മന്ത്രി ബിന്ദു കൃഷ്ണ, കോറോ ഹെൽത്ത് പ്രതിനിധികൾ 
Kerala

പിരിച്ചുവിടല്‍ രാജ്യാന്തര സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് കോറോ ഹെല്‍ത്ത്; വര്‍ക്ക് ഇല്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി; 20 ന് വീണ്ടും ചര്‍ച്ച

കേരളത്തില്‍ പ്രവര്‍ത്തനം തുടരണമെന്ന് മന്ത്രി ബിന്ദുകൃഷ്ണ കമ്പനിയോട് ആവശ്യപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: യുഎസ് കമ്പനിയായ കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചു വിടലില്‍ തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. ഈ മാസം 20 ന് കമ്പനി പ്രതിനിധികള്‍ നേരിട്ടെത്തി വീണ്ടും ചര്‍ച്ച നടത്തുമെന്ന് യോഗത്തിന് ശേഷം മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കമ്പനി ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിച്ചപ്പോള്‍ ബോധ്യപ്പെട്ടു. ഇത് കേവലം ഒരു പ്രദേശത്തു മാത്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയല്ല, ഇന്റര്‍നാഷണല്‍ കമ്പനിയാണ്. അതിനാല്‍ ആവശ്യത്തിന് വര്‍ക്ക് ലഭിക്കാത്തതിനാലാണ് നടപടിയെന്ന കമ്പനിയുടെ വാദം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

കേരളത്തിലെ തൊഴിലാളികളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് സ്റ്റാറ്റസ്‌കോ പാലിച്ചുകൊണ്ട്, കമ്പനി ഇവിടെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിത്തീരുമെന്നും കമ്പനിയെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് ചര്‍ച്ചയില്‍ മുന്നോട്ടുവെച്ച കാര്യങ്ങളില്‍ ഈ മാസം 20 ന് അറിയിക്കാമെന്നാണ് കമ്പനി അറിയിച്ചത്. അതുവരെ തൊഴിലാളികളെ കമ്പനിയില്‍ പ്രവേശിപ്പിക്കണമെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും മന്ത്രി ബിന്ദുകൃഷ്ണ വ്യക്തമാക്കി.

രാജ്യാന്തര സാമ്പത്തിക പ്രതിസന്ധി കാരണമാണ് കൂട്ട പിരിച്ചു വിടലിന് നിര്‍ബന്ധിതരായതെന്ന് അമേരിക്കന്‍ കമ്പനിയായ കോറോ ഹെല്‍ത്ത്. കേരളത്തിന് പുറത്തും പിരിച്ചു വിടല്‍ ഉണ്ടായിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍ മന്ത്രി ബിന്ദുകൃഷ്ണ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കമ്പനിയുടെ വിശദീകരണം. യുഎസിലടക്കം നേരിട്ട സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവു ചുരുക്കല്‍ കൂടി പരിഗണിച്ചാണ് പിരിച്ചുവിടല്‍ നടത്തിയത്. കേരളത്തിന് പുറത്തുള്ള കമ്പനിയുടെ സ്ഥാപനങ്ങളിലും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ വിശദീകരിച്ചു. തൊഴില്‍ മന്ത്രിയുടെ യോഗത്തില്‍ ഓണ്‍ലൈനായിട്ടാണ് കോറോ ഹെല്‍ത്ത് അധികൃതര്‍ പങ്കെടുത്തത്. പിരിച്ചുവിടപ്പെട്ട ജീവനക്കാരെ പ്രതിനിധീകരിച്ച് കൊച്ചിയില്‍ നിന്നും, കോഴിക്കോട്ടു നിന്നും രണ്ടുപേര്‍ വീതം യോഗത്തില്‍ സംബന്ധിച്ചു.

തൊഴിലാളികള്‍ക്ക് വേണ്ട സുരക്ഷിതത്വം, അവര്‍ക്ക് വേണ്ട ആനുകൂല്യം തുടങ്ങിയവ ഉറപ്പാക്കിക്കൊണ്ട്, മുന്‍കൂട്ടി നോട്ടീസ് ഉള്‍പ്പെടെ നല്‍കിക്കൊണ്ടാകണം നടപടി സ്വീകരിക്കേണ്ടതെന്ന് യോഗത്തില്‍ പങ്കെടുത്ത ട്രേഡ് യൂണിയന്‍ പ്രതിനിധികളും ജീവനക്കാരുടെ പ്രതിനിധികളും ആവശ്യപ്പെട്ടു. കോറോഹെല്‍ത്ത് കമ്പനി കേരളത്തില്‍ തന്നെ പ്രവര്‍ത്തനം തുടരണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സാധ്യമായ എല്ലാ സഹായവും ചെയ്തുനല്‍കുമെന്നും മന്ത്രി പറഞ്ഞു. ഹൈബി ഈഡന്‍ എംപി, ഉമ തോമസ് എംഎല്‍എ, ജില്ലാ കലക്ടര്‍ പ്രിയങ്ക, ജില്ലാ ലേബര്‍ ഓഫീസര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

യുഎസിലെ ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കല്‍ ഡീ കോഡിങ് കമ്പനിയായ കോറോ ഹെൽത്ത് കൊച്ചി ഓഫിസിലെ അറുന്നൂറോളം പേരെയും കോഴിക്കോട് ഓഫിസിലെ ഇരുനൂറോളം പേരെയുമടക്കം എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്. ഓഫിസിൽ പെട്ടെന്ന് നടത്തിയ അനൗൺസ്മെന്റിലൂടെയാണ് പിറ്റേന്ന് മുതൽ ജോലിക്ക് വരേണ്ടതില്ലെന്ന് അറിയിപ്പ് നൽകിയത്. തുടർന്ന് കമ്പനിയുടെ ഔദ്യോഗിക ചിഹ്നങ്ങൾ പോലുമില്ലാത്ത വെറും വെള്ള പേപ്പറില്‍ പിരിച്ചുവിട്ടുകൊണ്ടുള്ള കത്തും നൽകിയതായി ജീവനക്കാർ പറയുന്നു.

No decision reached in discussions regarding mass layoffs at Corro Health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്ന മട്ടില്‍ സംസാരിക്കരുത്'; കെ കെ രാഗേഷിനെ തള്ളി പി കെ ശ്രീമതി

മകന് വേണ്ടി നഷ്ടപ്പെടുത്തിയത് 10 കോടി; വയ്യാതായിട്ടും ജയറാം തിരിഞ്ഞു നോക്കിയില്ല; ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ എന്ത് ലോകകപ്പ്? ആർക്ക് വേണം ടിക്കറ്റ്!

'ഭഗവാന്‍ കൃഷ്ണനെപ്പോലെ ജയിലില്‍ ജന്മം എടുക്കുന്നത് താങ്ങാനാവുന്നതല്ല'; ടിസിഎസ് കേസിലെ പ്രതി നിദ ഖാന് ജാമ്യം

പണം ഓഹരി വിപണിയില്‍ നിക്ഷേപിച്ചു, പലിശയ്ക്കും കൊടുത്തു; രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്