തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശുപാര്‍ശ നല്‍കിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തു വന്നത് നിയമസഭയില്‍ സബ്മിഷന് തൊട്ടുമുമ്പ്. ടിപി കേസ് ശിക്ഷാ ഇളവ് വിഷയം പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് നിയമസഭയില്‍ സബ്മിഷനായി വിഷയം ഉന്നയിച്ചത്. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. സബ്മിഷന്‍ നിയമസഭയില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ മുഖ്യമന്ത്രിയും സ്പീക്കറും നിയമസഭയില്‍ ഉണ്ടായിരുന്നില്ല.
13-6-2024 ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഔദ്യോഗിക കത്ത് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇതില്‍ 56 തടവുകാര്‍ക്ക് ശിക്ഷാ ഇളവിന് നടപടികള്‍ ആരംഭിക്കുകയാണെന്നും, അതിനാല്‍ അവരുടെ പ്രൊബേഷന്‍ റിപ്പോര്‍ട്ട്, കുറ്റകൃത്യത്തിന് ഇരയായവരുടെ ബന്ധുക്കളുടെ റിപ്പോര്‍ട്ട് തുടങ്ങിയവ സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ ടിപി കേസ് പ്രതികളും ഉള്‍പ്പെട്ടിരുന്നു. പ്രതികള്‍ക്ക് ഇളവ് നല്‍കാനുള്ള ഗൂഢാലോചന 2022 ല്‍ തന്നെ സര്‍ക്കാര്‍ ആരംഭിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒരാളുടെ ശിക്ഷാ കാലയളവിന്റെ മൂന്നിലൊന്നില്‍ താഴെ മാത്രമേ, പരോള്‍, ശിക്ഷാ ഇളവ് ഇതെല്ലാം കണക്കാക്കി നല്‍കാന്‍ പാടുള്ളൂ എന്നാണ് ചട്ടം. എന്നാല്‍ ടിപി കൊലക്കേസ് പ്രതികള്‍ മിക്കവാറും സമയത്തും പുറത്താണ്. മിക്കപ്പോഴും പരോളിലാണ്. മൊത്തം ശിക്ഷാ കാലയളവിന്റെ മൂന്നിലൊന്നില്‍ കൂടുതല്‍ കാലം അവര്‍ ജയിലിന് പുറത്തായിരുന്നു. ഇനി ശിക്ഷാ ഇളവ് നല്‍കാന്‍ ചട്ടം അനുവദിക്കുന്നില്ല. അതിനാല്‍ പ്രിസണ്‍ ആക്ടിലെ ചട്ടം സര്‍ക്കാര്‍ എടുത്തു കളയുകയായിരുന്നു. സഭ പാസ്സാക്കിയ പ്രൊവിഷന്‍, സഭ അറിയാതെ റദ്ദാക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ശിക്ഷാ ഇളവിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയം അഭ്യൂഹം ആണെന്നാണ് മറുപടി പറഞ്ഞത്. ജയില്‍ സൂപ്രണ്ട് പൊലീസ് കമ്മീഷണര്‍ക്ക് അയച്ച കത്ത് അഭ്യൂഹം ആകുന്നതെങ്ങനെയെന്ന് വിഡി സതീശന്‍ ചോദിച്ചു. മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവര്‍ക്ക് വേണ്ടി കഴിഞ്ഞയാഴ്ച പൊലീസ് കെ കെ രമയുടെ മൊഴി എടുത്തിരുന്നു. ഇതു കൂടാതെ ട്രൗസര്‍ മനോജിന് ശിക്ഷാ ഇളവിന് വേണ്ടി ഇന്നലെ വൈകീട്ട് കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും കെ കെ രമയുടെ മൊഴിയും എടുത്തു. എന്നിട്ടും അഭ്യൂഹമെന്ന് പറയാന്‍ നാണമുണ്ടോ നിങ്ങള്‍ക്കെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഭരണപക്ഷത്തോട് ചോദിച്ചു.
പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ ഭരണ പക്ഷം ബഹളം വെച്ചപ്പോള്‍ സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ഭരണപക്ഷത്തെ ശാസിച്ചു. സബ്മിഷനില്‍ പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ നിങ്ങള്‍ ബഹളം ഉണ്ടാക്കേണ്ടതില്ലെന്ന് ചെയര്‍ റൂളിങ് നല്‍കി. ഒരു കാരണവശാലും ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കില്ലെന്ന് സര്‍ക്കാര്‍ നിയമസഭയ്ക്ക് ഉറപ്പു നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് വിവിധ ജയിലുകളില്‍ കിടക്കുന്ന തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എംബി രാജേഷ് മറുപടി നല്‍കി. ശിക്ഷാ ഇളവു നല്‍കാന്‍ പരിഗണിക്കേണ്ട തടവുകാരുടെ പട്ടിക ജയില്‍മേധാവി സര്‍ക്കാരിന് നല്‍കി. ഈ പട്ടികയില്‍ അനര്‍ഹര്‍ ഉണ്ടെന്ന് കണ്ടെത്തിയതിനാല്‍, മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പുതുക്കിയ പട്ടിക നല്‍കാന്‍ ജയില്‍ മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രത്യേക ഇളവ് അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് അര്‍ഹതയില്ലെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.
ടിപി കേസിലെ മൂന്നു പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം വിവാദമായതിന് പിന്നാലെയാണ് മറ്റൊരു പ്രതിക്ക് കൂടി ശിക്ഷാ ഇളവിന് നീക്കം നടന്നത്. ഇന്നലെ വൈകീട്ട് കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ടിപി കേസ് പ്രതി ട്രൗസര്‍ മനോജിന് ശിക്ഷാ ഇളവ് നല്‍കുന്നതില്‍ എതിര്‍പ്പുണ്ടോയെന്ന് കെ കെ രമ എംഎല്‍എയെ വിളിച്ച് ചോദിച്ചത്. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ടിപി കേസ് 11-ാം പ്രതിയുമാണ് മനോജ്. ടിപി കേസ് പ്രതികള്‍ക്കെതിരെ ശിക്ഷാ ഇളവിന് നീക്കം നടത്തുന്നുവെന്നത് അഭ്യൂഹം മാത്രമാണെന്നാണ് സ്പീക്കര്‍ എഎന്‍ ഷംസീര്‍ നിയമസഭയില്‍ പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates