കൊച്ചി: വിവാഹ ചടങ്ങുകളിലും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ( plastic ban ) നിരോധിച്ച് ഹൈക്കോടതി ( Kerala Highcourt ). ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങള്‍, പ്ലേറ്റുകള്‍, കപ്പ്, സ്‌ട്രോ, കവറുകള്‍, ബേക്കറി ബോക്‌സുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനുമാണ് നിരോധനം.
വിവാഹം അടക്കമുള്ള ചടങ്ങുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പരിപാടികള്‍ എന്നിവയില്‍ അഞ്ച് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍, രണ്ട് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ശീതള പാനീയ കുപ്പികള്‍, പ്ലാസ്റ്റിക് സ്‌ട്രോ, പ്ലേറ്റുകള്‍, കപ്പ്, സ്പൂണ്‍, കത്തി മുതലായവ ഉപയോഗിക്കുന്നതും ഡിവിഷന്‍ ബെഞ്ച് നിരോധിച്ചു. ഇത് ഹോട്ടലുകളുടെ ലൈസന്‍സ് വ്യവസ്ഥകളുടെ ഭാഗമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് നടക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും ഈ നിരോധനം ബാധകമായിരിക്കും. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ നിരോധനം പ്രാബല്യത്തിലാക്കാന്‍ ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മതിയായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ ആവശ്യപ്പെടുന്നു. ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്നതിനാല്‍ 60 ജിഎസ്എമ്മില്‍ കൂടുതലുള്ള നോണ്‍ വോവന്‍ ബാഗുകളുടെ കാര്യത്തില്‍ നിരോധനം ബാധകമല്ല.
മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, അടിമാലി, മാങ്കുളം, പള്ളിവാസല്‍, മറയൂര്‍, ദേവികുളം, കാന്തല്ലൂര്‍, വട്ടവട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ വരുന്ന മൂന്നാര്‍ മേഖല, തേക്കടി, വാഗമണ്‍, അതിരപ്പിള്ളി, ചാലക്കുടി അതിരപ്പിള്ളി മേഖല, നെല്ലിയാമ്പതി, പൂക്കോട് തടാകംവൈത്തിരി, സുല്‍ത്താന്‍ ബത്തേരി, കര്‍ലാഡ് തടാകം, അമ്പലവയല്‍, വയനാട് ഹെറിറ്റേജ് മ്യൂസിയം എന്നീ ടൂറിസം ഹില്‍ സ്റ്റേഷനുകളിലും ഒറ്റത്തവണ പ്ലാസ്റ്റിക്കിനുള്ള വിലക്ക് ബാധകമാണ്.
നിരോധിത മേഖലകളില്‍ കുടിവെളള ലഭ്യത ഉറപ്പാക്കുന്നതിന് കിയോസ്‌കുകള്‍ സ്ഥാപിക്കണം. വെളളം കുടിക്കുന്നതിനായി സ്റ്റീല്‍, കോപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിക്കണം. ജലാശയങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ തടയണം. പ്ലാസ്റ്റിക്കിന് പകരം സമാന്തര സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണം തുടങ്ങിയ കാര്യങ്ങള്‍ ഹൈക്കോടതി ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates