കൊച്ചി: ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പിടിക്കപ്പെടുന്നവരെ രക്ഷിക്കാന്‍ ആരൊക്കെ ശുപാര്‍ശ ചെയ്താലും വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ആരൊക്കെ ഇടപെട്ടാലും വിട്ടുവീഴ്ച ചെയ്യരുതെന്ന് പൊലീസിനും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ നിയമലംഘകരെ സഹായിക്കാന്‍ ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന 'ജീവ-സുയാത്ര മിഷന്‍' എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മിഷന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ നടന്‍ മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥിയായി.
നിയമനടപടികള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ പേരില്‍ ജനങ്ങള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിയെന്ന നിലയില്‍ താന്‍ ഏറ്റെടുക്കുമെന്നും സതീശന്‍ പറഞ്ഞു. ആറുമാസം തുടര്‍ച്ചയായി കര്‍ശന നടപടികള്‍ സ്വീകരിച്ചാല്‍ ഒരുവര്‍ഷത്തിനകം കേരളത്തില്‍ മാതൃകാപരമായ ഗതാഗത സംസ്‌കാരം രൂപപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ഷങ്ങള്‍ക്കുമുമ്പ് കൊച്ചി നഗരത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ പൊലീസ് ശക്തമായ പരിശോധന നടത്തിയ അനുഭവം മുഖ്യമന്ത്രി പ്രസംഗത്തില്‍ പങ്കുവച്ചു. അന്ന് പിടിയിലാകുന്നവരെ രക്ഷിക്കാന്‍ പൊലീസിന് നിരന്തരം ഫോണ്‍ കോളുകള്‍ വരുമായിരുന്നു. എന്നാല്‍ പരിശോധനയും നടപടികളും കര്‍ശനമാക്കിയതോടെ മദ്യപിച്ചശേഷം വാഹനം ഓടിക്കുന്നവര്‍ക്ക് പകരം ഭാര്യമാരെക്കൊണ്ട് വാഹനം ഓടിച്ച് വീട്ടിലേക്ക് മടങ്ങുന്ന സാഹചര്യം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് പരിശോധനകള്‍ കുറഞ്ഞതോടെ ആളുകള്‍ പഴയ രീതിയിലേക്ക് മടങ്ങിയെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates