

ജയറാമിനെ വിശ്വസിച്ച് മകന്‍ കാളിദാസ് ജയറാമിനെ വച്ച് സിനിമയെടുത്ത് സാമ്പത്തിക പ്രതിസന്ധിയിലായിപ്പോയ സഹോദരനെക്കുറിച്ച് നടി ഉഷ ഹസീന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ കൂടെയുണ്ടാകുമെന്ന് വാക്കു കൊടുത്ത ജയറാം വന്നില്ലെന്നും ഉഷ ഹസീന വെളിപ്പെടുത്തിയിരുന്നു. ആ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ആ വാക്കുകളിലേക്ക്:
ഒന്നുമില്ലായ്മയില്‍ നിന്നും സിനിമാ മേഖലയിലെത്തി, തന്റെ കഠിനാധ്വാനത്തിലൂടേയും അര്‍പ്പണ മനോഭാവത്തിലൂടേയും തന്റേതായൊരു സാമ്രാജ്യം കെട്ടിപ്പടുത്ത നിര്‍മാതാവായിരുന്നു ഹസീബ്. സിനിമ നിര്‍മാണം കൂടാതെ നിര്‍മാതാക്കള്‍ക്ക് ഫൈനാന്‍സ് അറേഞ്ച് ചെയ്യല്‍, സാറ്റലൈറ്റ് റൈറ്റ് വാങ്ങിക്കെടുക്കല്‍, എന്നതൊക്കെ ചെയ്ത് സിനിമാ രംഗത്ത് അവിഭാജ്യ ഘടകമായി അദ്ദേഹം മാറി.
ആലപ്പുഴയില്‍ അത്യാഢംബര ഭവനവും ആഢംബര വാഹനങ്ങളും ഗോള്‍ഡ് ഷോപ്പും മറ്റുമായി രാജകീയമായി വാഴുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു ഇരുട്ടടി ഹസീബിന് ഏല്‍ക്കുന്നത്. ഒരു നിര്‍മാതാവ് പണം മുടക്കിയ ശേഷം പകുതിയ്ക്ക് ഉപേക്ഷിച്ചു പോയ ഒരു സിനിമ ഏറ്റെടുക്കാന്‍ ഹസീബ് നിര്‍ബന്ധിതനായി. അതുവരെ വലിയ താരമൂല്യമുള്ള ചിത്രങ്ങള്‍ മാത്രം ചെയ്തിരുന്ന ഹസീബ് ആദ്യമായി പുതുമുഖ സംവിധായകരുടെ ഒരു സിനിമ ഏറ്റെടുത്തി. കാളിദാസ് ജയറാം നായകനായ ഹാപ്പി സര്‍ദാര്‍ ആയിരുന്നു ആ ചിത്രം.
ഞാന്‍ ഹസീബിനോട് ചോദിച്ചു, എല്ലാം ബിസിനസ് കണ്ണോട് കൂടി മാത്രം നോക്കി കാണുന്ന ഹസീബ് എന്തുകൊണ്ടാണ് ഇങ്ങനൊരു പടം ഏറ്റെടുത്തതെന്ന്. അതിന് ഹസീബ് പറഞ്ഞ മറുപടി, അത് ജയറാമിന് മേലുള്ള തന്റെ വിശ്വാസം ആണെന്നാണ്. എന്റെ മകന്റെ പടം ഹസീബ് ഏറ്റെടുക്കണം, അതിന് എന്ത് സംഭവിച്ചാലും ഞാന്‍ ഒപ്പമുണ്ടാകും, എന്ത് സംഭവിച്ചാലും നമുക്ക് പരിഹരിക്കാം എന്ന് ജയറാം പറഞ്ഞു. ആ ഉറപ്പാണ് എന്റെ വിശ്വാസം എന്ന് ഹസീബ് പറഞ്ഞു.
പലരും ഇതിന് തലവച്ചു കൊടുക്കരുതെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ താന്‍ അതിനൊന്നും ചെവി കൊടുത്തില്ലെന്നും ഹസീബ് പറഞ്ഞു. അങ്ങനെ നിരവധി കോടികള്‍ വാരിയെറിഞ്ഞു കൊണ്ട് ഷൂട്ടിങ് ആരംഭിച്ചു. പഞ്ചാബിലും ഹരിയാനയിലും ആന്ധ്രയിലും തമിഴ്‌നാട്ടിലും കേരളത്തിലുമൊക്കെ ഷൂട്ടിങ് പൊടിപൊടിച്ചു. ഷൂട്ടിങ് പുരോഗമിക്കെ മാര്‍വാടികളുടെ കയ്യില്‍ നിന്നും വട്ടി പലിശയ്ക്ക് പണം കടമെടുത്തു കൊണ്ടേയിരുന്നു. അങ്ങനെ നാലിടത്തു നിന്നുമാണ് പണം തീര്‍ക്കാന്‍ ഫൈനാന്‍സ് എടുത്തത്.
