. ഞങ്ങൾ കൂട്ടായാണ് തീരുമാനങ്ങളെടുത്തത്. സംഘടനാപരമായ കാര്യങ്ങള്‍ കെപിസിസി പ്രസിഡന്റിനോടാണ് ചോദിക്കേണ്ടത്. ആസൂത്രണ ബോര്‍ഡില്‍ വിദഗ്ധരായ വനിതകളെയാണ് ഉള്‍പ്പെടുത്തേണ്ടതെന്ന് മന്ത്രി ബിന്ദുകൃഷ്ണ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates