Vinodini screen grab
Kerala

കൈ മുറിച്ചുമാറ്റേണ്ടിവന്ന വിനോദിനിയെ സര്‍ക്കാര്‍ മറന്നോ?, നാല് മാസമായി ധനസഹായമില്ല; കേസും ഇഴഞ്ഞുനീങ്ങുന്നു

കുട്ടിയുടെ വിദ്യാഭ്യാസത്തിനായി പ്രതിമാസം 4,000 രൂപ ധനസഹായം നല്‍കുമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

പാലക്കാട്: ആരോഗ്യ വകുപ്പിന്റെ അനാസ്ഥയെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന വിദ്യാര്‍ത്ഥിനി വിനോദിനി (9) ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം നാല് മാസമായി മുടങ്ങിയതായി കുടുംബം. കുട്ടിയുടെ വിദ്യാഭ്യാസത്തിനായി പ്രതിമാസം 4,000 രൂപ ധനസഹായം നല്‍കുമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ തുക ലഭിച്ചതിന് ശേഷം പിന്നീട് ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്ന് മാതാപിതാക്കളായ വിനോദ് ഡി.യും പ്രസീതയും പറയുന്നു.

വനിതാ-ശിശു വികസന വകുപ്പാണ് വിനോദിനിയുടെയും മാതാവ് പ്രസീതയുടെയും സംയുക്ത ബാങ്ക് അക്കൗണ്ടിലേക്ക് ധനസഹായം അനുവദിച്ചിരുന്നത്. ആദ്യ രണ്ട് മാസങ്ങളിലെ തുക മാത്രമാണ് അക്കൗണ്ടിലെത്തിയത്. മാര്‍ച്ച് മുതല്‍ ധനസഹായം മുടങ്ങിയതോടെ കുട്ടിയുടെ പഠനച്ചെലവുകള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണ്.

അതേസമയം, സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രി അധികൃതര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസും മുന്നോട്ടുപോകുന്നില്ലെന്ന പരാതിയും കുടുംബം ഉന്നയിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിനോദിനിയുടെ കൈയ്ക്ക് പൊട്ടലേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയെങ്കിലും, ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചകളെ തുടര്‍ന്ന് സെപ്റ്റംബര്‍ 30-ന് കൈ മുറിച്ചുമാറ്റേണ്ടിവന്നിരുന്നു.

സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് ആദ്യം തയ്യാറായിരുന്നില്ലെന്ന് വിനോദ് പറയുന്നു. നിരവധി പരാതികള്‍ക്കും ഇടപെടലുകള്‍ക്കും ശേഷമാണ് നവംബര്‍ 11-ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് ആശുപത്രി അധികൃതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

''കേസെടുത്തെങ്കിലും ആശുപത്രി അധികൃതര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ വളരെ ചെറിയ ശിക്ഷ മാത്രം ഉറപ്പാക്കുന്നതാണെന്നാണ് അഭിഭാഷകന്‍ അറിയിച്ചത്. ഇതുവരെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല,'' വിനോദ് സമകാലിക മലയാളത്തോട് പറഞ്ഞു.

പാലക്കാട് പല്ലശ്ശനയിലെ ഒഴിവുപാറ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് വിനോദിനി. ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒരു കൈ നഷ്ടമായ കുട്ടിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം പോലും സമയത്ത് ലഭിക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്ന് കുടുംബം ആരോപിക്കുന്നു.

"No financial aid for four months; Has the government forgotten Vinodini, whose hand had to be amputated? Case drags on too

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live: കിഫ്ബിക്ക് വിദഗ്ധ സമിതി, എന്‍പിഎസ് പരിഷ്‌കരിക്കും; വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്

ആരോഗ്യവകുപ്പ് ആസ്ഥാനത്ത് കസേരക്കളി; 'സീറ്റ് വിട്ടുതരില്ലെന്ന്' മീനാക്ഷി; ചുമതലയേൽക്കാനാകാതെ റീന മടങ്ങി

'മലയാളത്തിലേക്ക് വരുന്നു എന്ന് പറയുമ്പോൾ പ്രേക്ഷകർ എന്തെങ്കിലും പ്രതീക്ഷിക്കും; കറക്ടായ പടം ചെയ്യണമെന്നുണ്ടായിരുന്നു'

'കിമോതെറാപ്പി നേരത്തേയുള്ള ആർത്തവവിരാമത്തിലേക്ക് നയിച്ചു, കാൻസർ ആണെന്ന് പുറത്തുപറയരുതെന്ന് ഒരുപാട് പേർ ഉപദേശിച്ചു'; ലിസ റേ

നിർബന്ധിച്ച് കടന്നുപിടിച്ചു, ഒരു കിലോമീറ്റർ വലിച്ചിഴച്ചു; അങ്കണവാടി ജീവനക്കാരി മേനകയെ കൊന്നത് തോട്ടിൽ മുക്കിയെന്ന് പ്രതി വിനോദിന്റെ മൊഴി