വലിയ ആഘോഷത്തോടെ പടം റിലീസ് ചെയ്തപ്പോള്‍ പോസ്റ്റര്‍ ഒട്ടിച്ച പണം പോലും കിട്ടിയില്ല. പടം എട്ട് നിലയില്‍ വീണു. ഒപ്പം ആ മാനസിക ആഘാതത്തില്‍ ഹസീബെന്ന നിര്‍മാതാവും വീണു. ഈ സിനിമ കാരണം ഹസീബിനുണ്ടായ നഷ്ടം ഏകദേശം പത്ത് കോടിയോളം രൂപയാണ്. കടം കയറി തകര്‍ന്ന നിര്‍മാതാവിന് പിന്നീട് ആരാണ് ഡേറ്റ് കൊടുക്കുക. തന്റെ കഷ്ടപ്പാടില്‍ ഹസീബ് ഏറെ പ്രതീക്ഷയോടെ ജയറാമിനെ സമീപിച്ചു.
ആട് പുലിയാട്ടത്തിന്റെ സംവിധായകന്‍ കണ്ണന്‍ താമരക്കുളത്തേയും കൂട്ടിയാണ് ഹസീബ് ജയറാമിനെ കാണാനെത്തിയത്. ആട്പുലിയാട്ടം 2 ചെയ്യാന്‍ കഥ റെഡിയാണെന്നും ഡേറ്റ് നല്‍കി സഹായിക്കണമെന്നും ഹസീബ് ജയറാമിനോട് പറഞ്ഞു. ഡേറ്റിനായി ഒരു വര്‍ഷം കാത്തിരിക്കണമെന്നായിരുന്നു ജയറാമിന്റെ അഴകൊഴമ്പന്‍ മറുപടി. ആ സമയങ്ങളില്‍ ജയറാമിന് വലിയ സിനിമകളോ തിരക്കുകളോ ഉണ്ടായിരുന്നില്ലെന്നാണ് ഹസീബ് പറയുന്നത്. പണമില്ലാത്ത തന്നെ ഒഴിവാക്കാനായിട്ടാണ് ജയറാം ഇങ്ങനെ പറഞ്ഞതെന്ന് ഹസീബിന് മനസിലായി. മകന്റെ കാര്യത്തിനായി പറഞ്ഞ കാര്യങ്ങളൊക്കെ ജയറാം അപ്പാടെ വിഴുങ്ങിയിരിക്കുന്നു. തകര്‍ന്നിരിക്കുന്ന ഹസീബിന് ജയറാം അയച്ച മെസേജ് എല്ലാം നല്ലതിനാണ്, ഇതും നല്ലതിനാണ് എന്ന് കരുതുക, ദൈവം സഹായിക്കും, ഞാന്‍ പ്രാര്‍ത്ഥിക്കാം. അവിടേയും ജയറാം വാക്ക് പാലിച്ചില്ല. കടക്കാര്‍ വന്ന് ഹസീബിനെ വരിഞ്ഞു മുറുക്കി. അദ്ദേഹത്തിന്റെ സ്വത്തുക്കളെല്ലാം ജപ്തിയുടെ വക്കിലെത്തി.
ഹസീബ് എന്നോട് എല്ലാക്കാര്യങ്ങളും പങ്കുവെക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ജയറാമിനോട് സഹായം അഭ്യര്‍ത്ഥിക്കുന്നതിനെക്കുറിച്ച് പറഞ്ഞു. സാമ്പത്തികമായി ആകെ ബുദ്ധിമുട്ടിലാണ്. ഗോകുലം ഗോപാലനോട് വാങ്ങിയ മുതല്‍ കൊടുക്കാം, പലിശയൊഴിക്കി തരാന്‍ ഗോപാലേട്ടനോട് ജയറാം പറഞ്ഞാല്‍ കേള്‍ക്കും. ജയറാം അത് ഏറ്റെങ്കിലും അത് ചെയ്തു തന്നില്ല.
കടുത്ത മാനസികാഘാതത്താല്‍ പക്ഷാഘാതം പിടിപെട്ട് 30 ദിവസത്തോളമാണ് ഹസീബ് ആശുപത്രിയില്‍ കിടന്നത്. ഒരേ സമയം രണ്ട് ഓപ്പറേഷനുകള്‍ക്ക് വിധേയകനാകേണ്ട സാഹചര്യമുണ്ടായി. അന്ന് മമ്മൂട്ടിയാണ് ഡോക്ടര്‍മാരെ വിളിച്ച് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള ഇടപെടല്‍ നടത്തിയത്. ഒടുവില്‍ 11.5 ലക്ഷം രൂപ സെറ്റില്‍ ചെയ്തത് ബാദുഷയും ആന്റോ ജോസഫും ചേര്‍ന്നാണ്. ഇത്തരം ഗുരുതരാവസ്ഥയിലൂടെ കടന്നുപോകാന്‍ കാരണക്കാരനായവന്‍ ഇതൊന്നും അറിഞ്ഞതുമില്ല, കേട്ടതുമില്ല. ആ വഴി വന്നതുമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates