തിരുവനന്തപുരം : സൂംബയുടെ പേരില്‍ കായിക താരങ്ങളെ അധിക്ഷേപിച്ചവര്‍ മാപ്പു പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലോകത്ത് അംഗീകരിക്കപ്പെട്ട കായിക ഇനമാണ് സൂംബ. കായികലോകത്ത് പ്രവര്‍ത്തിക്കുന്നവരെ, കായിതാരങ്ങളെ ആകെത്തന്നെയാണ് ആക്ഷേപിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ആക്ഷേപിച്ചിട്ടുള്ളവര്‍ ആ അധിക്ഷേപം പിന്‍വലിച്ച് മാപ്പു പറയണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍, എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പില്‍ അക്കാദമിക കാര്യങ്ങളും നോണ്‍ അക്കാദമിക കാര്യങ്ങളും തീരുമാനിക്കാന്‍ സര്‍ക്കാരുണ്ട്. ഇന്ന കാര്യം ചെയ്യണമെന്ന് ആജ്ഞാപിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ എടുക്കുന്ന തീരുമാന്തതില്‍ സംശയമുണ്ടെങ്കില്‍, എതിരഭിപ്രായം ഉണ്ടെങ്കില്‍ പറയാം. ആജ്ഞാപിച്ചാല്‍ അംഗീകരിക്കില്ല. അക്കാദമിക കാര്യങ്ങളില്‍ ആജ്ഞാപിക്കാന്‍ ആര്‍ക്കും അവകാശം ഇല്ല. എല്ലാവര്‍ക്കും അറിയാവുന്ന കാര്യത്തില്‍ ബോധപൂര്‍വം വര്‍ഗീയ നിറം കൊടുത്ത് മതേതരത്വത്തിന് യോജിക്കാത്ത വിധം അഭിപ്രായം പറഞ്ഞാല്‍ അത് അംഗീകരിക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
സൂംബ നൃത്തത്തില്‍ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെ ആക്ഷേപിക്കുന്ന പെരുമാറ്റമാണ് ഉണ്ടായിട്ടുള്ളത്. സ്‌കൂള്‍ യൂണിഫോം സബന്ധിച്ച് വിവാദം, മിക്‌സഡ് ആയിട്ട് കുട്ടികള്‍ കളിക്കാന്‍ പാടില്ല എന്നൊരു വിവാദം. കുട്ടികളുടെ ഡ്രസ് കോഡ് സംബന്ധിച്ച് മറ്റൊരു വിവാദം. കായികതാരങ്ങളുടെ ഡ്രസ് കോഡ് നിശ്ചയിക്കാന്‍ കായികതാരങ്ങളുടെ അസോസിയേഷനും സര്‍ക്കാരുമുണ്ട്. അല്ലാതെ വ്യക്തികള്‍ തീരുമാനിക്കേണ്ടതില്ല. സ്‌കൂള്‍ യൂണിഫോം സംബന്ധിച്ച് സ്‌കൂള്‍ പിടിഎയാണ് തീരുമാനിക്കേണ്ടത്. അതല്ലാതെ വേറെ ആരെങ്കിലും ആജ്ഞാപിച്ചാല്‍ അതൊന്നും നടപ്പിലാകാന്‍ പോകുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ചില ദിവസങ്ങളില്‍ പരീക്ഷ നടത്താന്‍ പാടില്ലെന്ന് ചിലര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ പരീക്ഷകള്‍ നടന്ന സമയത്ത് ശനിയാഴ്ച പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടര്‍ വന്നിരുന്നു. ശനിയാഴ്ച പേനയും പേപ്പറും തൊടില്ലെന്നാണ് അവര്‍ പറഞ്ഞത്. അതൊക്കെ ബുദ്ധിമുട്ടാണ്. എല്ലാവരും സഹകരിക്കേണ്ടതുണ്ട്. ന്യായമായ ദിവസങ്ങളില്‍ പരീക്ഷ നടത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കും. സര്‍ക്കാര്‍ ന്യായമായും ഉചിതമായതുമായ തീരുമാനങ്ങളെടുക്കുന്നതുകൊണ്ട്, ഇത്തരം കാര്യങ്ങളെ ആകെത്തന്നെ എതിര്‍ക്കുന്ന സമീപനം സ്വീകരിച്ചാല്‍ മുന്നോട്ടുപോകുക ബുദ്ധിമുട്ടാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
അഭിപ്രായങ്ങള്‍ പറയുന്നവരോട് സര്‍ക്കാര്‍ എല്ലാ തരത്തിലും സഹകരിച്ചു പോകുകയാണ്. എല്ലാ അഭിപ്രായങ്ങളും സര്‍ക്കാര്‍ കേള്‍ക്കും. ഏതെങ്കിലും സംഘടനകള്‍ പറഞ്ഞു എന്നതുകൊണ്ട്, സര്‍ക്കാര്‍ ന്യൂനപക്ഷത്തോട് സ്വീകരിക്കുന്ന നയത്തിലൊന്നും ഒരു മാറ്റവുമില്ല എന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ സൂംബ നടപ്പിലാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശത്തിനെതിരെ സുന്നി, മുജാഹിദ് വിഭാഗങ്ങളുടെ വിവിധ സംഘടനങ്ങള്‍ രംഗത്തെത്തിയിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നു നടത്തുന്ന സൂംബ ധാര്‍മ്മികതയ്ക്ക് നിരയ്ക്കുന്നതല്ല, കുട്ടികളെ ഡിജെ പാര്‍ട്ടിയിലേക്കും രാസലഹരി ഉപയോഗിക്കുന്നതിലേക്കും വരെ എത്തിക്കുന്നുവെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. ലഹരി വിരുദ്ധ ക്യാംപെയിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ സൂംബ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Education Minister V Sivankutty demands apology from those who insulted athletes in the name of Zumba. The minister said that no one should come to dictate academic matters.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates