കൊച്ചി: ജയില്‍ ഉപദേശക സമിതിയില്‍ രാഷ്ട്രീയ നേതാക്കളെ അംഗമാക്കുന്നത് ശരിയല്ലെന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ മുന്‍ സൂപ്രണ്ട് കെ അനില്‍കുമാര്‍. വ്യക്തിപരമായി, ഞാന്‍ അതിനെതിരാണ്. ബോര്‍ഡില്‍ തീര്‍ച്ചയായും അനൗദ്യോഗിക അംഗങ്ങള്‍ ആവശ്യമാണ്, പക്ഷേ അവര്‍ മനഃശാസ്ത്രം, ക്രിമിനോളജി അല്ലെങ്കില്‍ കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ പരിശീലനം നേടിയവരായിരിക്കണം. കെ അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരില്‍ ജയില്‍ അഡ്വൈസറി ബോര്‍ഡില്‍ സിപിഎം നേതാവ് പി ജയരാജന്‍ അംഗമായിരുന്നത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അനില്‍കുമാറിന്റെ പ്രതികരണം. 2012-ല്‍ പി ജയരാജന്‍ ജയിലിലായിരുന്നപ്പോള്‍, ഞാന്‍ അവിടെ സേവനം അനുഷ്ഠിച്ചിരുന്നുവെന്നും അനില്‍കുമാര്‍ വ്യക്തമാക്കി. തടവുകാരുടെ മോചനത്തില്‍ ജയില്‍ അഡ്വൈസറി ബോര്‍ഡിന്റെ ശുപാര്‍ശയ്ക്ക് പ്രാധാന്യമുണ്ട്. ചില രാഷ്ട്രീയ തടവുകാര്‍ക്ക് നേരത്തെ മോചനം നല്‍കിയിട്ടുണ്ട് എന്നത് സത്യമാണ്.
ജയില്‍ ഡയറക്ടര്‍ ജനറല്‍, ജില്ലാ കലക്ടര്‍, പൊലീസ് സൂപ്രണ്ട്, ജുഡീഷ്യല്‍ പ്രതിനിധികള്‍, മറ്റ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ എന്നിവരടങ്ങുന്ന ഒരു ഉപദേശക സമിതിയാണ് തടവുകാരുടെ നേരത്തെയുള്ള മോചനം പരിഗണിക്കുന്നത്. യോഗ്യരായ ഓരോ തടവുകാരനെയും കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ജയില്‍ വകുപ്പ് തയ്യാറാക്കുന്നു, ജയിലിനുള്ളിലെ പെരുമാറ്റം, അച്ചടക്കം, ജോലി, മൊത്തത്തിലുള്ള പെരുമാറ്റം എന്നിവ രേഖപ്പെടുത്തുന്നു.
തീരുമാനങ്ങള്‍ ഭൂരിപക്ഷ അഭിപ്രായമനുസരിച്ച് കൊക്കൊള്ളുന്നു. സ്വാഭാവികമായും, ബോര്‍ഡിന്റെ ഘടനയെ ആശ്രയിച്ച്, ഭരണസംവിധാനത്തിന് സ്വാധീനമുള്ള സാഹചര്യങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ജയില്‍ ഭരണകൂടത്തിന്റെ വിലയിരുത്തലിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്നും കെ അനില്‍കുമാര്‍ പറഞ്ഞു. അമിതമായ ജയില്‍വാസം ഒരു തരത്തില്‍ അനീതിയാണ്. കേരളത്തില്‍ 35 വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞ തടവുകാരുണ്ട്.
ഏകദേശം ഒരു ഡസനോളം പേര്‍ 20 വര്‍ഷത്തിലധികം തടവ് പൂര്‍ത്തിയാക്കി. നാലുപേര്‍ മൂന്ന് പതിറ്റാണ്ടിലധികം തടവില്‍ കഴിഞ്ഞു. ജീവപര്യന്തം തടവ് എന്നാല്‍ സാങ്കേതികമായി ഒരാളുടെ സ്വാഭാവിക ജീവിതത്തിന്റെ ശേഷിച്ച കാലം മുഴുവന്‍ തടവ് ശിക്ഷ അനുഭവിക്കുക എന്നാണ്. എന്നാല്‍ 14 വര്‍ഷത്തെ തടവിന് ശേഷം, കേസുകള്‍ ഉപദേശക സമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കാം. കാരണവര്‍ കേസിലെ ഒന്നാം പ്രതിയായ ഷെറിന്‍, സ്ത്രീ എന്ന പരിഗണനയില്‍ 14 വര്‍ഷത്തിന് ശേഷം ജയില്‍ മോചിതയായി. അതേസമയം രണ്ടാമത്തെയും മൂന്നാമത്തെയും പ്രതികള്‍ ജയിലില്‍ തുടരുകയാണ്. കെ അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates