

തന്റെ മക്കൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം നടത്തുന്നവർക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി ഖുശ്ബു. ഖുശ്ബുവിന് പിന്തുണച്ച് നടി രാധിക ശരത്‌കുമാറും രംഗത്തെത്തി. സ്നേഹവും വിശ്വാസവും പരസ്പര ധാരണയും അടിസ്ഥാനമാക്കിയാണ് തൻ്റെ കുടുംബം കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ഖുശ്ബു എക്‌സിൽ കുറിച്ചു.
"ഇതാണ് എന്റെ കുടുംബം. സ്നേഹം, വിശ്വാസം, ധാരണ എന്നിവയിൽ കെട്ടിപ്പടുത്തതാണ്. ഇന്നത്തെ ഈ നിലയിൽ എത്തിച്ചേരാൻ ഞങ്ങൾ ഒരുപാട് കഷ്ടപ്പെടുകയും കഠിനാധ്വാനം ചെയ്യുകയും ചോരയും നീരും ഒഴുക്കുകയും ചെയ്തിട്ടുണ്ട്. ചില സമയങ്ങളിൽ ഞങ്ങൾക്കു കാലിടറിയിട്ടുണ്ടാകാം,
പരാജയപ്പെട്ടിട്ടുണ്ടാകാം, തട്ടി വീണിട്ടുമുണ്ടാകാം; എന്നാൽ, വീര്യത്തോടെ പൊരുതിക്കയറുന്നതിലും വീണ്ടും വിജയം വരിക്കുന്നതിലും ഞങ്ങൾ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. വിജയങ്ങളിൽ മതിമറന്നു പോകാനോ സെലിബ്രിറ്റികളുടെ മക്കളെന്ന ആനുകൂല്യം മുതലെടുക്കാനോ അനുവദിക്കാതെ, അങ്ങേയറ്റത്തെ ശ്രദ്ധയോടെയാണ് ഞങ്ങൾ മക്കളെ വളർത്തിയത്.
തങ്ങൾ ആരാണെന്നതിന്റെ ആനുകൂല്യം അവർ ഒരിക്കൽപ്പോലും മുതലെടുത്തിട്ടില്ല. ഞങ്ങളുടെ മക്കളെക്കുറിച്ച് ഞങ്ങൾക്ക് അങ്ങേയറ്റത്തെ അഭിമാനമുണ്ട്. അവരുടെ അതേ ഭാഷയിലും രീതിയിലും മറുപടി നൽകാൻ ആഗ്രഹമുണ്ട്, പക്ഷേ ഞാനത് ചെയ്യില്ല. ഒരമ്മയോടും കളിക്കാൻ നിൽക്കരുത്. സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ചാടിവീണു കൊല്ലുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കുക.
കുറച്ചു ഫോളോവേഴ്സിനെയും പരിഹാസങ്ങളെയും നേടാനായി എന്റെ മക്കളെയും കുടുംബത്തെയും ഉപയോഗിക്കാൻ ഇറങ്ങിത്തിരിച്ച ഏതോ തരംതാണ ഒരു വിഡ്ഢിക്കു വേണ്ടിയുള്ളതല്ല ഈ സന്ദേശം. ഒരു കെട്ട് പച്ചനോട്ടുകൾക്കു വേണ്ടി, സ്വന്തം കുടുംബം പുലർത്താനായി ഞങ്ങളെക്കുറിച്ച് ഇരുന്ന് സംസാരിക്കുന്ന യൂട്യൂബർമാർ എന്നു വിളിക്കപ്പെടുന്ന എല്ലാവർക്കുമുള്ള വളരെ വ്യക്തമായ സന്ദേശമാണിത്". -ഖുശ്ബു പറഞ്ഞു.
“ഇന്ന് നമ്മൾ നമുക്കു വേണ്ടി സംസാരിച്ചില്ലെങ്കിൽ, ഈ മഠയന്മാർ നമ്മുടെ നെഞ്ചത്തു കയറും. അവർക്ക് അറിയാത്ത ഒന്നുണ്ട് ; നമ്മുടെ ഉള്ളിലുള്ള കരുത്ത് വിലയ്ക്കു വാങ്ങിയതല്ല, കഠിനാധ്വാനത്തിലൂടെ നേടിയെടുത്തതാണ്. നിങ്ങൾക്ക് വേണ്ടി നിങ്ങൾ തന്നെ നിലകൊള്ളണമെന്നാണ് ഇവിടെയുള്ള ഓരോ സ്ത്രീയോടും എനിക്കു പറയാനുള്ളത്. മറ്റുള്ളവർ നിങ്ങളെ ബഹുമാനിക്കാതിരിക്കുമ്പോൾ അതൊരു കാര്യമാക്കേണ്ടതില്ല.
നിങ്ങളെത്തന്നെ ബഹുമാനിക്കാൻ പഠിക്കുക. മറ്റുള്ളവർ നിങ്ങളെ അപമാനിക്കാൻ ഒരിക്കൽപ്പോലും അനുവദിക്കരുത്. ഒരു സുഹൃത്തായും കുടുംബമായും എപ്പോഴും കൂടെയുണ്ടാകുന്നതിന് രാധികയ്ക്ക് നന്ദി".- ഖുശ്ബു കൂട്ടിച്ചേർത്തു. ഖുശ്ബുവിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാധിക ശരത്‌കുമാർ തൻ്റെ പിന്തുണ അറിയിച്ചത്.
അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്നും, വിമർശനം ക്രൂരതയാകരുതെന്നും അവർ വ്യക്തമാക്കി. ഒരു വ്യക്തിയുടെ മക്കളെ പരിഹസിക്കുന്നത് തമാശയല്ല, മറിച്ച് ഭീരുത്വമാണെന്നും രാധിക കുറിച്ചു. ഖുശ്ബുവിൻ്റെയും സംവിധായകൻ സുന്ദർ സിയുടെയും മക്കളായ അവന്തികയും ആനന്ദിതയും തങ്ങളുടെ രൂപത്തിന്റെ പേരിൽ നേരത്തെയും വലിയ തോതിൽ സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്.
താൻ ഇൻസ്റ്റഗ്രാം തുറക്കുമ്പോൾ ആളുകൾ തന്നെ 'ട്രാൻസ്പേഴ്സൺ' എന്ന് വിളിച്ചാണ് കൂടുതലും അധിക്ഷേപിക്കാറുള്ളതെന്ന് അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ ആനന്ദിത വെളിപ്പെടുത്തിയിരുന്നു. ട്രാൻസ്ജെൻഡർ വ്യക്തികൾ വളരെ മനോഹാരിതയുള്ളവരാണെന്നും, ആ പദം ഒരു അപമാനവാക്കായി ഉപയോഗിക്കുന്നത് അറിവില്ലായ്മയാണെന്നും ആനന്ദിത പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates