പിണറായി വിജയന്‍ 
Kerala

'വീണ മൊഴി നല്‍കിയെന്നത് ശുദ്ധനുണ, പച്ചക്കള്ളം; ഉണ്ടായില്ലാ വെടി പൊട്ടുന്നത് കേട്ട് ഞെട്ടിപ്പോകുമെന്ന് കരുതേണ്ട: ഇഡിയുടെ ലക്ഷ്യം അന്വേഷണം എന്നിലേക്ക് എത്തിക്കാന്‍'

താന്‍ മുഖ്യമന്ത്രിയായ കാലത്ത് സിഎംആര്‍എല്ലിന് വഴിവിട്ട ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല, അങ്ങനെ നല്‍കിയെന്ന് തെളിയിക്കുന്ന എന്തെങ്കിലും ഒരുരേഖ എവിടെയും ഹാജരാക്കിയിട്ടില്ല,

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: ഇഡിയുടെ പ്രവര്‍ത്തനം രാഷ്ട്രീയലക്ഷ്യത്തോടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇഡി തന്ന വിവരങ്ങള്‍ പുറത്തുനല്‍കുന്നു. വീണ മൊഴി നല്‍കിയെന്നത് ശുദ്ധനുണയും പച്ചക്കള്ളവുമാണ്. ഇതിലൊന്നും സങ്കടപ്പെടേണ്ട കാര്യം തനിക്കില്ല. ഇഡിയുടെ നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. ഇപ്പോഴത്തെ ഉണ്ടായില്ലാവെടി പൊട്ടുന്നത് കേട്ട് ഞെട്ടിപ്പോകുമെന്ന് വലതുപക്ഷം കരുതേണ്ടതില്ല. ഇഡി കരുതുന്നതും മനസില്‍ ആലോചിക്കുന്നതും സ്വന്തം വാര്‍ത്തകാളാക്കി പാര്‍ട്ടിക്കെതിരെ നിരന്തരം പ്രചാരണം നടത്തുന്ന വലതുപക്ഷ മാധ്യമങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന് പിണറായി പറഞ്ഞു.

ഇഡിയുടെ പ്രവര്‍ത്തനം സിഎംആര്‍എല്‍ വിഷയത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പുതിയ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ ഇഡി പുറത്തുവിടുകയാണെന്ന് പിണറായി പറഞ്ഞു. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധവിക്ക് ഇഡി കത്ത് നല്‍കി. മാധ്യമങ്ങള്‍ നല്‍കിയ വിവരം അനുസരിച്ച് 25 പേജുള്ള റിപ്പോര്‍ട്ട് ആണ് ഇഡി കൈമാറിയത്, സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി ഒരുകത്ത് അയച്ചാല്‍ അപ്പോള്‍ തന്നെ പുറത്തുവരില്ല. അത് എങ്ങനെ പുറത്തുവന്നുവെന്ന് പിണറായി ചോദിച്ചു. ഇഡി തന്നെ അത് പുറത്തുകൊടുക്കുന്ന സ്ഥിതി വന്നിരിക്കുകയാണ്. അതില്‍ തന്നെ കുറിച്ചുള്ള പരാമര്‍ശം ഉണ്ട്. തനിക്ക് അത് സംബന്ധിച്ച് ഇഡിയുടെ കത്തും ഒരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു.

ഇഡിയുടെതേന്ന് പറയുന്ന കത്തിലെ ചില പേജുകളും ആരോപണങ്ങളും പ്രസീദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇഡി ഉയര്‍ത്തുന്ന ആരോപണത്തില്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. നേരത്തെ ഉയര്‍ത്തിയത് സിഎംആര്‍എല്‍ യാതൊരു സേവനവും ലഭിക്കാതെ എക്‌സാലോജിക്കിന് പണം നല്‍കിയിരുന്നു എന്നായിരുന്നു, അതിന്റെ അടിസ്ഥാനത്തില്‍ സിഎംആര്‍എല്‍ എന്ന കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടായി എന്നായിരുന്നു എസ്എഫ്‌ഐഒ ആരോപിച്ചത്. തുടര്‍ന്നാണ് അന്വേഷണവും റെയ്ഡും നടന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണ് ഇപ്പോള്‍ ഇഡി പറയുന്നത്. എക്‌സാലോജികിന് ലഭിച്ച പണം സേവനത്തിനുള്ള പ്രതിഫലമല്ല, മുഖ്യമന്ത്രിയായ താന്‍ വഴിവിട്ട ആനുകൂല്യം നല്‍കിയതിനുള്ള കൈക്കൂലിയാണെന്നാണ് പുതിയ ഭാഷ്യം. ഇന്നലെ വരെ സിഎംആര്‍എല്‍ എന്ന കമ്പനിക്ക് നഷ്ടമുണ്ടാക്കിയ ഇടപാട് എന്നായിരുന്നെങ്കില്‍ അതേ ഇടപാട് കമ്പനിക്ക് ലഭിച്ച വഴിവിട്ട നേട്ടത്തിന്റെ പ്രതിഫലമെന്നാണ്. എവിടെയാണ് ഇഡി ഉറച്ചുനില്‍ക്കുന്നതെന്ന് അവര്‍ തന്നെ വ്യക്തമാക്കണമെന്ന് പിണറായി പറഞ്ഞു.

സിഎംആര്‍എല്ലിന് വഴിവിട്ട ആരോപണം നല്‍കിയെങ്കില്‍ സാധാരണ നിലയില്‍ കമ്പനിക്ക് നേട്ടമുണ്ടാകും. അതേ കമ്പനിക്ക് നഷ്ടമുണ്ടായെന്ന് മുന്‍പത്തെ കേസിന് അടിസ്ഥനമായി പറഞ്ഞിരിക്കുന്നു. ഇത്തരമൊരു വൈരുധ്യത്തിന് ഇഡി മറുപടി പറയണം, എന്തടിസ്ഥനത്തിലാണ് കൈക്കൂലി കേസ് ആയതെന്ന് അവര്‍ വ്യക്തമാക്കണം, താന്‍ മുഖ്യമന്ത്രിയായ കാലത്ത് സിഎംആര്‍എല്ലിന് വഴിവിട്ട ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല, അങ്ങനെ നല്‍കിയെന്ന് തെളിയിക്കുന്ന എന്തെങ്കിലും ഒരുരേഖ എവിടെയും ഹാജരാക്കിയിട്ടില്ല, എക്‌സാലോജിക്ക് പണംലഭിച്ച ആരോപണം നേരത്ത ഉന്നയിച്ചതാണ്. അതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്തതാണ്. അതില്‍ ഒരാള്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍ നാടന്‍ ആണെന്നും പിണറായി പറഞ്ഞു.

ആ ആരോപണങ്ങള്‍ വിജിലന്‍സ് കോടതി തള്ളി. പിന്നാലെ ഹൈക്കോടതിയും കേസ് എടുക്കാന്‍ സ്ഥാപിക്കുന്ന വസ്തുതകള്‍ ഇല്ലെന്ന് വ്യക്തമാക്കി ഹര്‍ജി തള്ളി. സംശയം മാത്രം അടിസ്ഥാനമാക്കി പൊതുപ്രവര്‍ത്തകനെതിരെ ക്രിമിനല്‍ അന്വേഷണം ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ അന്തസ്സിനും പൊതുജീവിതത്തിന് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഇവിടെയും അവസാനിച്ചില്ല. സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതിയും തയ്യാറായില്ല. മൂന്ന് കോടതികള്‍ പരിശോധിച്ച അതേ ആരോപണങ്ങള്‍ പുതിയ പേരിലും പുതിയ അന്വേഷണത്തിന്റെയും മറവില്‍ ഉയര്‍ത്തുന്നത് എന്തിനാണ്. പഴയ ആരോപണങ്ങളുടെ പുതിയ തിരക്കഥയാണ് ഇഡി ചെയ്യുന്നത്. നേരത്തെ ഉയര്‍ന്നുവന്നതും കോടതികളില്‍ അതിവിശദമായി പരിശോധിക്കപ്പെട്ടതുമായ ആരോപണങ്ങള്‍ പുതിയ രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കാനാണ് ഇഡി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ എന്തുവഴിവിട്ട സഹായമാണ് നല്‍കിയെന്ന അടിസ്ഥാനപരമായ ചോദ്യത്തിന് ഒരു മറുപടിയും ഇല്ല. കൈക്കൂലി എന്ന വാക്ക് ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ആവര്‍ത്തിക്കുന്നത് അന്വേഷണം അല്ല,നിയമനടപടിയും അല്ല. കോടതിയില്‍ നിലനില്‍ക്കാത്ത ആരോപണങ്ങളെ രാഷ്ട്രീയമായി പ്രചരിപ്പിക്കുന്നത് നിയമത്തിന്റെ സാധാരണയായ പ്രയോഗമല്ല.

ഇടപാടുകള്‍ വീണ സമ്മതിച്ചുവെന്ന ഇ.ഡി വാര്‍ത്ത പച്ചക്കള്ളമെന്ന് പിണറായി വിജയന്‍ പറഞ്ഞു. റെഡ് ബുക്കൊക്കെ ശുദ്ധനുണയാണ്. ഇ.ഡി മനസില്‍ കാണുന്നത് ഉടന്‍ വാര്‍ത്തയാകുന്നു. ഒന്നിലും സങ്കടമില്ല. എല്ലാം രാഷ്ട്രീയത്തിന്റ ഭാഗം. പാര്‍ട്ടിയുടെ ഭാഗമായതിനാലാണ് തകര്‍ക്കാന്‍ ശ്രമം. ഇ‍.ഡിയുടെ നീക്കം പ്രവചിക്കാനാകില്ല. എന്റെ സംശുദ്ധി ഇല്ലാതാക്കാൻ ഇത്തരം ആരോപണങ്ങൾക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇഡിയുടെ അന്വേഷണം തന്നിലേക്ക് എത്തിക്കാനാകുമോയെന്ന പരീക്ഷണത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കത്തെ കാണേണ്ടത്. മറ്റൊരുനിയമത്തിന്റെ മറവില്‍ പുതിയ ക്രിമില്‍ കേസ് സൃഷ്ടിക്കാനുള്ള ശ്രമമാണോ ഇപ്പോഴത്തെ നീക്കമെന്ന സംശയം സ്വാഭാവികമാണ്. അങ്ങനെ നോക്കുമ്പോള്‍ സ്വാഭാവിക അന്വേഷണത്തിന്റെ സ്വാഭാവിക തുടര്‍ച്ചയല്ല ഇത്. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ ദുരുപയോഗം ചെയ്യാന്‍ ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ അതേ രാഷ്ട്രീയായുധം ഉപയോഗിക്കപ്പെടുമ്പോള്‍ അവര്‍ എന്തുനിലാപാട് ആണ് സ്വീകരിക്കുന്നതെന്നും പിണറായി ചോദിച്ചു

Opposition Leader Pinarayi Vijayan says ED's actions are politically motivated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുതും വലുതുമായ നൂറുകണക്കിന് ഗണപതിമാര്‍; കരവിരുതുമായി ശില്‍പ്പി ലക്ഷ്മീശ ആചാര്യ, വിനായക ചതുര്‍ഥിയുടെ ആരവങ്ങള്‍ക്കിടെ ഒരു കാഴ്ച

നൂറ് രൂപ കൈയില്‍ ഉണ്ടോ?, കെഎസ്എഫ്ഇയുടെ സുഗമ നിക്ഷേപ പദ്ധതിയില്‍ ഇടാം; ചിട്ടിയുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍

ട്രാന്‍സ്‌ഫോമറിന് കപ്പാസിറ്റി ഇല്ലേ? എന്തുകൊണ്ട് ഹൈബ്രിഡ് സോളാര്‍ വയ്ക്കണം, ഇക്കാര്യങ്ങള്‍ അറിയാം

'അസിൻ എന്നൊരു ടാ​ഗ് ആദ്യ സിനിമ ഇറങ്ങിയപ്പോൾ തന്നെ എനിക്ക് വന്നു; കുറേ സിനിമകൾ അങ്ങനെ പോയി'

രണ്ടുലക്ഷം രൂപ കൈയില്‍ ഉണ്ടോ?, ഒരു വര്‍ഷം കഴിഞ്ഞ് അത്യാവശ്യമുണ്ടോ?; കെഎസ്എഫ്ഇയാണോ ബാങ്കുകളാണോ മെച്ചം? താരതമ്യം