ന്യൂഡല്‍ഹി: സംരക്ഷിത വനമേഖലകള്‍ക്കു ചുറ്റും പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. തിരുവനന്തപുരത്തെ പേപ്പാറ, നെയ്യാര്‍ വന്യജീവിസങ്കേതങ്ങള്‍ക്ക് ചുറ്റും 70.9 ചതുരശ്ര കി മീ പരിസ്ഥിതി ലോല മേഖലയാകും.
തിരുവനന്തപുരത്തെ അമ്പൂരി, വിതുര, കള്ളിക്കാട്, ആര്യനാട് പഞ്ചായത്തുകളിലെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി. വ്യവസായങ്ങള്‍, ക്വാറി, തടിമില്‍, മരംവെട്ടല്‍, ഹോട്ടല്‍, റിസോര്‍ട്ട് തുടങ്ങി ഒട്ടേറെ നിയന്ത്രണങ്ങള്‍ പരിസ്ഥിതി ലോല മേഖലയിലുണ്ടാകും.
വിജ്ഞാപനം സംബന്ധിച്ച് ഈ പ്രദേശത്തെ താമസക്കാര്‍ക്ക് രണ്ടു മാസത്തിനുള്ളില്‍ അഭിപ്രായങ്ങളോ പരാതികളോ സമര്‍പ്പിക്കാം. അതിനുശേഷം അന്തിമ വിജ്ഞാപനം ഉണ്ടാകും. വനമേഖലയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ കര്‍ശന നിയന്ത്രണം ഉണ്ടാകും. ഈ പരിധിയില്‍ മരം വെട്ടാന്‍ അനുമതിയില്ല. പരിസ്ഥിതി ലോല മേഖലകളില്‍ ഇക്കോ ടൂറിസം അനുവദിച്ചിട്ടുണ്ടെങ്കിലും താല്‍ക്കാലിക നിര്‍മ്മിതികള്‍ മാത്രമേ അഅനുവദിക്കൂ.
ഒരു കിലോമീറ്റര്‍ പരിധി കഴിഞ്ഞ് സോണുകളായി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകും. റെഡ് കാറ്റഗറിയില്‍ പെടുന്ന വ്യവസായങ്ങള്‍ ഈ മേഖലകളില്‍ അനുവദിക്കില്ല. ഖനനം, ഇഷ്ടികക്കളങ്ങള്‍ തുടങ്ങിയവ അനുവദിക്കില്ല. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചു മാത്രമാകും വികസനപ്രവര്‍ത്തനങ്ങള്‍ അനുവദിക്കുക. വിജ്ഞാപനം നിലവില്‍ വരുന്നതോടെ ആദിവാസി ഭൂമി വാങ്ങുന്നതിനും വില്‍ക്കുന്നതിനും പൂര്‍ണ നിയന്ത്രണമുണ്ടാകും.
മൂന്നാര്‍ ഉള്‍പ്പെടെയുള്ള മറ്റ് മേഖലകളിലെ കേന്ദ്രവിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. എന്നാല്‍ കേന്ദ്രനീക്കം അംഗീകരിക്കില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി വ്യക്തമാക്കി. സംസ്ഥാനസര്‍ക്കാര്‍ ഗൗരവമായി വിഷയത്തില്‍ ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു. പരിസ്ഥിതി ലോലപ്രദേശ വിജ്ഞാപനത്തില്‍ ജനവാസ മേഖലകളെ ഉള്‍പ്പെടുത്തിയ കേന്ദ്രവിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ വനംമന്ത്രി അടിയന്തര യോഗം വിളിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates